1 രാജാക്കന്മാർ 15:9-15

1 രാജാക്കന്മാർ 15:9-15 MCV

ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാംവർഷം ആസാ യെഹൂദ്യയിൽ രാജഭരണമേറ്റു. അദ്ദേഹം ജെറുശലേമിൽ നാൽപ്പത്തിയൊന്നുവർഷം വാണരുളി. അദ്ദേഹത്തിന്റെ വലിയമ്മയുടെ പേര് മയഖാ എന്നായിരുന്നു. അവൾ അബീശാലോമിന്റെ മകളായിരുന്നു. തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആസാ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതു പ്രവർത്തിച്ചു. ക്ഷേത്രങ്ങളെ ആസ്ഥാനമാക്കി നിലനിന്നിരുന്ന പുരുഷവേശ്യകളെ അദ്ദേഹം ദേശത്തുനിന്നു നിഷ്കാസനംചെയ്തു; തന്റെ പൂർവികർ നിർമിച്ച സകലവിഗ്രഹങ്ങളെയും അദ്ദേഹം നിർമാർജനംചെയ്തു. തന്റെ വലിയമ്മയായ മയഖാ അശേരാദേവിക്ക് ഒരു മ്ലേച്ഛവിഗ്രഹം നിർമിച്ചതിനാൽ ആസാ അവരെ രാജമാതാവിന്റെ പദവിയിൽനിന്നു നീക്കിക്കളഞ്ഞു. അദ്ദേഹം ആ പ്രതിമ വെട്ടിവീഴ്ത്തി, കിദ്രോൻതാഴ്വരയിൽ ഇട്ടു ചുട്ടുകളഞ്ഞു. ആസാരാജാവിന്റെ ജീവിതകാലംമുഴുവനും അദ്ദേഹത്തിന്റെ ഹൃദയം യഹോവയോടുള്ള ഭക്തിയിൽ ഏകാഗ്രമായിരുന്നെങ്കിലും, അദ്ദേഹം ക്ഷേത്രങ്ങൾ നശിപ്പിച്ചില്ല. താനും തന്റെ പിതാവും സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.