അങ്ങനെ ആഹാബ് ഇസ്രായേൽജനത്തെയും പ്രവാചകന്മാരെയും കർമ്മേൽമലയിൽ വിളിച്ചുകൂട്ടി. ഏലിയാ ജനത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “നിങ്ങൾ എത്രകാലം ഇരുതോണിയിൽ കാൽ വയ്‍ക്കും? സർവേശ്വരനാണു ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുക, അതല്ല ബാലാണ് ദൈവമെങ്കിൽ ബാലിനെ അനുഗമിക്കുക.” ജനം ഉത്തരമൊന്നും പറഞ്ഞില്ല. ഏലിയാ ജനത്തോടു വീണ്ടും പറഞ്ഞു: “സർവേശ്വരന്റെ പ്രവാചകന്മാരിൽ ഞാനൊരാൾ മാത്രമേ ശേഷിച്ചിട്ടുള്ളൂ. ബാലിന്റെ പ്രവാചകന്മാർ നാനൂറ്റി അമ്പതു പേരുണ്ട്. രണ്ടു കാളകളെ കൊണ്ടുവരിക; അവർ ഒന്നിനെ കഷണങ്ങളാക്കി തീ കത്തിക്കാതെ വിറകിന്മേൽ വയ്‍ക്കട്ടെ; മറ്റേതിനെ ഞാൻ ഒരുക്കി തീ കൊളുത്താതെ വിറകിന്മേൽ വയ്‍ക്കാം. ബാലിന്റെ പ്രവാചകന്മാർ അവരുടെ ദൈവത്തെ വിളിച്ചപേക്ഷിക്കട്ടെ; ഞാൻ സർവേശ്വരനോടു പ്രാർഥിക്കും. അഗ്നി അയച്ച് ഉത്തരമരുളുന്ന ദൈവമായിരിക്കും യഥാർഥ ദൈവം.” ഇതെല്ലാവർക്കും സമ്മതമായി. പിന്നീട് ഏലിയാ ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങൾതന്നെ ആദ്യം ഒരു കാളയെ ഒരുക്കിക്കൊള്ളുക; നിങ്ങൾ വളരെപ്പേരുണ്ടല്ലോ. പിന്നീട് നിങ്ങളുടെ ദൈവത്തോടു പ്രാർഥിക്കുക. വിറകിനു നിങ്ങൾ തീ കൊളുത്തരുത്.” അവർ കാളയെ ഒരുക്കി; പ്രഭാതംമുതൽ മധ്യാഹ്നംവരെ “ബാൽദേവാ, ഉത്തരമരുളിയാലും” എന്നു വിളിച്ചപേക്ഷിച്ചു. അവർ നിർമ്മിച്ച യാഗപീഠത്തിനു ചുറ്റും നൃത്തം ചെയ്തു; എങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ഉച്ചയായപ്പോൾ ഏലിയാ അവരെ പരിഹസിച്ചു പറഞ്ഞു: “ഉച്ചത്തിൽ വിളിക്കുക; ബാൽ ഒരു ദേവനാണല്ലോ; അയാൾ ധ്യാനനിരതനായിരിക്കും; ചിലപ്പോൾ ദിനചര്യ അനുഷ്ഠിക്കുകയായിരിക്കാം; അല്ലെങ്കിൽ യാത്രയിലാവാം; അതുമല്ലെങ്കിൽ ഉറങ്ങുകയായിരിക്കും; വിളിച്ചുണർത്തണം. “അവർ ഉച്ചത്തിൽ വിളിച്ചു; അതു മാത്രമല്ല അവരുടെ ആചാരമനുസരിച്ച് വാളും കുന്തവും കൊണ്ട് തങ്ങളെത്തന്നെ മുറിവേല്പിച്ചു രക്തം ഒഴുക്കാൻ തുടങ്ങി. ഉച്ചകഴിഞ്ഞു യാഗാർപ്പണ സമയംവരെ അവർ ഉന്മത്തരായി വിളിച്ചുകൊണ്ടിരുന്നു; എന്നിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. ആരും അവരുടെ പ്രാർഥന ശ്രദ്ധിച്ചില്ല. അപ്പോൾ ഏലിയാ ജനത്തോട് “എന്റെ അടുക്കൽ വരിക” എന്നു പറഞ്ഞു. അവർ അടുത്തു ചെന്നു. സർവേശ്വരന്റെ ഇടിഞ്ഞു കിടന്ന യാഗപീഠം ഏലിയാ നന്നാക്കി. നിന്റെ നാമം ഇനിയും ഇസ്രായേൽ എന്നായിരിക്കും എന്നു സർവേശ്വരൻ ആരെക്കുറിച്ച് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അദ്ദേഹം പന്ത്രണ്ടു കല്ലെടുത്തു. ആ കല്ലുകൾകൊണ്ട് അദ്ദേഹം സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു; അതിനു ചുറ്റും ഏകദേശം രണ്ടു സെയാ വിത്തിനുള്ള ചാലുണ്ടാക്കി. പിന്നീട് വിറക് അടുക്കി; കാളയെ കഷണങ്ങളാക്കി വിറകിന്മേൽ വച്ചു. അതിനുശേഷം നാലു തൊട്ടി വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കാൻ അവരോടു പറഞ്ഞു. വീണ്ടും അങ്ങനെ ചെയ്യാൻ ഏലിയാ പറഞ്ഞു. അവർ അങ്ങനെ ചെയ്തു; മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യാൻ കല്പിച്ചു. അവർ മൂന്നാം പ്രാവശ്യവും അങ്ങനെതന്നെ ചെയ്തു; വെള്ളം യാഗപീഠത്തിനു ചുറ്റും ഒഴുകി; ചാലിലും വെള്ളം നിറഞ്ഞു. യാഗാർപ്പണത്തിനുള്ള സമയമായപ്പോൾ ഏലിയാപ്രവാചകൻ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാർഥിച്ചു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവമാണെന്നും ഞാൻ അവിടുത്തെ ദാസനാണെന്നും സർവേശ്വരന്റെ കല്പന അനുസരിച്ചാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സർവേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നാണ് യഥാർഥ ദൈവം എന്നും ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവർ അറിയാൻ എനിക്ക് ഉത്തരമരുളണമേ.” ഉടനെ സർവേശ്വരന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലിൽ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി. ജനമെല്ലാം അതു കണ്ടപ്പോൾ സാഷ്ടാംഗം വീണു: “സർവേശ്വരാ, അങ്ങുതന്നെ ദൈവം, സർവേശ്വരാ, അങ്ങുതന്നെ ദൈവം” എന്നു വിളിച്ചുപറഞ്ഞു. ഏലിയാ അവരോടു പറഞ്ഞു: “ബാലിന്റെ പ്രവാചകന്മാരെയെല്ലാം പിടിക്കുവിൻ, അവരിൽ ഒരാൾപോലും രക്ഷപെടരുത്.” ജനം അവരെ പിടികൂടി; ഏലിയാ അവരെ കീശോൻ അരുവിക്ക് സമീപം കൊണ്ടുപോയി അവിടെവച്ചു കൊന്നുകളഞ്ഞു.
1 LALTE 18 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 LALTE 18:20-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ