1 കൊരിന്ത്യർ 7:20-40

1 കൊരിന്ത്യർ 7:20-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിന്റെ വിളി സ്വീകരിച്ചപ്പോൾ ഓരോ വ്യക്തിയും എങ്ങനെയിരുന്നുവോ, അങ്ങനെ തുടർന്നാൽ മതി. ദൈവം വിളിച്ചപ്പോൾ നീ അടിമയായിരുന്നുവോ? അതു കാര്യമാക്കേണ്ടതില്ല; എന്നാൽ സ്വതന്ത്രനാകാൻ അവസരം കിട്ടുന്നെങ്കിൽ അത് ഉപയോഗിച്ചുകൊള്ളുക. എന്തുകൊണ്ടെന്നാൽ കർത്താവു വിളിച്ച അടിമയെ അവിടുന്നു സ്വതന്ത്രനാക്കിയിരിക്കുന്നു; അതുപോലെതന്നെ ക്രിസ്തു വിളിച്ച ഒരു സ്വതന്ത്രൻ അവിടുത്തെ അടിമയാകുന്നു. ദൈവം വിലയ്‍ക്കു വാങ്ങിയവരാണു നിങ്ങൾ; അതുകൊണ്ട് നിങ്ങൾ മനുഷ്യരുടെ അടിമകളാകരുത്. എന്റെ സഹോദരരേ, ഏതവസ്ഥയിൽ നിങ്ങൾ ഓരോ വ്യക്തിയും വിളിക്കപ്പെട്ടുവോ, അതേ അവസ്ഥയിൽ ദൈവത്തോടു ചേർന്നു ജീവിച്ചുകൊള്ളുക. കന്യകമാരെപ്പറ്റി നിങ്ങൾ എഴുതിയിരുന്നുവല്ലോ; അതേ സംബന്ധിച്ചു കർത്താവിന്റെ ഒരു കല്പനയും എനിക്കു ലഭിച്ചിട്ടില്ല; എന്നാൽ കർത്താവിന്റെ കരുണയാൽ നിങ്ങൾക്കു വിശ്വാസിക്കാവുന്നവനെന്ന നിലയിൽ എന്റെ അഭിപ്രായം ഞാൻ പറയുന്നു: ഇപ്പോഴത്തെ ദുരിതം കണക്കിലെടുക്കുമ്പോൾ, ഒരു മനുഷ്യൻ താൻ ആയിരിക്കുന്ന അവസ്ഥയിൽ തുടരുന്നതാണ് അവന് ഏറെ നല്ലത് എന്ന് എനിക്കു തോന്നുന്നു. നീ വിവാഹിതനാണോ? എങ്കിൽ ആ ബന്ധം വേർപെടുത്തുവാൻ ശ്രമിക്കരുത്. നീ അവിവാഹിതനാണെങ്കിൽ ഭാര്യയെ അന്വേഷിക്കേണ്ടതില്ല. എന്നാൽ നീ വിവാഹം കഴിക്കുന്നെങ്കിൽ, നീ ചെയ്യുന്നത് പാപമല്ല; ഒരു കന്യക വിവാഹിതയാകുന്നെങ്കിലും, അവളും പാപം ചെയ്യുന്നില്ല. എങ്കിലും വിവാഹിതരുടെ ജീവിതത്തിലെ വിഷമതകൾ നിങ്ങൾക്കുണ്ടാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്റെ സഹോദരരേ, ഞാൻ പറയുന്നതിന്റെ സാരം ഇതാണ്: ഇനി അധികസമയം ശേഷിച്ചിട്ടില്ല. ഇനി വിവാഹിതർ വിവാഹം ചെയ്യാത്തവരെപ്പോലെയും, ദുഃഖിക്കുന്നവർ ദുഃഖിക്കാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷമില്ലാത്തവരെപ്പോലെയും, വിലയ്‍ക്കുവാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും, വ്യാപാരത്തിലേർപ്പെടുന്നവർ അതിൽ ഏർപ്പെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാൽ ഈ ലോകത്തിന്റെ വ്യവസ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ആകുലചിത്തരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരു മനുഷ്യൻ കർത്താവിന്റെ പ്രവർത്തനത്തിൽ തത്പരനാകുന്നു. എന്തെന്നാൽ കർത്താവിനെ സംപ്രീതനാക്കുവാൻ അയാൾ ശ്രമിക്കുന്നു. എന്നാൽ വിവാഹിതൻ തന്റെ ഭാര്യയെ പ്രീതിപ്പെടുത്തേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളിൽ തത്പരനാകുന്നു. അങ്ങനെ അയാൾ രണ്ടു ദിശകളിലേക്കു വലിക്കപ്പെടുന്നു; അതുപോലെതന്നെ അവിവാഹിതയായ സ്‍ത്രീ അഥവാ കന്യക കർത്താവിന്റെ പ്രവർത്തനത്തിൽ തത്പരയാകുന്നു. എന്തെന്നാൽ തന്റെ ശരീരവും ആത്മാവും ഈശ്വരാർപ്പിതമായിരിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു; എന്നാൽ ഭർത്തൃമതിയായ സ്‍ത്രീ ഭർത്താവിനെ പ്രസാദിപ്പിക്കേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളിൽ തത്പരയാകുന്നു. നിങ്ങളുടെമേൽ ഏതെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുവാനല്ല, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ് ഞാൻ ഇതു പറയുന്നത്. ശരിയായും ഉചിതമായുമുള്ള കാര്യങ്ങൾ ചെയ്യണമെന്നും നിങ്ങളെത്തന്നെ കർത്താവിന്റെ സേവനത്തിനു പൂർണമായി സമർപ്പിക്കണമെന്നുമത്രേ എന്റെ ആഗ്രഹം. വിവാഹനിശ്ചയം ചെയ്ത പുരുഷനും സ്‍ത്രീയും ദാമ്പത്യബന്ധം വേണ്ടെന്നു തീരുമാനിച്ചു എന്നിരിക്കട്ടെ. തന്റെ പ്രതിശ്രുതവധുവിനെ വിവാഹം ചെയ്യാതിരിക്കുന്നത് അനുചിതമാണെന്നും ഭോഗേച്ഛ ഉള്ളതുകൊണ്ട് അവർ തമ്മിൽ വിവാഹം ചെയ്യേണ്ടതാണെന്നും തോന്നുന്ന പക്ഷം അവർ വിവാഹം ചെയ്തുകൊള്ളട്ടെ. എന്നാൽ വിവാഹം ചെയ്യുന്നില്ലെന്നു സ്വമേധയാ ദൃഢനിശ്ചയം ചെയ്ത ഒരാൾക്ക് തികഞ്ഞ ആത്മസംയമനം ഉണ്ടെങ്കിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; അയാൾ വിവാഹം ചെയ്യേണ്ടതില്ല. വിവാഹം ചെയ്യുന്നതു നല്ലത്, ചെയ്യാതിരിക്കുന്നത് ഏറെ നല്ലത്. ഭർത്താവു ജീവിച്ചിരിക്കുന്നിടത്തോളം കാലം വിവാഹിതയായ ഒരു സ്‍ത്രീ സ്വതന്ത്രയല്ല; എന്നാൽ ഭർത്താവു മരിച്ചാൽ തനിക്കിഷ്ടമുള്ള മറ്റൊരുവനെ അവൾക്കു വേൾക്കാം, എന്നാൽ അയാൾ ഒരു ക്രിസ്ത്യാനി ആയിരിക്കണമെന്നു മാത്രം. അവൾ വിധവയായിത്തന്നെ ഇരിക്കുന്നെങ്കിൽ അതാണവൾക്കു കൂടുതൽ സൗഭാഗ്യകരം. അതാണ് എന്റെ അഭിപ്രായം. എനിക്കും ദൈവത്തിന്റെ ആത്മാവുണ്ടെന്നു ഞാൻ വിചാരിക്കുന്നു.

1 കൊരിന്ത്യർ 7:20-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽതന്നെ വസിച്ചുകൊള്ളട്ടെ. നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽതന്നെ ഇരുന്നുകൊൾക. ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെതന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു. നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുത്. സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽതന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ. കന്യകമാരെക്കുറിച്ച് എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാൻ തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു. ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെതന്നെ ഇരിക്കുന്നത് അവനു നന്ന് എന്ന് എനിക്കു തോന്നുന്നു. നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്. നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുത് എന്ന് എന്റെ ആഗ്രഹം. എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ. നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു കർത്താവിനുള്ളതു ചിന്തിക്കുന്നു. വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവൾക്കും കന്യകയ്ക്കും തമ്മിൽ വ്യത്യാസം ഉണ്ട്. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിനു കർത്താവിനുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു. ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായി വസിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്. എന്നാൽ ഒരുത്തൻ തന്റെ കന്യകയ്ക്കു പ്രായം കടന്നാൽ താൻ ചെയ്യുന്നത് അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ ദോഷം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ. എങ്കിലും നിർബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊൾവാൻ സ്വന്തഹൃദയത്തിൽ നിർണയിച്ചു എങ്കിൽ അവൻ ചെയ്യുന്നത് നന്ന്. അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്. ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിപ്പാൻ സ്വാതന്ത്ര്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ. എന്നാൽ അവൾ അങ്ങനെതന്നെ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്ന് എന്റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്നു തോന്നുന്നു.

1 കൊരിന്ത്യർ 7:20-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നെ നിലനിൽക്കട്ടെ. നീ ദാസനായിരിക്കുമ്പോൾ വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിൽ അതിൽത്തന്നെ ഇരുന്നുകൊള്ളുക. എന്തെന്നാൽ ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്‍റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്‍റെ ദാസനാകുന്നു. നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക് ദാസന്മാരാകരുത്. സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട അതേ സ്ഥിതിയിൽ തന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ. കന്യകമാരെക്കുറിച്ച് എനിക്ക് കർത്താവിന്‍റെ കല്പനയില്ല; എങ്കിലും കർത്താവ് തന്‍റെ കരുണയിൽ വിശ്വസ്തൻ ആക്കിയ ഞാൻ അഭിപ്രായം പറയുന്നു. ഇപ്പോഴത്തെ കഷ്ടത നിമിത്തം, മനുഷ്യൻ ആയിരിക്കുന്നതുപോലെ തന്നെ നിൽക്കുന്നത് അവനു നന്ന് എന്നു എനിക്ക് തോന്നുന്നു. നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്. എന്നാൽ നീ വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; കന്യകയും വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; എങ്കിലും വിവാഹിതർക്ക് ജഡത്തിൽ കഷ്ടത ഉണ്ടാകും; അത് നിങ്ങൾക്ക് വരരുത് എന്നു എന്‍റെ ആഗ്രഹം. എന്നാൽ സഹോദരന്മാരേ, ഒന്ന് ഞാൻ പറയുന്നു: സമയം വളരെ ചുരുക്കമാകുന്നു; ആകയാൽ ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും, കരയുന്നവർ കരയാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്ക് വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. എന്തെന്നാൽ ഈ ലോകത്തിന്‍റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ. നിങ്ങൾ ആകുലചിന്ത ഇല്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് കർത്താവിന്‍റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്‍റെ കാ‍ര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു. അവന്‍റെ താല്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു; വിവാഹം കഴിയാ‍ത്തവളോ കന്യകയോ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന് കർത്താവിന്‍റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്‍റെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നു. ഞാൻ ഇത് നിങ്ങളുടെമേൽ നിയന്ത്രണം ഇടുവാനല്ല, എന്നാൽ ഉചിതമായത് ചെയ്യുവാനും, നിങ്ങൾ ഏകാഗ്രതയോടെ കർത്താവിനെ സേവിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്. എന്നാൽ ഒരാൾ തന്‍റെ കന്യകയ്ക്ക് പ്രായം കടന്നു എന്നതിനാൽ, താൻ ചെയ്യുന്നത് അനുചിതം എന്നു വിചാരിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ പാപം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ. എങ്കിലും നിർബ്ബന്ധമില്ലാതെ തന്‍റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്‍റെ കന്യകയെ സൂക്ഷിച്ചുകൊള്ളുവാൻ സ്വന്തഹൃദയത്തിൽ തീരുമാനിച്ചു എങ്കിൽ അവൻ ചെയ്യുന്നത് നന്ന്. അങ്ങനെ ഒരുവൻ തന്‍റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്. ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു; ഭർത്താവ് മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ. എന്നാൽ അവൾ അങ്ങനെ തന്നെ ആയിരുന്നാൽ ഭാഗ്യമേറിയവൾ എന്നു എന്‍റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്നു തോന്നുന്നു.

1 കൊരിന്ത്യർ 7:20-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ വസിച്ചുകൊള്ളട്ടെ. നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽ തന്നേ ഇരുന്നുകൊൾക. ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു. നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുതു. സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ ദൈവസന്നിധിയിൽ വസിക്കട്ടെ. കന്യകമാരെക്കുറിച്ചു എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാന്തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു. ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു. നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു. നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം. എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ. നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായ് വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു. എന്നാൽ ഒരുത്തൻ തന്റെ കന്യകെക്കു പ്രായം കടന്നാൽ താൻ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ ദോഷം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ. എങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊൾവാൻ സ്വന്ത ഹൃദയത്തിൽ നിർണ്ണയിച്ചു എങ്കിൽ അവൻ ചെയ്യുന്നതു നന്നു. അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു. ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ര്യം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു. എന്നാൽ അവൾ അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.

1 കൊരിന്ത്യർ 7:20-40 സമകാലിക മലയാളവിവർത്തനം (MCV)

ഒരാളെ ദൈവം വിളിച്ചപ്പോൾ അയാൾ ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയിൽത്തന്നെ തുടരട്ടെ. കർത്താവ് നിന്നെ വിളിച്ചപ്പോൾ നീയൊരു അടിമയായിരുന്നോ? അതേക്കുറിച്ചു ദുഃഖിക്കരുത്; സ്വതന്ത്രനാകാൻ സാധ്യതയുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തുക. കർത്താവ് വിളിച്ചപ്പോൾ അടിമയായിരുന്നയാൾ കർത്താവിൽ സ്വതന്ത്രരാണ്. അതുപോലെതന്നെ, വിളിക്കപ്പെട്ടപ്പോൾ സ്വതന്ത്രരായിരുന്നവർ ക്രിസ്തുവിന്റെ അടിമകളാണ്. നിങ്ങൾ വിലകൊടുത്തു വാങ്ങപ്പെട്ടവരാണ് അതുകൊണ്ട് ഇനി മനുഷ്യരുടെ അടിമകളാകരുത്. സഹോദരങ്ങളേ, ഓരോരുത്തരും, വിളിക്കപ്പെട്ട അവസ്ഥയിൽ ദൈവത്തോടുള്ള കൂട്ടായ്മയിൽ നിലനിൽക്കേണ്ടതാണ്. ഇനി കന്യകമാരെക്കുറിച്ച്: കർത്താവിൽനിന്നുള്ള കൽപ്പന ഇക്കാര്യത്തിൽ എനിക്കു ലഭിച്ചിട്ടില്ല, എങ്കിലും കർത്താവിന്റെ കരുണനിമിത്തം വിശ്വാസയോഗ്യനായ ഞാൻ എന്റെ അഭിപ്രായം പറയുകയാണ്: ഇപ്പോഴത്തെ പ്രതിസന്ധി നിമിത്തം, നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ തുടരുന്നതാണു നല്ലതെന്ന് ഞാൻ കരുതുന്നു. നിനക്കൊരു ഭാര്യയുണ്ടെങ്കിൽ വിവാഹമോചനം അന്വേഷിക്കരുത്. നീ അവിവാഹിതനെങ്കിൽ വിവാഹംകഴിക്കാൻ മുതിരുകയുമരുത്. നീ വിവാഹംചെയ്യുന്നെങ്കിൽ അതു പാപമല്ല; കന്യക വിവാഹംകഴിക്കുന്നെങ്കിൽ അവളും പാപംചെയ്യുന്നില്ല. എന്നാൽ വിവാഹിതരാകുന്നവർക്ക് ഈ ജീവിതത്തിൽ നിരവധി ക്ലേശങ്ങൾ നേരിടേണ്ടിവരും. അവ നിങ്ങൾക്കുണ്ടാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. സഹോദരങ്ങളേ, ഇനി അൽപ്പകാലംമാത്രമേ അവശേഷിച്ചിട്ടുള്ളൂ എന്നു ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ. വിവാഹിതർ ഇനി അവിവാഹിതരെപ്പോലെയും; വിലപിക്കുന്നവർ വിലപിക്കാത്തവരെപ്പോലെയും; ആനന്ദിക്കുന്നവർ ആനന്ദിക്കാത്തവരെപ്പോലെയും; വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും; ഈ ലോകകാര്യങ്ങളിൽ വ്യാപൃതരാകുന്നവർ അവയിൽ മുഴുകിപ്പോകാത്തവരെപ്പോലെയും ജീവിക്കണം. കാരണം ഇക്കാണുന്ന രൂപത്തിലുള്ള ലോകം മാറിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ആകാംക്ഷാരഹിതരായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതൻ കർത്താവിനെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ച് കർത്തൃകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. വിവാഹിതനോ ഭാര്യയെ എങ്ങനെ ആനന്ദിപ്പിക്കാം എന്നുകരുതി ലൗകികകാര്യങ്ങളിൽ ആമഗ്നനാകുന്നു; അവന്റെ താത്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയും കന്യകയും ശരീരത്തിലും ആത്മാവിലും വിശുദ്ധരായിരിക്കാനായി കർത്താവിന്റെ കാര്യങ്ങളിൽ ആമഗ്നരാകുന്നു. എന്നാൽ വിവാഹിതയോ, ഭർത്താവിനെ ആനന്ദിപ്പിക്കാനായി ലൗകികകാര്യങ്ങളിലാണ് ആമഗ്നയാകുന്നത്. നിങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനല്ല, നിങ്ങളുടെ നന്മ ഉദ്ദേശിച്ചും കർത്താവിനോടുള്ള ഭക്തിയിൽ ഏകാഗ്രതയുള്ളവരായി യോഗ്യമായവിധം നിങ്ങൾ ജീവിക്കേണ്ടതിനുമാണ് ഞാൻ ഇതു സംസാരിക്കുന്നത്. വിവാഹനിശ്ചയം ചെയ്തതിനുശേഷം വിവാഹത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് അനൗചിത്യമെന്നും കന്യകയുടെ പ്രായം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നെന്നും അതുകൊണ്ട് വിവാഹം നടത്തുന്നതാണ് ഉചിതമെന്നും ഒരാൾക്കു തോന്നിയാൽ അയാൾ സ്വന്തം ഹിതമനുസരിച്ചു പ്രവർത്തിക്കട്ടെ! അവർ വിവാഹിതരാകട്ടെ, അതിൽ പാപമില്ല. എന്നാൽ പരപ്രേരണകൂടാതെ, പൂർണമായും സ്വന്തം ഹിതപ്രകാരം, ഒരാൾ തനിക്കു വിവാഹം നിശ്ചയിച്ചവൾ കന്യകയായി തുടരട്ടെ എന്നു ഹൃദയത്തിൽ തീരുമാനിക്കുന്നെങ്കിൽ അയാളും ഉചിതമായി പ്രവർത്തിക്കുന്നു. അങ്ങനെ, തന്റെ കന്യകയെ വിവാഹംകഴിക്കുന്നയാൾ യോഗ്യമായതു ചെയ്യുന്നു; എന്നാൽ വിവാഹംകഴിക്കാതിരിക്കുന്നതാണ് ഏറെ നല്ലത്. ഭർത്താവു ജീവിച്ചിരിക്കുന്ന കാലമത്രയും ഭാര്യ അയാളോടു ബന്ധിതയായിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ അവൾക്കിഷ്ടമെങ്കിൽ വേറൊരാളെ വിവാഹംചെയ്യാം; എന്നാൽ അയാൾ കർത്താവിൽ വിശ്വസിക്കുന്നയാളെമാത്രമേ ആകാവൂ. അവൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ തുടർന്നാൽ അവൾ ഏറെ അനുഗൃഹീതയായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. എനിക്കും ദൈവാത്മാവുണ്ടെന്നു ഞാൻ കരുതുന്നു.