ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നെ നിലനിൽക്കട്ടെ. നീ ദാസനായിരിക്കുമ്പോൾ വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിൽ അതിൽത്തന്നെ ഇരുന്നുകൊള്ളുക. എന്തെന്നാൽ ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്‍റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്‍റെ ദാസനാകുന്നു. നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു; മനുഷ്യർക്ക് ദാസന്മാരാകരുത്. സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട അതേ സ്ഥിതിയിൽ തന്നെ ദൈവസന്നിധിയിൽ വസിക്കട്ടെ. കന്യകമാരെക്കുറിച്ച് എനിക്ക് കർത്താവിന്‍റെ കല്പനയില്ല; എങ്കിലും കർത്താവ് തന്‍റെ കരുണയിൽ വിശ്വസ്തൻ ആക്കിയ ഞാൻ അഭിപ്രായം പറയുന്നു. ഇപ്പോഴത്തെ കഷ്ടത നിമിത്തം, മനുഷ്യൻ ആയിരിക്കുന്നതുപോലെ തന്നെ നിൽക്കുന്നത് അവനു നന്ന് എന്നു എനിക്ക് തോന്നുന്നു. നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേർപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്. എന്നാൽ നീ വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; കന്യകയും വിവാഹം ചെയ്താൽ പാപം ചെയ്യുന്നില്ല; എങ്കിലും വിവാഹിതർക്ക് ജഡത്തിൽ കഷ്ടത ഉണ്ടാകും; അത് നിങ്ങൾക്ക് വരരുത് എന്നു എന്‍റെ ആഗ്രഹം. എന്നാൽ സഹോദരന്മാരേ, ഒന്ന് ഞാൻ പറയുന്നു: സമയം വളരെ ചുരുക്കമാകുന്നു; ആകയാൽ ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും, കരയുന്നവർ കരയാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്ക് വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. എന്തെന്നാൽ ഈ ലോകത്തിന്‍റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ. നിങ്ങൾ ആകുലചിന്ത ഇല്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് കർത്താവിന്‍റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്‍റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു. അവന്‍റെ താല്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു; വിവാഹം കഴിയാത്തവളോ കന്യകയോ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന് കർത്താവിന്‍റെ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ച് ലോകത്തിന്‍റെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നു. ഞാൻ ഇത് നിങ്ങളുടെമേൽ നിയന്ത്രണം ഇടുവാനല്ല, എന്നാൽ ഉചിതമായത് ചെയ്യുവാനും, നിങ്ങൾ ഏകാഗ്രതയോടെ കർത്താവിനെ സേവിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്. എന്നാൽ ഒരാൾ തന്‍റെ കന്യകയ്ക്ക് പ്രായം കടന്നു എന്നതിനാൽ, താൻ ചെയ്യുന്നത് അനുചിതം എന്നു വിചാരിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ പാപം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ. എങ്കിലും നിർബ്ബന്ധമില്ലാതെ തന്‍റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്‍റെ കന്യകയെ സൂക്ഷിച്ചുകൊള്ളുവാൻ സ്വന്തഹൃദയത്തിൽ തീരുമാനിച്ചു എങ്കിൽ അവൻ ചെയ്യുന്നത് നന്ന്. അങ്ങനെ ഒരുവൻ തന്‍റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്. ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു; ഭർത്താവ് മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ. എന്നാൽ അവൾ അങ്ങനെ തന്നെ ആയിരുന്നാൽ ഭാഗ്യമേറിയവൾ എന്നു എന്‍റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്നു തോന്നുന്നു.
1 കൊരി. 7 വായിക്കുക
കേൾക്കുക 1 കൊരി. 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 കൊരി. 7:20-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ