1 രാജാക്കന്മാർ 8:1-11

1 രാജാക്കന്മാർ 8:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ നിന്നു കൊണ്ടുവരേണ്ടതിനു ശലോമോൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോൻരാജാവിന്റെ അടുക്കൽ കൂട്ടിവരുത്തി. യിസ്രായേൽപുരുഷന്മാരൊക്കെയും ഏഴാം മാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തിൽ ശലോമോൻരാജാവിന്റെ അടുക്കൽ വന്നുകൂടി. യിസ്രായേൽമൂപ്പന്മാരൊക്കെയും വന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. അവർ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നത്. ശലോമോൻരാജാവും അവന്റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭയൊക്കെയും അവനോടുകൂടെ പെട്ടകത്തിനു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗം കഴിച്ചു. പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്ത്, ആലയത്തിലെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, കെരൂബുകളുടെ ചിറകിൻകീഴെ കൊണ്ടുചെന്നു വച്ചു. കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിനു മീതെ ചിറകു വിരിച്ച് പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടി നിന്നു. തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽനിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെയും അവിടെ ഇരിക്കുന്നു. യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോറേബിൽവച്ച് അതിൽ വച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല; പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു. യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.

1 രാജാക്കന്മാർ 8:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരാൻ ശലോമോൻ ഇസ്രായേൽജനനേതാക്കളെയും ഗോത്രത്തലവന്മാരെയും പിതൃഭവനത്തലവന്മാരെയും യെരൂശലേമിൽ തന്റെ അടുക്കൽ വിളിച്ചുകൂട്ടി. ഏഴാം മാസമായ ഏഥാനീമിലെ പെരുന്നാളിന് അവരെല്ലാം ഒന്നിച്ചുകൂടി. ഇസ്രായേലിലെ നേതാക്കന്മാർ സമ്മേളിച്ചപ്പോൾ പുരോഹിതന്മാർ ഉടമ്പടിപ്പെട്ടകം എടുത്തു. പുരോഹിതന്മാരും ലേവ്യരും ചേർന്നു സർവേശ്വരന്റെ പെട്ടകവും തിരുസാന്നിധ്യകൂടാരവും കൂടാരത്തിലെ വിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നു. ശലോമോൻരാജാവും അവിടെ വന്നുകൂടിയ ഇസ്രായേൽനേതാക്കന്മാരും ചേർന്നു പെട്ടകത്തിനു മുമ്പിൽ അസംഖ്യം ആടുകളെയും കാളകളെയും യാഗമർപ്പിച്ചു. പുരോഹിതന്മാർ പെട്ടകം ചുമന്നു ദേവാലയത്തിന്റെ അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്നു കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ വച്ചു. പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനില്‌ക്കത്തക്കവിധം കെരൂബുകൾ പെട്ടകത്തിന്റെ മീതെ ചിറകുകൾ വിരിച്ചു നിന്നു; തണ്ടുകൾ നീണ്ടുനിന്നിരുന്നതുകൊണ്ട് അന്തർമന്ദിരത്തിന്റെ മുമ്പിൽ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ അവ കാണാമായിരുന്നു. വെളിയിൽനിന്ന് അവ ദൃശ്യമായിരുന്നില്ല. അവ ഇന്നും അവിടെയുണ്ട്. മോശ സീനായ്മലയിൽവച്ചു നിക്ഷേപിച്ച രണ്ടു കല്പലകകൾ അല്ലാതെ മറ്റൊന്നും അതിനുള്ളിൽ ഉണ്ടായിരുന്നില്ല. അവിടെവച്ചായിരുന്നു ഈജിപ്തിൽനിന്നു മോചിതരായി പോന്ന ഇസ്രായേൽജനങ്ങളുമായി സർവേശ്വരൻ ഉടമ്പടി ചെയ്തത്. പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്തുവന്നപ്പോൾ സർവേശ്വരമന്ദിരം മേഘംകൊണ്ടു നിറഞ്ഞു. സർവേശ്വരന്റെ തേജസ്സുനിമിത്തം പുരോഹിതന്മാർക്ക് അവിടെ നിന്നു ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞില്ല. മേഘം ആലയത്തിൽ നിറഞ്ഞുനിന്നിരുന്നു.

1 രാജാക്കന്മാർ 8:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്‍റെ നഗരത്തിൽ നിന്നു കൊണ്ടുവരുന്നതിനായി ശലോമോൻ യിസ്രായേൽ മൂപ്പന്മാരെയും ഗോത്രത്തലവന്മാരെയും യിസ്രായേൽ മക്കളുടെ പിതൃഭവനത്തലവന്മാരെയും യെരൂശലേമിൽ തന്‍റെ അടുക്കൽ കൂട്ടിവരുത്തി. അങ്ങനെ യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവത്തിന് ശലോമോൻരാജാവിന്‍റെ അടുക്കൽ ഒന്നിച്ചുകൂടി. യിസ്രായേൽമൂപ്പന്മാർ എല്ലാവരും വന്നുചേർന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം എടുത്തു. അവർ യഹോവയുടെ നിയമപെട്ടകവും സമാഗമനകൂടാരവും അതിലെ വിശുദ്ധ ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമായിരുന്നു അവയെ കൊണ്ടുവന്നത്. ശലോമോൻരാജാവും വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും പെട്ടകത്തിനു മുമ്പിൽ എണ്ണി തിട്ടപ്പെടുത്തുവാൻ കഴിയാത്തവിധം അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു. അപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം ആലയത്തിലെ അന്തർമ്മന്ദിരത്തിൽ, അതിവിശുദ്ധസ്ഥലത്ത്, അതിന്‍റെ സ്ഥാനത്ത് കൊണ്ടുവന്ന്, കെരൂബുകളുടെ ചിറകിൻ കീഴെ വെച്ചു. കെരൂബുകൾ പെട്ടകത്തിന്‍റെ സ്ഥാനത്തിനു മീതെ ചിറകു വിരിച്ച് പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടിനിന്നു. അന്തർമ്മന്ദിരത്തിന്‍റെ മുമ്പിലുള്ള വിശുദ്ധസ്ഥലത്ത് നിന്നാൽ അഗ്രഭാഗങ്ങൾ കാണത്തക്കവിധം തണ്ടുകൾക്ക് നീളമുണ്ടായിരുന്നു; എങ്കിലും പുറത്തുനിന്നു കാണുവാൻ സാദ്ധ്യമായിരുന്നില്ല; അവ ഇന്നുവരെയും അവിടെ ഉണ്ട്. യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടശേഷം യഹോവ അവരോട് നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവച്ച് അതിൽ വച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നു പുറത്തു വന്നപ്പോൾ, മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു. യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ, ശുശ്രൂഷ ചെയ്യേണ്ടതിനു ആലയത്തിൽ നില്പാൻ മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.

1 രാജാക്കന്മാർ 8:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവരേണ്ടതിന്നു ശലോമോൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകലഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോൻരാജാവിന്റെ അടുക്കൽ കൂട്ടിവരുത്തി. യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തിൽ ശലോമോൻരാജാവിന്റെ അടുക്കൽ വന്നുകൂടി. യിസ്രായേൽമൂപ്പന്മാർ ഒക്കെയും വന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു. അവർ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നതു. ശലോമോൻരാജാവും അവന്റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്നു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗം കഴിച്ചു. പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു. കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു. തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽനിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെയും അവിടെ ഇരിക്കുന്നു. യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ചു അതിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല; പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു. യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.

1 രാജാക്കന്മാർ 8:1-11 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം, യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരുന്നതിനായി ശലോമോൻരാജാവ് ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും കുലത്തലവന്മാരെയും പിതൃഭവനനേതാക്കന്മാരെയും ജെറുശലേമിൽ തന്റെ സന്നിധിയിൽ വിളിച്ചുവരുത്തി. ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവദിവസങ്ങളിൽ ഇസ്രായേൽജനം മുഴുവനും ശലോമോൻരാജാവിന്റെ സന്നിധിയിൽ സമ്മേളിച്ചു. ഇസ്രായേൽ ഗോത്രത്തലവന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ പുരോഹിതന്മാർ പേടകം എടുത്തു. ലേവ്യരും പുരോഹിതന്മാരും ചേർന്നായിരുന്നു യഹോവയുടെ പേടകവും സമാഗമകൂടാരവും അതിലുള്ള സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നത്. എണ്ണുകയോ തിട്ടപ്പെടുത്തുകയോ ചെയ്യാൻ കഴിയാത്തവിധം ആടുകളെയും കാളകളെയും യാഗമായി അർപ്പിച്ചുകൊണ്ട് ശലോമോൻരാജാവും അദ്ദേഹത്തിന്റെ അടുക്കൽ വന്നെത്തിയ ഇസ്രായേൽജനം മുഴുവനും പേടകത്തിനുമുമ്പിൽ സന്നിഹിതരായിരുന്നു. അതിനുശേഷം, പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകം ദൈവാലയത്തിന്റെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, അതിനു നിശ്ചയിച്ചിരുന്ന സ്ഥാനത്തു, കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ പ്രതിഷ്ഠിച്ചു. കെരൂബുകൾ പേടകത്തിനു മുകളിൽ ചിറകുകൾ വിരിച്ച്, പേടകത്തെയും അതിന്റെ തണ്ടുകളെയും ആവരണംചെയ്തിരുന്നു. അന്തർമന്ദിരത്തിനു മുമ്പിലുള്ള വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ അഗ്രഭാഗങ്ങൾ കാണത്തക്കവിധം ഈ തണ്ടുകൾ നീളമുള്ളവയായിരുന്നു. എന്നാൽ, വിശുദ്ധസ്ഥലത്തിനു വെളിയിൽനിന്നു നോക്കിയാൽ അവ കാണാമായിരുന്നില്ല. അവ ഇന്നുവരെയും അവിടെയുണ്ട്. ഇസ്രായേൽജനം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുപോന്നശേഷം യഹോവ അവരുമായി ഹോരേബിൽവെച്ച് ഉടമ്പടി ചെയ്തപ്പോൾ മോശ പേടകത്തിനുള്ളിൽ നിക്ഷേപിച്ച രണ്ടു കൽപ്പലകകൾ അല്ലാതെ മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല. പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നും പുറത്തിറങ്ങിയപ്പോൾ യഹോവയുടെ ആലയം ഒരു മേഘംകൊണ്ടു നിറഞ്ഞു. യഹോവയുടെ തേജസ്സ് അവിടത്തെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട്, ശുശ്രൂഷചെയ്യേണ്ടതിന് ആലയത്തിൽ നിൽക്കാൻ, മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.