1 രാജാക്കന്മാർ 15

15
1നെബാത്തിന്റെ മകനായ യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാം യെഹൂദായിൽ വാണു തുടങ്ങി. 2അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് മയഖാ എന്നു പേർ; അവൾ അബീശാലോമിന്റെ മകൾ ആയിരുന്നു. 3തന്റെ അപ്പൻ മുമ്പേ ചെയ്തിരുന്ന സകല പാപങ്ങളിലും അവൻ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. 4എങ്കിലും ദാവീദിൻനിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയർത്തിയും യെരൂശലേമിനെ നിലനിർത്തിയുംകൊണ്ട് അവനു യെരൂശലേമിൽ ഒരു ദീപം നല്കി. 5ദാവീദ് യഹോവയ്ക്ക് പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ മാത്രമല്ലാതെ അവൻ തന്നോടു കല്പിച്ചതിൽ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല. 6രെഹബെയാമും യൊരോബെയാമും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. 7അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു. 8അബീയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവനു പകരം രാജാവായി.
9യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദായിൽ രാജാവായി. 10അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്കു മയഖാ എന്നു പേർ; അവൾ അബീശാലോമിന്റെ മകൾ ആയിരുന്നു. 11ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. 12അവൻ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകല വിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു. 13തന്റെ അമ്മയായ മയഖാ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവൻ അവളെ രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോൻ തോട്ടിനരികെവച്ചു ചുട്ടുകളഞ്ഞു. 14എന്നാൽ പൂജാഗിരികൾക്കു നീക്കം വന്നില്ല. എങ്കിലും ആസായുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു. 15വെള്ളി, പൊന്ന്, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻതന്നെ നിവേദിച്ചതുമായ വസ്തുക്കളെ അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു. 16ആസായും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. 17യിസ്രായേൽരാജാവായ ബയെശ യെഹൂദായുടെ നേരേ വന്നു, യെഹൂദാരാജാവായ ആസായുടെ അടുക്കൽ പോക്കുവരത്തിന് ആരെയും സമ്മതിക്കാതിരിക്കേണ്ടതിന് രാമായെ പണിതുറപ്പിച്ചു. 18അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കൈയിൽ ഏല്പിച്ചു; ആസാരാജാവ് ദമ്മേശെക്കിൽ പാർത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു: 19എനിക്കും നിനക്കും, എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽരാജാവായ ബയെശ എന്നെ വിട്ടുപോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു. 20ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ കേട്ടു, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരേ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖായും കിന്നെരോത്തു മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി. 21ബയെശ അതു കേട്ടപ്പോൾ രാമാ പണിയുന്നതു നിർത്തി തിർസ്സായിൽ തന്നെ പാർത്തു. 22ആസാരാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദായെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്നു ബയെശ പണിതുറപ്പിച്ച രാമായുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവ് അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പായും പണിതുറപ്പിച്ചു. 23ആസായുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും അവൻ പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർധക്യകാലത്ത് അവന്റെ കാലുകൾക്കു ദീനം പിടിച്ചു. 24ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവനു പകരം രാജാവായി.
25യെഹൂദാരാജാവായ ആസായുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലിൽ രാജാവായി; അവൻ രണ്ടു സംവത്സരം യിസ്രായേലിൽ വാണു. 26അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു. 27എന്നാൽ യിസ്സാഖാർഗോത്രക്കാരനായ അഹീയാവിന്റെ മകനായ ബയെശ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോനിൽവച്ച് അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു. 28ബയെശ അവനെ യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ കൊന്നു; അവനു പകരം രാജാവായി. 29അവൻ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശീലോന്യനായ അഹീയാവ് എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവൻ യൊരോബെയാമിനു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു. 30യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾ നിമിത്തവും അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതു നിമിത്തവുംതന്നെ. 31നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 32ആസായും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. 33യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശ എല്ലാ യിസ്രായേലിനും രാജാവായി തിർസ്സായിൽ ഇരുപത്തിനാല് സംവത്സരം വാണു. 34അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 രാജാക്കന്മാർ 15: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക