1 രാജാക്കന്മാർ 18:20-40

1 രാജാക്കന്മാർ 18:20-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ ആഹാബ് എല്ലാ യിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കർമ്മേൽപർവതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി. അപ്പോൾ ഏലീയാവ് അടുത്തുചെന്നു സർവജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽ വയ്ക്കും? യഹോവ ദൈവമെങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. പിന്നെ ഏലീയാവ് ജനത്തോടു പറഞ്ഞത്: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളൂ; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്. ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കാം. നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവംതന്നെ ദൈവം എന്ന് ഇരിക്കട്ടെ; അതിനു ജനം എല്ലാം: അതു നല്ലവാക്ക് എന്ന് ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവ് ബാലിന്റെ പ്രവാചകന്മാരോട്: നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി: ബാലേ, ഉത്തരം അരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിനു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു. ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷേ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു. അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചു. ഉച്ചതിരിഞ്ഞിട്ട് ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല. അപ്പോൾ ഏലീയാവ്: എന്റെ അടുക്കൽ വരുവിൻ എന്നു സർവജനത്തോടും പറഞ്ഞു. സർവജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ലെടുത്തു, കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടുണ്ടാക്കി. പിന്നെ അവൻ വിറക് അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്മീതെ വച്ചു; നാലു തൊട്ടിയിൽ വെള്ളം നിറച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു. രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. വെള്ളം യാഗപീഠത്തിന്റെ ചുറ്റും ഒഴുകി; അവൻ തോട്ടിലും വെള്ളം നിറച്ചു. ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്ക് ഉത്തരം അരുളേണമേ; നീ ദൈവംതന്നെ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്ന് ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരം അരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ട് കവിണ്ണു വീണു: യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം എന്നു പറഞ്ഞു. ഏലീയാവ് അവരോട്: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുത് എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻതോട്ടിനരികെ കൊണ്ടുചെന്നു, അവിടെവച്ചു വെട്ടിക്കൊന്നുകളഞ്ഞു.

1 രാജാക്കന്മാർ 18:20-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങനെ ആഹാബ് ഇസ്രായേൽജനത്തെയും പ്രവാചകന്മാരെയും കർമ്മേൽമലയിൽ വിളിച്ചുകൂട്ടി. ഏലിയാ ജനത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “നിങ്ങൾ എത്രകാലം ഇരുതോണിയിൽ കാൽ വയ്‍ക്കും? സർവേശ്വരനാണു ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുക, അതല്ല ബാലാണ് ദൈവമെങ്കിൽ ബാലിനെ അനുഗമിക്കുക.” ജനം ഉത്തരമൊന്നും പറഞ്ഞില്ല. ഏലിയാ ജനത്തോടു വീണ്ടും പറഞ്ഞു: “സർവേശ്വരന്റെ പ്രവാചകന്മാരിൽ ഞാനൊരാൾ മാത്രമേ ശേഷിച്ചിട്ടുള്ളൂ. ബാലിന്റെ പ്രവാചകന്മാർ നാനൂറ്റി അമ്പതു പേരുണ്ട്. രണ്ടു കാളകളെ കൊണ്ടുവരിക; അവർ ഒന്നിനെ കഷണങ്ങളാക്കി തീ കത്തിക്കാതെ വിറകിന്മേൽ വയ്‍ക്കട്ടെ; മറ്റേതിനെ ഞാൻ ഒരുക്കി തീ കൊളുത്താതെ വിറകിന്മേൽ വയ്‍ക്കാം. ബാലിന്റെ പ്രവാചകന്മാർ അവരുടെ ദൈവത്തെ വിളിച്ചപേക്ഷിക്കട്ടെ; ഞാൻ സർവേശ്വരനോടു പ്രാർഥിക്കും. അഗ്നി അയച്ച് ഉത്തരമരുളുന്ന ദൈവമായിരിക്കും യഥാർഥ ദൈവം.” ഇതെല്ലാവർക്കും സമ്മതമായി. പിന്നീട് ഏലിയാ ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങൾതന്നെ ആദ്യം ഒരു കാളയെ ഒരുക്കിക്കൊള്ളുക; നിങ്ങൾ വളരെപ്പേരുണ്ടല്ലോ. പിന്നീട് നിങ്ങളുടെ ദൈവത്തോടു പ്രാർഥിക്കുക. വിറകിനു നിങ്ങൾ തീ കൊളുത്തരുത്.” അവർ കാളയെ ഒരുക്കി; പ്രഭാതംമുതൽ മധ്യാഹ്നംവരെ “ബാൽദേവാ, ഉത്തരമരുളിയാലും” എന്നു വിളിച്ചപേക്ഷിച്ചു. അവർ നിർമ്മിച്ച യാഗപീഠത്തിനു ചുറ്റും നൃത്തം ചെയ്തു; എങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ഉച്ചയായപ്പോൾ ഏലിയാ അവരെ പരിഹസിച്ചു പറഞ്ഞു: “ഉച്ചത്തിൽ വിളിക്കുക; ബാൽ ഒരു ദേവനാണല്ലോ; അയാൾ ധ്യാനനിരതനായിരിക്കും; ചിലപ്പോൾ ദിനചര്യ അനുഷ്ഠിക്കുകയായിരിക്കാം; അല്ലെങ്കിൽ യാത്രയിലാവാം; അതുമല്ലെങ്കിൽ ഉറങ്ങുകയായിരിക്കും; വിളിച്ചുണർത്തണം. “അവർ ഉച്ചത്തിൽ വിളിച്ചു; അതു മാത്രമല്ല അവരുടെ ആചാരമനുസരിച്ച് വാളും കുന്തവും കൊണ്ട് തങ്ങളെത്തന്നെ മുറിവേല്പിച്ചു രക്തം ഒഴുക്കാൻ തുടങ്ങി. ഉച്ചകഴിഞ്ഞു യാഗാർപ്പണ സമയംവരെ അവർ ഉന്മത്തരായി വിളിച്ചുകൊണ്ടിരുന്നു; എന്നിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. ആരും അവരുടെ പ്രാർഥന ശ്രദ്ധിച്ചില്ല. അപ്പോൾ ഏലിയാ ജനത്തോട് “എന്റെ അടുക്കൽ വരിക” എന്നു പറഞ്ഞു. അവർ അടുത്തു ചെന്നു. സർവേശ്വരന്റെ ഇടിഞ്ഞു കിടന്ന യാഗപീഠം ഏലിയാ നന്നാക്കി. നിന്റെ നാമം ഇനിയും ഇസ്രായേൽ എന്നായിരിക്കും എന്നു സർവേശ്വരൻ ആരെക്കുറിച്ച് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അദ്ദേഹം പന്ത്രണ്ടു കല്ലെടുത്തു. ആ കല്ലുകൾകൊണ്ട് അദ്ദേഹം സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു; അതിനു ചുറ്റും ഏകദേശം രണ്ടു സെയാ വിത്തിനുള്ള ചാലുണ്ടാക്കി. പിന്നീട് വിറക് അടുക്കി; കാളയെ കഷണങ്ങളാക്കി വിറകിന്മേൽ വച്ചു. അതിനുശേഷം നാലു തൊട്ടി വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കാൻ അവരോടു പറഞ്ഞു. വീണ്ടും അങ്ങനെ ചെയ്യാൻ ഏലിയാ പറഞ്ഞു. അവർ അങ്ങനെ ചെയ്തു; മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യാൻ കല്പിച്ചു. അവർ മൂന്നാം പ്രാവശ്യവും അങ്ങനെതന്നെ ചെയ്തു; വെള്ളം യാഗപീഠത്തിനു ചുറ്റും ഒഴുകി; ചാലിലും വെള്ളം നിറഞ്ഞു. യാഗാർപ്പണത്തിനുള്ള സമയമായപ്പോൾ ഏലിയാപ്രവാചകൻ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാർഥിച്ചു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവമാണെന്നും ഞാൻ അവിടുത്തെ ദാസനാണെന്നും സർവേശ്വരന്റെ കല്പന അനുസരിച്ചാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സർവേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നാണ് യഥാർഥ ദൈവം എന്നും ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവർ അറിയാൻ എനിക്ക് ഉത്തരമരുളണമേ.” ഉടനെ സർവേശ്വരന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലിൽ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി. ജനമെല്ലാം അതു കണ്ടപ്പോൾ സാഷ്ടാംഗം വീണു: “സർവേശ്വരാ, അങ്ങുതന്നെ ദൈവം, സർവേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു. ഏലിയാ അവരോടു പറഞ്ഞു: “ബാലിന്റെ പ്രവാചകന്മാരെയെല്ലാം പിടിക്കുവിൻ, അവരിൽ ഒരാൾപോലും രക്ഷപെടരുത്.” ജനം അവരെ പിടികൂടി; ഏലിയാ അവരെ കീശോൻ അരുവിക്ക് സമീപം കൊണ്ടുപോയി അവിടെവച്ചു കൊന്നുകളഞ്ഞു.

1 രാജാക്കന്മാർ 18:20-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അങ്ങനെ ആഹാബ് യിസ്രായേലിൽ എല്ലാം ആളയച്ചു, ആ പ്രവാചകന്മാരെ കർമ്മേൽപർവ്വതത്തിൽ കൂട്ടിവരുത്തി. അപ്പോൾ ഏലീയാവ് അടുത്തുചെന്നു സർവ്വജനത്തോടും: “നിങ്ങൾ എത്രത്തോളം അഭിപ്രായ സ്ഥിരതയില്ലാത്തവരായി രണ്ടു തോണിയിൽ കാൽ വയ്ക്കും? യഹോവ ദൈവം എങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ; ബാല്‍ എങ്കിലോ അവനെ പിൻപറ്റുവിൻ” എന്നു പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. പിന്നെ ഏലീയാവ് ജനത്തോടു പറഞ്ഞത്: “യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്‍റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്. ഞങ്ങൾക്കു രണ്ടു കാളകളെ തരുവിൻ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കാം. നിങ്ങൾ നിങ്ങളുടെ ദേവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവം തന്നെ ദൈവമായിരിക്കും.” അതിന് ജനം എല്ലാം: ‘അത് നല്ലകാര്യം തന്നെ’ എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവ് ബാലിന്‍റെ പ്രവാചകന്മാരോട്: “നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ” എന്നു പറഞ്ഞു. അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി: ‘ബാലേ, ഉത്തരമരുളേണമേ’ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്‍റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിനു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു. ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ തിരക്കിലായിരിക്കാം; അല്ലെങ്കിൽ ധ്യാനത്തിലോ, യാത്രയിലോ, ഉറക്കത്തിലോ ആയിരിക്കാം; അവനെ ഉണർത്തേണം” എന്നു പറഞ്ഞു. അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചു. മദ്ധ്യാഹ്നം കഴിഞ്ഞ് വൈകുന്നേരത്തെ യാഗം കഴിക്കുന്ന സമയംവരെ അവർ ഇതു തുടർന്നുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ പ്രതികരണമോ ഉണ്ടായില്ല. അപ്പോൾ ഏലീയാവ്: “എന്‍റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും” പറഞ്ഞു. സർവ്വജനവും അവന്‍റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; “നിനക്കു യിസ്രായേൽ എന്നു പേരാകും“ എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്‍റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ല് എടുത്തു; കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്‍റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടുണ്ടാക്കി. പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്മീതെ വച്ചു; “നാലു തൊട്ടിയിൽ വെള്ളം നിറച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ“ എന്നു പറഞ്ഞു. “രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ“ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്‍റെശേഷം: “മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ“ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. വെള്ളം യാഗപീഠത്തിന്‍റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറച്ചു. വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്തു, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, അവിടുന്നു യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങേയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങേയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെടുമാറാകട്ടെ. യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്നു തന്നെ ദൈവം എന്നും അവിടുന്നു തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്കു തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: “യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം” എന്നു പറഞ്ഞു. ഏലീയാവ് അവരോട്: “ബാലിന്‍റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത്” എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്നു അവിടെവച്ചു കൊന്നുകളഞ്ഞു.

1 രാജാക്കന്മാർ 18:20-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ ആഹാബ് എല്ലായിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കർമ്മേൽപർവ്വതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി. അപ്പോൾ ഏലീയാവു അടുത്തുചെന്നു സർവ്വജനത്തോടും: നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല. പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു. ഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വെക്കാം; നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം: അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടു: നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികംപേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു. ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു. അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു. ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല. അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു, കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടു ഉണ്ടാക്കി. പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻമീതെ വെച്ചു; നാലു തൊട്ടിയിൽ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു. രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു. ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു. ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.

1 രാജാക്കന്മാർ 18:20-40 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ, ആഹാബ് ഇസ്രായേലിലെല്ലാം കൽപ്പന പുറപ്പെടുവിച്ചു. സകലപ്രവാചകന്മാരെയും കർമേൽമലയിൽ സമ്മേളിപ്പിച്ചു. ഏലിയാവു ജനാവലിയുടെമുമ്പാകെ ചെന്നു ചോദിച്ചു: “നിങ്ങൾ എത്രകാലം ഇങ്ങനെ രണ്ട് ഊന്നുവടിയിലുമായി മുടന്തിനീങ്ങും? യഹോവ ആകുന്നു ദൈവം എങ്കിൽ അവിടത്തെ സേവിക്കുക! അല്ല, ബാലാണു ദൈവമെങ്കിൽ അവനെ സേവിക്കുക” എന്നു പറഞ്ഞു. എന്നാൽ, ജനം മറുപടിയായി ഒരു വാക്കുപോലും പറഞ്ഞില്ല. അപ്പോൾ, ഏലിയാവു വീണ്ടും ജനത്തോടു പറഞ്ഞു: “യഹോവയുടെ പ്രവാചകന്മാരിൽ ഞാൻ; അതേ, ഞാൻ ഒരുവൻമാത്രം ശേഷിച്ചിരിക്കുന്നു; എന്നാൽ, ബാലിന്റെ പ്രവാചകന്മാർ നാനൂറ്റിയമ്പതു പേരുണ്ടല്ലോ! ഞങ്ങൾക്കു രണ്ടു കാളകളെ തരിക; അവയിൽ ഒന്നിനെ അവർതന്നെ തെരഞ്ഞെടുത്ത് വെട്ടിനുറുക്കി വിറകിനുമീതേ വെക്കട്ടെ; പക്ഷേ, തീകൊളുത്തരുത്. മറ്റേ കാളയെ ഞാനും തയ്യാറാക്കി വിറകിനുമീതേ വെച്ചു തീകൊളുത്താതെയിരിക്കാം. പിന്നെ, നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തിൽ പ്രാർഥിക്കുക; ഞാനോ യഹോവയുടെ നാമത്തിൽ പ്രാർഥിക്കാം. അഗ്നി അയച്ച് ഉത്തരംനൽകുന്ന ദൈവംതന്നെ യഥാർഥ ദൈവമെന്ന് നമുക്ക് തീരുമാനിക്കാം.” “അങ്ങു പറഞ്ഞതു നല്ല കാര്യം,” എന്നു സകലജനവും മറുപടി പറഞ്ഞു. ഏലിയാവു ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങൾ അനേകംപേരുണ്ടല്ലോ, അതുകൊണ്ട് കാളകളിൽ ഒന്നിനെ നിങ്ങൾതന്നെ ആദ്യം തെരഞ്ഞെടുത്ത് തയ്യാറാക്കുക! എന്നിട്ട്, നിങ്ങളുടെ ദേവന്റെ നാമം വിളിച്ചു പ്രാർഥിക്കുക! എന്നാൽ, അതിനു തീകൊളുത്തരുത്.” അങ്ങനെ, ബാലിന്റെ പ്രവാചകർ തങ്ങൾക്കു ലഭിച്ച കാളയെ ഒരുക്കി. “ബാലേ, ഞങ്ങൾക്ക് ഉത്തരമരുളണമേ!” എന്ന് അവർ പ്രഭാതംമുതൽ മധ്യാഹ്നംവരെ ബാലിന്റെ നാമം വിളിച്ചു പ്രാർഥിച്ചു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരുടെയും ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. അവർ, തങ്ങൾ നിർമിച്ച ബലിപീഠത്തിനുചുറ്റും തുള്ളിച്ചാടിക്കൊണ്ടിരുന്നു. മധ്യാഹ്നമായപ്പോൾ ഏലിയാവ് അവരെ പരിഹസിച്ചു: “നിങ്ങൾ കൂടുതൽ ഉച്ചത്തിൽ വിളിക്കുക, അവനൊരു ദേവനല്ലേ? ഒരുപക്ഷേ, അവൻ പകൽക്കിനാവു കാണുകയായിരിക്കാം; അല്ലെങ്കിൽ വിസർജനത്തിനു പോയിരിക്കാം; അല്ലെങ്കിൽ യാത്രയിലായിരിക്കാം. ഒരുപക്ഷേ, ഉറങ്ങുകയാണെന്നും വരാം; എങ്കിൽ, അവനെ ഉണർത്തണം.” അവർ അത്യുച്ചത്തിൽ ആർത്തുവിളിച്ചു. തങ്ങളുടെ ആചാരപ്രകാരം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു രക്തമൊഴുക്കി. മധ്യാഹ്നം കഴിഞ്ഞു: സായാഹ്നബലിയുടെ സമയംവരെയും അവർ ഉന്മാദാവസ്ഥയിൽ ജല്പനം തുടർന്നുകൊണ്ടിരുന്നു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരും ഉത്തരം നൽകിയില്ല; അവരുടെ വാക്കുകൾ കേൾക്കാൻ ആരും ഉണ്ടായതുമില്ല. പിന്നെ, ഏലിയാവ്: “ഇവിടെ, എന്റെ അടുത്തുവരിക” എന്നു ജനത്തോടു പറഞ്ഞു. അവർ അദ്ദേഹത്തിന്റെ അടുക്കലേക്കു നീങ്ങി. ഇതിനിടയിൽ, തകർക്കപ്പെട്ടുകിടന്നിരുന്ന യഹോവയുടെ യാഗപീഠം അദ്ദേഹം പുനർനിർമിച്ചു. “നിന്റെ നാമം ഇസ്രായേൽ എന്നായിരിക്കും” എന്ന് യഹോവയുടെ വാഗ്ദാനം ലഭിച്ച യാക്കോബിന്റെ പിൻഗാമികളായ പുത്രന്മാരിൽനിന്ന് ഉത്ഭവിച്ച ഓരോ ഗോത്രത്തിനും ഓരോ കല്ല് എന്ന പ്രകാരം ഏലിയാവ് പന്ത്രണ്ടു കല്ലെടുത്തു. ആ കല്ലുകൾകൊണ്ട് അദ്ദേഹം യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം നിർമിച്ചു. അതിനുചുറ്റും രണ്ടുസേയാ വിത്ത് ഉൾക്കൊള്ളുന്ന വിസ്തൃതിയിൽ ഒരു കിടങ്ങും നിർമിച്ചു. അദ്ദേഹം യാഗപീഠത്തിൽ വിറകു നിരത്തി; കാളയെ കഷണങ്ങളാക്കി വിറകിനുമീതേ വെച്ചു. പിന്നെ, അദ്ദേഹം അവരോട്: “നാലു വലിയ തൊട്ടി നിറയെ വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കുക” എന്നു പറഞ്ഞു. “വീണ്ടും അങ്ങനെ ചെയ്യുക,” എന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു; അവർ വീണ്ടും അപ്രകാരംതന്നെ ചെയ്തു. “മൂന്നാമതും അങ്ങനെതന്നെ ചെയ്യുക,” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവർ മൂന്നാമതും അപ്രകാരംചെയ്തു. വെള്ളം യാഗപീഠത്തിനുചുറ്റും ഒഴുകി കിടങ്ങിൽ നിറഞ്ഞുനിന്നു. യാഗാർപ്പണത്തിനു സമയമായപ്പോൾ പ്രവാചകനായ ഏലിയാവ് യാഗപീഠത്തിനടുത്തേക്കു ചെന്ന്: “അബ്രാഹാം, യിസ്ഹാക്ക്, ഇസ്രായേൽ എന്നിവരുടെ ദൈവമായ യഹോവേ! ഇസ്രായേലിൽ അവിടന്നുമാത്രം ദൈവമെന്നും, അടിയൻ അവിടത്തെ ദാസനെന്നും, അവിടത്തെ കൽപ്പനയനുസരിച്ചാണ് അടിയൻ ഇതൊക്കെയും പ്രവർത്തിച്ചതെന്നും ഇന്നത്തെ ദിവസം വെളിപ്പെടുമാറാകട്ടെ! യഹോവേ, അടിയന് ഉത്തരമരുളണമേ! യഹോവയായ അവിടന്നാണ് ദൈവമെന്നും അവിടന്ന് അവരുടെ ഹൃദയം വീണ്ടും അങ്ങയിലേക്കു തിരിക്കുന്നെന്നും ഈ ജനം അറിയേണ്ടതിന് എനിക്കുത്തരമരുളണമേ” എന്നു പ്രാർഥിച്ചു. അപ്പോൾ, യഹോവയുടെ അഗ്നി ആകാശത്തുനിന്നിറങ്ങി യാഗവസ്തുവും വിറകും യാഗപീഠത്തിന്റെ കല്ലുകളും മണ്ണും ദഹിപ്പിച്ചുകളഞ്ഞു. ചുറ്റുമുള്ള കിടങ്ങിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. സകലജനവും ഇതു കണ്ടപ്പോൾ സാഷ്ടാംഗം വീണ്: “യഹോവയാകുന്നു ദൈവം! യഹോവയാകുന്നു ദൈവം!” എന്നു വിളിച്ചുപറഞ്ഞു. അപ്പോൾ, ഏലിയാവ് ജനത്തോടു: “ബാലിന്റെ പ്രവാചകന്മാരെ പിടിക്കുക! അവരിൽ ഒരുത്തരും രക്ഷപ്പെടരുത്!” എന്ന് ആജ്ഞാപിച്ചു. ജനം അവരെ പിടികൂടി. ഏലിയാവ് അവരെ കീശോൻ അരുവിക്കരികെ കൊണ്ടുവന്ന് അവിടെവെച്ചു വധിച്ചുകളഞ്ഞു.