ആസായും ഇസ്രായേൽരാജാവായ ബയെശയുംതമ്മിൽ, അവരുടെ ഭരണകാലം മുഴുവനും യുദ്ധം ഉണ്ടായിരുന്നു. യെഹൂദാരാജാവായ ആസായുടെ പ്രദേശത്തുനിന്ന് ആരെങ്കിലും പുറത്തേക്കു പോകുകയോ അകത്തേക്കു വരികയോ ചെയ്യാതെയിരിക്കേണ്ടതിന് ഇസ്രായേൽരാജാവായ ബയെശാ യെഹൂദയ്ക്കെതിരേ വന്ന്, രാമായിൽ കോട്ടകെട്ടിയുറപ്പിച്ചു. അപ്പോൾ, ആസാ യഹോവയുടെ ആലയത്തിലെയും തന്റെ സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത് ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ഹെസ്യോന്റെ പുത്രനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയയ്ക്കേണ്ടതിനായി തന്റെ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. ആസാ ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും സമ്മാനമായി കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!” ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ സ്വീകരിച്ചു. അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഇസ്രായേൽ നഗരങ്ങളിലേക്കയച്ചു. അവർ ഇസ്രായേൽദേശത്ത് ഈയോൻ, ദാൻ, ആബേൽ-ബേത്ത്-മാക്കാ എന്നിവയും; നഫ്താലി, കിന്നെരെത്ത് എന്നീ പ്രദേശങ്ങൾ മുഴുവനായും ആക്രമിച്ചു കീഴടക്കി. ബയെശാരാജാവ് ഇതു കേട്ടപ്പോൾ രാമായുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കി തിർസ്സയിലേക്കു പിൻവാങ്ങി. അതിനുശേഷം, ആസാരാജാവ് സകല യെഹൂദയ്ക്കുമായി ഒരു വിളംബരം പുറപ്പെടുവിച്ച് സകലരെയും വിളിച്ചുകൂട്ടി. ആരെയും ഒഴിവാക്കിയില്ല. അവർ, ബയെശാ നിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും രാമായിൽനിന്നു ചുമന്നുകൊണ്ടുപോയി. അതുപയോഗിച്ചാണ് ആസാരാജാവ് ബെന്യാമീനിലെ ഗേബായും മിസ്പാപട്ടണവും നിർമിച്ചത്.
1 രാജാക്കന്മാർ 15 വായിക്കുക
കേൾക്കുക 1 രാജാക്കന്മാർ 15
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാക്കന്മാർ 15:16-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ