ഹന്നാ ഇങ്ങനെ പ്രാർഥിച്ചു: എന്റെ ഹൃദയം സർവേശ്വരനിൽ സന്തോഷിക്കുന്നു എന്റെ ശിരസ്സ് അവിടുന്ന് ഉയർത്തിയിരിക്കുന്നു എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു എന്തെന്നാൽ അവിടുത്തെ രക്ഷയിൽ ഞാൻ ആനന്ദിക്കുന്നു. സർവേശ്വരനെപ്പോലെ പരിശുദ്ധൻ മറ്റാരുമില്ല; അവിടുത്തെപ്പോലെ വേറാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു രക്ഷാശിലയുമില്ല. ഗർവോടെ ഇനി സംസാരിക്കരുത്; നിങ്ങളുടെ നാവിൽനിന്ന് അഹന്ത പുറപ്പെടാതിരിക്കട്ടെ; കാരണം, സർവേശ്വരൻ സർവജ്ഞനായ ദൈവം; അവിടുന്നു പ്രവൃത്തികളെ വിലയിരുത്തുന്നു. വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു; ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു. സുഭിക്ഷതയിൽ കഴിഞ്ഞിരുന്നവർ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു; വിശന്നിരുന്നവർ സംതൃപ്തരായിത്തീരുന്നു; വന്ധ്യ ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്ന നിരാലംബയായിത്തീരുന്നു. സർവേശ്വരൻ ജീവൻ എടുക്കുകയും ജീവൻ നല്‌കുകയും ചെയ്യുന്നു. പാതാളത്തിലേക്ക് ഇറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു. ദാരിദ്ര്യവും സമ്പന്നതയും സർവേശ്വരനാണു നല്‌കുന്നത്. താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നതും അവിടുന്നുതന്നെ. അവിടുന്നു ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു, അഗതിയെ കുപ്പയിൽനിന്നു എഴുന്നേല്പിക്കുന്നു; അവരെ പ്രഭുക്കന്മാർക്കൊപ്പം ഇരുത്താനും അവർക്കു മാന്യസ്ഥാനങ്ങൾ നല്‌കാനും തന്നെ. ഭൂമിയുടെ അടിസ്ഥാനം സർവേശ്വരൻറേത്; ഭൂമിയെ അതിന്മേൽ അവിടുന്നു സ്ഥാപിച്ചിരിക്കുന്നു. തന്റെ വിശ്വസ്തരുടെ കാലടികൾ അവിടുന്നു കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ തള്ളപ്പെടുന്നു; കാരണം സ്വന്തശക്തിയാൽ ഒരുവനും പ്രബലനാകുകയില്ല. സർവേശ്വരനോടു മത്സരിക്കുന്നവർ തകർന്നു തരിപ്പണമാകുന്നു; അവർക്കെതിരെ ആകാശത്തുനിന്ന് അവിടുന്ന് ഇടിമുഴക്കുന്നു. സർവേശ്വരൻ ലോകത്തെ മുഴുവൻ ന്യായംവിധിക്കുന്നു; തന്റെ രാജാവിനെ അവിടുന്നു ശക്തനാക്കുന്നു; തന്റെ അഭിഷിക്തന്റെ ശിരസ്സ് ഉയരുമാറാക്കുന്നു. പിന്നീട് എല്‌ക്കാനാ രാമായിലുള്ള സ്വഭവനത്തിലേക്കു മടങ്ങിപ്പോയി; ബാലനായ ശമൂവേൽ പുരോഹിതനായ ഏലിയോടൊത്തു സർവേശ്വരനു ശുശ്രൂഷ ചെയ്തുവന്നു. ഏലിയുടെ പുത്രന്മാർ ദുർവൃത്തരും സർവേശ്വരനെ ആദരിക്കാത്തവരും ആയിരുന്നു. യാഗവസ്തുക്കളിൽ പുരോഹിതന്മാർക്ക് ജനത്തിൽനിന്നു ലഭിക്കേണ്ട വിഹിതത്തെ സംബന്ധിച്ച നിയമങ്ങൾ അവർ പാലിച്ചില്ല. യാഗം കഴിക്കുമ്പോൾ പുരോഹിതന്റെ ഭൃത്യൻ, ഒരു മുപ്പല്ലിയുമായി വന്ന് ചട്ടിയിലോ ഉരുളിയിലോ കലത്തിലോ കുട്ടകത്തിലോ കിടന്നു വേകുന്ന മാംസത്തിൽ മുപ്പല്ലി കുത്തിയിറക്കും. അതിൽ കിട്ടുന്ന മാംസം മുഴുവൻ പുരോഹിതൻ എടുക്കും. യാഗാർപ്പണത്തിനുവേണ്ടി ശീലോവിൽ എത്തുന്ന ഇസ്രായേല്യരോടെല്ലാം അവർ ഇപ്രകാരം പ്രവർത്തിച്ചിരുന്നു. കൂടാതെ മേദസ്സ് ദഹിപ്പിക്കുന്നതിനുമുമ്പ് പുരോഹിതന്റെ ഭൃത്യൻ യാഗം കഴിക്കുന്നവനോട്: “വറുക്കുന്നതിനു മാംസം തരണം; വേവിച്ച മാംസം പുരോഹിതൻ സ്വീകരിക്കുകയില്ല” എന്നു പറയും. “ആദ്യം മേദസ്സ് ദഹിപ്പിക്കട്ടെ; പിന്നീട് നിനക്ക് വേണ്ടിടത്തോളം എടുക്കാം” എന്നു യാഗമർപ്പിക്കുന്നവൻ പറഞ്ഞാൽ, “അങ്ങനെയല്ല ഇപ്പോൾത്തന്നെ തരണം; അല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു ഭൃത്യൻ പറയും. ഏലിയുടെ പുത്രന്മാരുടെ പാപം സർവേശ്വരന്റെ ദൃഷ്‍ടിയിൽ ഗുരുതരമായിരുന്നു. അത്രയ്‍ക്ക് അനാദരവാണ് സർവേശ്വരനുള്ള വഴിപാടിനോട് അവർ കാട്ടിയത്. ബാലനായ ശമൂവേൽ സർവേശ്വരന്റെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുവന്നു. അവൻ ചണനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ചിരുന്നു. വർഷംതോറും അവന്റെ അമ്മ ഒരു ചെറിയ അങ്കി ഉണ്ടാക്കി വാർഷികബലി അർപ്പിക്കാൻ ഭർത്താവിനോടൊത്തു പോകുമ്പോൾ അവനു കൊടുക്കുമായിരുന്നു. “സർവേശ്വരനു സമർപ്പിച്ച ഈ ബാലനു പകരം നിനക്കു വേറെ സന്താനങ്ങളെ ഇവളിലൂടെ നല്‌കട്ടെ” എന്ന് ഏലി എല്‌ക്കാനായെയും ഹന്നായെയും അനുഗ്രഹിക്കുകയും ചെയ്തുവന്നു. പിന്നീട് അവർ വീട്ടിലേക്കു മടങ്ങും. സർവേശ്വരൻ ഹന്നായെ അനുഗ്രഹിച്ചു; അവൾ പിന്നീടു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ബാലനായ ശമൂവേൽ സർവേശ്വരസന്നിധിയിൽ വളർന്നു. ഏലി വൃദ്ധനായി; തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോടു ചെയ്തിരുന്നതെല്ലാം അദ്ദേഹം കേട്ടു. തിരുസാന്നിധ്യ കൂടാരത്തിന്റെ വാതില്‌ക്കൽ ശുശ്രൂഷ ചെയ്യുന്ന സ്‍ത്രീകളോടൊത്ത് അവർ ശയിക്കുന്ന വിവരവും അറിഞ്ഞു. ഏലി അവരോടു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കുന്നതെന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെപ്പറ്റി ജനം പറയുന്നതു ഞാൻ കേട്ടിരിക്കുന്നു. എന്റെ മക്കളേ, മേലാൽ നിങ്ങൾ ഇങ്ങനെ പ്രവർത്തിക്കരുത്. നിങ്ങളെക്കുറിച്ചു ദൈവജനം പറഞ്ഞു കേൾക്കുന്ന കാര്യങ്ങൾ ഒട്ടും നല്ലതല്ല. മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ ദൈവം അവനുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരുവൻ സർവേശ്വരനോടു പാപം ചെയ്താൽ അവനുവേണ്ടി ആര് മധ്യസ്ഥത വഹിക്കും?” സർവേശ്വരൻ അവരെ നശിപ്പിക്കാൻ നിശ്ചയിച്ചിരുന്നതുകൊണ്ടു പിതാവിന്റെ ഉപദേശം അവർ ശ്രദ്ധിച്ചില്ല. ബാലനായ ശമൂവേൽ ദൈവത്തിനും മനുഷ്യർക്കും പ്രിയങ്കരനായി വളർന്നുവന്നു.
1 SAMUELA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 SAMUELA 2:1-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ