1 രാജാക്കന്മാർ 8:1-11

1 രാജാക്കന്മാർ 8:1-11 MCV

ഇതിനുശേഷം, യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരുന്നതിനായി ശലോമോൻരാജാവ് ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും കുലത്തലവന്മാരെയും പിതൃഭവനനേതാക്കന്മാരെയും ജെറുശലേമിൽ തന്റെ സന്നിധിയിൽ വിളിച്ചുവരുത്തി. ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവദിവസങ്ങളിൽ ഇസ്രായേൽജനം മുഴുവനും ശലോമോൻരാജാവിന്റെ സന്നിധിയിൽ സമ്മേളിച്ചു. ഇസ്രായേൽ ഗോത്രത്തലവന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ പുരോഹിതന്മാർ പേടകം എടുത്തു. ലേവ്യരും പുരോഹിതന്മാരും ചേർന്നായിരുന്നു യഹോവയുടെ പേടകവും സമാഗമകൂടാരവും അതിലുള്ള സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നത്. എണ്ണുകയോ തിട്ടപ്പെടുത്തുകയോ ചെയ്യാൻ കഴിയാത്തവിധം ആടുകളെയും കാളകളെയും യാഗമായി അർപ്പിച്ചുകൊണ്ട് ശലോമോൻരാജാവും അദ്ദേഹത്തിന്റെ അടുക്കൽ വന്നെത്തിയ ഇസ്രായേൽജനം മുഴുവനും പേടകത്തിനുമുമ്പിൽ സന്നിഹിതരായിരുന്നു. അതിനുശേഷം, പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകം ദൈവാലയത്തിന്റെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, അതിനു നിശ്ചയിച്ചിരുന്ന സ്ഥാനത്തു, കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ പ്രതിഷ്ഠിച്ചു. കെരൂബുകൾ പേടകത്തിനു മുകളിൽ ചിറകുകൾ വിരിച്ച്, പേടകത്തെയും അതിന്റെ തണ്ടുകളെയും ആവരണംചെയ്തിരുന്നു. അന്തർമന്ദിരത്തിനു മുമ്പിലുള്ള വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ അഗ്രഭാഗങ്ങൾ കാണത്തക്കവിധം ഈ തണ്ടുകൾ നീളമുള്ളവയായിരുന്നു. എന്നാൽ, വിശുദ്ധസ്ഥലത്തിനു വെളിയിൽനിന്നു നോക്കിയാൽ അവ കാണാമായിരുന്നില്ല. അവ ഇന്നുവരെയും അവിടെയുണ്ട്. ഇസ്രായേൽജനം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുപോന്നശേഷം യഹോവ അവരുമായി ഹോരേബിൽവെച്ച് ഉടമ്പടി ചെയ്തപ്പോൾ മോശ പേടകത്തിനുള്ളിൽ നിക്ഷേപിച്ച രണ്ടു കൽപ്പലകകൾ അല്ലാതെ മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല. പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നും പുറത്തിറങ്ങിയപ്പോൾ യഹോവയുടെ ആലയം ഒരു മേഘംകൊണ്ടു നിറഞ്ഞു. യഹോവയുടെ തേജസ്സ് അവിടത്തെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട്, ശുശ്രൂഷചെയ്യേണ്ടതിന് ആലയത്തിൽ നിൽക്കാൻ, മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.