അങ്ങനെ ആഹാബ് യിസ്രായേലിൽ എല്ലാം ആളയച്ചു, ആ പ്രവാചകന്മാരെ കർമ്മേൽപർവ്വതത്തിൽ കൂട്ടിവരുത്തി. അപ്പോൾ ഏലീയാവ് അടുത്തുചെന്നു സർവ്വജനത്തോടും: “നിങ്ങൾ എത്രത്തോളം അഭിപ്രായ സ്ഥിരതയില്ലാത്തവരായി രണ്ടു തോണിയിൽ കാൽ വയ്ക്കും? യഹോവ ദൈവം എങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ; ബാല്‍ എങ്കിലോ അവനെ പിൻപറ്റുവിൻ” എന്നു പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. പിന്നെ ഏലീയാവ് ജനത്തോടു പറഞ്ഞത്: “യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്‍റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്. ഞങ്ങൾക്കു രണ്ടു കാളകളെ തരുവിൻ; ഒരു കാളയെ അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കാം. നിങ്ങൾ നിങ്ങളുടെ ദേവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവം തന്നെ ദൈവമായിരിക്കും.” അതിന് ജനം എല്ലാം: ‘അത് നല്ലകാര്യം തന്നെ’ എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവ് ബാലിന്‍റെ പ്രവാചകന്മാരോട്: “നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊൾവിൻ; നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ” എന്നു പറഞ്ഞു. അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി: ‘ബാലേ, ഉത്തരമരുളേണമേ’ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്‍റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിനു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു. ഉച്ചയായപ്പോൾ ഏലീയാവ് അവരെ പരിഹസിച്ചു: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ തിരക്കിലായിരിക്കാം; അല്ലെങ്കിൽ ധ്യാനത്തിലോ, യാത്രയിലോ, ഉറക്കത്തിലോ ആയിരിക്കാം; അവനെ ഉണർത്തേണം” എന്നു പറഞ്ഞു. അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചു. മദ്ധ്യാഹ്നം കഴിഞ്ഞ് വൈകുന്നേരത്തെ യാഗം കഴിക്കുന്ന സമയംവരെ അവർ ഇതു തുടർന്നുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ പ്രതികരണമോ ഉണ്ടായില്ല. അപ്പോൾ ഏലീയാവ്: “എന്‍റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും” പറഞ്ഞു. സർവ്വജനവും അവന്‍റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; “നിനക്കു യിസ്രായേൽ എന്നു പേരാകും“ എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്‍റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ല് എടുത്തു; കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്‍റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടുണ്ടാക്കി. പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്മീതെ വച്ചു; “നാലു തൊട്ടിയിൽ വെള്ളം നിറച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ“ എന്നു പറഞ്ഞു. “രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ“ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്‍റെശേഷം: “മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ“ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. വെള്ളം യാഗപീഠത്തിന്‍റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറച്ചു. വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്തു, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, അവിടുന്നു യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങേയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങേയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെടുമാറാകട്ടെ. യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്നു തന്നെ ദൈവം എന്നും അവിടുന്നു തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്കു തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: “യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം” എന്നു പറഞ്ഞു. ഏലീയാവ് അവരോട്: “ബാലിന്‍റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത്” എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്നു അവിടെവച്ചു കൊന്നുകളഞ്ഞു.
1 രാജാ. 18 വായിക്കുക
കേൾക്കുക 1 രാജാ. 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാ. 18:20-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ