1 രാജാക്കന്മാർ 15:16-22
1 രാജാക്കന്മാർ 15:16-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആസായും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. യിസ്രായേൽരാജാവായ ബയെശ യെഹൂദായുടെ നേരേ വന്നു, യെഹൂദാരാജാവായ ആസായുടെ അടുക്കൽ പോക്കുവരത്തിന് ആരെയും സമ്മതിക്കാതിരിക്കേണ്ടതിന് രാമായെ പണിതുറപ്പിച്ചു. അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കൈയിൽ ഏല്പിച്ചു; ആസാരാജാവ് ദമ്മേശെക്കിൽ പാർത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു: എനിക്കും നിനക്കും, എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽരാജാവായ ബയെശ എന്നെ വിട്ടുപോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു. ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ കേട്ടു, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരേ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖായും കിന്നെരോത്തു മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി. ബയെശ അതു കേട്ടപ്പോൾ രാമാ പണിയുന്നതു നിർത്തി തിർസ്സായിൽ തന്നെ പാർത്തു. ആസാരാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദായെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്നു ബയെശ പണിതുറപ്പിച്ച രാമായുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവ് അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പായും പണിതുറപ്പിച്ചു.
1 രാജാക്കന്മാർ 15:16-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആസായും ഇസ്രായേൽരാജാവായ ബയെശയും തമ്മിൽ നിരന്തരം യുദ്ധം ചെയ്തുവന്നു; ബയെശ യെഹൂദായെ ആക്രമിച്ചു; ആസായും യെഹൂദ്യക്കു പുറത്തുള്ളവരും തമ്മിൽ ബന്ധപ്പെടാതിരിക്കുന്നതിനുവേണ്ടി ബയെശ രാമാപട്ടണം കോട്ട കെട്ടി ഉറപ്പിച്ചു. യെരൂശലേംദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ശേഷിച്ചിരുന്ന സ്വർണവും വെള്ളിയും ആസാ എടുത്തു ദമാസ്കസിൽ പാർത്തിരുന്ന ഹെസിയോന്റെ പൗത്രനും തബ്രിമ്മോന്റെ പുത്രനുമായ സിറിയൻ രാജാവ് ബെൻ-ഹദദിനു കൊടുത്തയച്ചിട്ടു പറഞ്ഞു: “നമ്മുടെ പിതാക്കന്മാർ ചെയ്തിരുന്നതുപോലെ നമുക്കും സഖ്യം ചെയ്യാം; അങ്ങേക്കു സമ്മാനമായി വെള്ളിയും പൊന്നും ഞാൻ കൊടുത്തയയ്‍ക്കുന്നു. ഇസ്രായേൽരാജാവായ ബയെശ എന്റെ രാജ്യത്തുനിന്നു പിന്മാറുന്നതിനുവേണ്ടി അയാളുമായുള്ള സഖ്യം വിഛേദിച്ചാലും.” ബെൻ-ഹദദ് യെഹൂദാരാജാവായ ആസായുടെ അപേക്ഷ കേട്ടു; തന്റെ സൈന്യാധിപന്മാരെ ഇസ്രായേലിനെതിരായി അയയ്‍ക്കുകയും ചെയ്തു. അവർ ഇയ്യോൻ, ദാൻ, ആബേൽ-ബേത്ത്-മയഖ, ഗലീലാതടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളും, നഫ്താലിദേശവും പിടിച്ചടക്കി. ബയെശ ഈ വിവരം കേട്ടപ്പോൾ രാമാ പട്ടണത്തിന്റെ പണി നിർത്തിവച്ച് തിർസ്സയിൽത്തന്നെ പാർത്തു. യെഹൂദാനിവാസികൾ ഒന്നൊഴിയാതെ ഒരുമിച്ചു കൂടുന്നതിന് ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി; അവർ ചെന്നു രാമാ പട്ടണം കോട്ട കെട്ടി ഉറപ്പിക്കാൻ ബയെശ സംഭരിച്ചിരുന്ന കല്ലും മരവും എടുത്തുകൊണ്ടുവന്നു. അവകൊണ്ട് ബെന്യാമീനിലെ ഗേബയും മിസ്പായും പണിതു.
1 രാജാക്കന്മാർ 15:16-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആസായും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. യിസ്രായേൽ രാജാവായ ബയെശാ യെഹൂദായുടെ നേരെ വന്നു, രാമയെ പണിതുറപ്പിച്ചു; യെഹൂദാ രാജാവായ ആസായുടെ അടുക്കലേക്കുള്ള പോക്കുവരവ് തടയുകയായിരുന്നു അവന്‍റെ ലക്ഷ്യം. അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരത്തിലെ വെള്ളിയും പൊന്നും എടുത്ത് തന്‍റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; അവൻ ദമാസ്കസിൽ പാർത്തിരുന്ന ഹെസ്യോന്‍റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാം രാജാവിന് അവയെ കൊടുത്തയച്ചു: “എന്‍റെ അപ്പനും നിന്റെ അപ്പനും തമ്മിൽ ഉണ്ടായിരുന്ന സഖ്യത പോലെ നമുക്കു തമ്മിലും ഒരു സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം” എന്നു പറയിച്ചു. ബെൻ-ഹദദ് ആസാ രാജാവിന്‍റെ അപേക്ഷ കേട്ടു, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മാഖായും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി. ബയെശാ അത് കേട്ടപ്പോൾ രാമാ പണിയുന്നത് നിർത്തലാക്കി, തിർസ്സയിൽ തന്നെ പാർത്തു. ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്നു ബയെശാ പണിത് ഉറപ്പിച്ചിരുന്ന രാമയുടെ കല്ലും മരവും എടുത്ത് കൊണ്ടുവന്നു; ആസാ രാജാവ് അവ കൊണ്ടു ബെന്യാമീനിലെ ഗിബയും മിസ്പയും പണിതുറപ്പിച്ചു.
1 രാജാക്കന്മാർ 15:16-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. യിസ്രായേൽരാജാവായ ബയെശാ യെഹൂദയുടെനേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കൽ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു. അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാവെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; ആസാരാജാവു ദമ്മേശെക്കിൽ പാർത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന്നു അവയെ കൊടുത്തയച്ചു: എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു. ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷകേട്ടു, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി. ബയെശാ അതു കേട്ടപ്പോൾ രാമാ പണിയുന്നതു നിർത്തി തിർസ്സയിൽ തന്നേ പാർത്തു. ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
1 രാജാക്കന്മാർ 15:16-22 സമകാലിക മലയാളവിവർത്തനം (MCV)
ആസായും ഇസ്രായേൽരാജാവായ ബയെശയുംതമ്മിൽ, അവരുടെ ഭരണകാലം മുഴുവനും യുദ്ധം ഉണ്ടായിരുന്നു. യെഹൂദാരാജാവായ ആസായുടെ പ്രദേശത്തുനിന്ന് ആരെങ്കിലും പുറത്തേക്കു പോകുകയോ അകത്തേക്കു വരികയോ ചെയ്യാതെയിരിക്കേണ്ടതിന് ഇസ്രായേൽരാജാവായ ബയെശാ യെഹൂദയ്ക്കെതിരേ വന്ന്, രാമായിൽ കോട്ടകെട്ടിയുറപ്പിച്ചു. അപ്പോൾ, ആസാ യഹോവയുടെ ആലയത്തിലെയും തന്റെ സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത് ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ഹെസ്യോന്റെ പുത്രനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയയ്ക്കേണ്ടതിനായി തന്റെ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ആസാ ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും സമ്മാനമായി കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!” ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ സ്വീകരിച്ചു. അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഇസ്രായേൽ നഗരങ്ങളിലേക്കയച്ചു. അവർ ഇസ്രായേൽദേശത്ത് ഈയോൻ, ദാൻ, ആബേൽ-ബേത്ത്-മാക്കാ എന്നിവയും; നഫ്താലി, കിന്നെരെത്ത് എന്നീ പ്രദേശങ്ങൾ മുഴുവനായും ആക്രമിച്ചു കീഴടക്കി. ബയെശാരാജാവ് ഇതു കേട്ടപ്പോൾ രാമായുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കി തിർസ്സയിലേക്കു പിൻവാങ്ങി. അതിനുശേഷം, ആസാരാജാവ് സകല യെഹൂദയ്ക്കുമായി ഒരു വിളംബരം പുറപ്പെടുവിച്ച് സകലരെയും വിളിച്ചുകൂട്ടി. ആരെയും ഒഴിവാക്കിയില്ല. അവർ, ബയെശാ നിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും രാമായിൽനിന്നു ചുമന്നുകൊണ്ടുപോയി. അതുപയോഗിച്ചാണ് ആസാരാജാവ് ബെന്യാമീനിലെ ഗേബായും മിസ്പാപട്ടണവും നിർമിച്ചത്.