1 രാജാക്കന്മാർ 15:9-15
1 രാജാക്കന്മാർ 15:9-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദായിൽ രാജാവായി. അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്കു മയഖാ എന്നു പേർ; അവൾ അബീശാലോമിന്റെ മകൾ ആയിരുന്നു. ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. അവൻ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകല വിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു. തന്റെ അമ്മയായ മയഖാ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോൻ തോട്ടിനരികെവച്ചു ചുട്ടുകളഞ്ഞു. എന്നാൽ പൂജാഗിരികൾക്കു നീക്കം വന്നില്ല. എങ്കിലും ആസായുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു. വെള്ളി, പൊന്ന്, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻതന്നെ നിവേദിച്ചതുമായ വസ്തുക്കളെ അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
1 രാജാക്കന്മാർ 15:9-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽരാജാവായ യെരോബെയാമിന്റെ വാഴ്ചയുടെ ഇരുപതാം വർഷം ആസാ യെഹൂദ്യയിൽ രാജാവായി. അദ്ദേഹം നാല്പത്തൊന്നു വർഷം യെരൂശലേമിൽ ഭരിച്ചു. അബ്ശാലോമിന്റെ പുത്രി മയഖാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആസാ സർവേശ്വരന് പ്രസാദകരമായി ജീവിച്ചു. ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായം അവസാനിപ്പിച്ചു; തന്റെ പിതാക്കന്മാർ നിർമ്മിച്ചിരുന്ന സകല വിഗ്രഹങ്ങളും ദേശത്തുനിന്നു നീക്കിക്കളഞ്ഞു. തന്റെ മാതാവായ മയഖാ അശേരാദേവിയുടെ മ്ലേച്ഛവിഗ്രഹം നിർമ്മിച്ചതിനാൽ അദ്ദേഹം അമ്മറാണി പദത്തിൽനിന്ന് അവരെ നീക്കുകയും വിഗ്രഹം തകർത്തു കിദ്രോൻതോട്ടിനരികെ വച്ചു ദഹിപ്പിക്കുകയും ചെയ്തു. എന്നാൽ പൂജാഗിരികൾ അദ്ദേഹം നശിപ്പിച്ചില്ല; എങ്കിലും ജീവിതകാലം മുഴുവൻ അദ്ദേഹം സർവേശ്വരനോടു വിശ്വസ്തത പുലർത്തി. താനും തന്റെ പിതാവും ദൈവത്തിനു പ്രതിഷ്ഠിച്ചിരുന്ന സ്വർണവും വെള്ളിയും പാത്രങ്ങളും ആസാ സർവേശ്വരന്റെ ആലയത്തിൽ കൊണ്ടുവന്നു.
1 രാജാക്കന്മാർ 15:9-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യിസ്രായേൽ രാജാവായ യൊരോബെയാമിന്‍റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി. അവൻ നാല്പത്തൊന്നു വര്‍ഷം യെരൂശലേമിൽ വാണു; അവന്‍റെ അമ്മക്കു മാഖാ എന്നു പേർ; അവൾ അബ്ശാലോമിന്‍റെ പുത്രി ആയിരുന്നു. ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു. അവൻ പുരുഷവേശ്യകളെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു. തന്‍റെ പിതാമഹിയായ മാഖാ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്തു നിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോൻ തോട്ടിന്നരികെ വച്ചു ചുട്ടുകളഞ്ഞു. എന്നാൽ പൂജാഗിരികൾക്കു നീക്കംവന്നില്ല. എങ്കിലും ആസായുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിൽ ഏകാഗ്രമായിരുന്നു. വെള്ളി, പൊന്ന്, മറ്റു ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ സ്വയം നിവേദിച്ചതുമായ വസ്തുക്കൾ, അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
1 രാജാക്കന്മാർ 15:9-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി. അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേർ; അവൾ അബിശാലോമിന്റെ മകൾ ആയിരുന്നു. ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. അവൻ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു. തന്റെ അമ്മയായ മയഖ അശേരെക്കു ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു അവൻ അവളെ രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോൻ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു. എന്നാൽ പൂജാഗിരികൾക്കു നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു. വെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
1 രാജാക്കന്മാർ 15:9-15 സമകാലിക മലയാളവിവർത്തനം (MCV)
ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാംവർഷം ആസാ യെഹൂദ്യയിൽ രാജഭരണമേറ്റു. അദ്ദേഹം ജെറുശലേമിൽ നാൽപ്പത്തിയൊന്നുവർഷം വാണരുളി. അദ്ദേഹത്തിന്റെ വലിയമ്മയുടെ പേര് മയഖാ എന്നായിരുന്നു. അവൾ അബീശാലോമിന്റെ മകളായിരുന്നു. തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആസാ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതു പ്രവർത്തിച്ചു. ക്ഷേത്രങ്ങളെ ആസ്ഥാനമാക്കി നിലനിന്നിരുന്ന പുരുഷവേശ്യകളെ അദ്ദേഹം ദേശത്തുനിന്നു നിഷ്കാസനംചെയ്തു; തന്റെ പൂർവികർ നിർമിച്ച സകലവിഗ്രഹങ്ങളെയും അദ്ദേഹം നിർമാർജനംചെയ്തു. തന്റെ വലിയമ്മയായ മയഖാ അശേരാദേവിക്ക് ഒരു മ്ലേച്ഛവിഗ്രഹം നിർമിച്ചതിനാൽ ആസാ അവരെ രാജമാതാവിന്റെ പദവിയിൽനിന്നു നീക്കിക്കളഞ്ഞു. അദ്ദേഹം ആ പ്രതിമ വെട്ടിവീഴ്ത്തി, കിദ്രോൻതാഴ്വരയിൽ ഇട്ടു ചുട്ടുകളഞ്ഞു. ആസാരാജാവിന്റെ ജീവിതകാലംമുഴുവനും അദ്ദേഹത്തിന്റെ ഹൃദയം യഹോവയോടുള്ള ഭക്തിയിൽ ഏകാഗ്രമായിരുന്നെങ്കിലും, അദ്ദേഹം ക്ഷേത്രങ്ങൾ നശിപ്പിച്ചില്ല. താനും തന്റെ പിതാവും സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.