1 KORINTH 7:20-40

1 KORINTH 7:20-40 MALCLBSI

ദൈവത്തിന്റെ വിളി സ്വീകരിച്ചപ്പോൾ ഓരോ വ്യക്തിയും എങ്ങനെയിരുന്നുവോ, അങ്ങനെ തുടർന്നാൽ മതി. ദൈവം വിളിച്ചപ്പോൾ നീ അടിമയായിരുന്നുവോ? അതു കാര്യമാക്കേണ്ടതില്ല; എന്നാൽ സ്വതന്ത്രനാകാൻ അവസരം കിട്ടുന്നെങ്കിൽ അത് ഉപയോഗിച്ചുകൊള്ളുക. എന്തുകൊണ്ടെന്നാൽ കർത്താവു വിളിച്ച അടിമയെ അവിടുന്നു സ്വതന്ത്രനാക്കിയിരിക്കുന്നു; അതുപോലെതന്നെ ക്രിസ്തു വിളിച്ച ഒരു സ്വതന്ത്രൻ അവിടുത്തെ അടിമയാകുന്നു. ദൈവം വിലയ്‍ക്കു വാങ്ങിയവരാണു നിങ്ങൾ; അതുകൊണ്ട് നിങ്ങൾ മനുഷ്യരുടെ അടിമകളാകരുത്. എന്റെ സഹോദരരേ, ഏതവസ്ഥയിൽ നിങ്ങൾ ഓരോ വ്യക്തിയും വിളിക്കപ്പെട്ടുവോ, അതേ അവസ്ഥയിൽ ദൈവത്തോടു ചേർന്നു ജീവിച്ചുകൊള്ളുക. കന്യകമാരെപ്പറ്റി നിങ്ങൾ എഴുതിയിരുന്നുവല്ലോ; അതേ സംബന്ധിച്ചു കർത്താവിന്റെ ഒരു കല്പനയും എനിക്കു ലഭിച്ചിട്ടില്ല; എന്നാൽ കർത്താവിന്റെ കരുണയാൽ നിങ്ങൾക്കു വിശ്വാസിക്കാവുന്നവനെന്ന നിലയിൽ എന്റെ അഭിപ്രായം ഞാൻ പറയുന്നു: ഇപ്പോഴത്തെ ദുരിതം കണക്കിലെടുക്കുമ്പോൾ, ഒരു മനുഷ്യൻ താൻ ആയിരിക്കുന്ന അവസ്ഥയിൽ തുടരുന്നതാണ് അവന് ഏറെ നല്ലത് എന്ന് എനിക്കു തോന്നുന്നു. നീ വിവാഹിതനാണോ? എങ്കിൽ ആ ബന്ധം വേർപെടുത്തുവാൻ ശ്രമിക്കരുത്. നീ അവിവാഹിതനാണെങ്കിൽ ഭാര്യയെ അന്വേഷിക്കേണ്ടതില്ല. എന്നാൽ നീ വിവാഹം കഴിക്കുന്നെങ്കിൽ, നീ ചെയ്യുന്നത് പാപമല്ല; ഒരു കന്യക വിവാഹിതയാകുന്നെങ്കിലും, അവളും പാപം ചെയ്യുന്നില്ല. എങ്കിലും വിവാഹിതരുടെ ജീവിതത്തിലെ വിഷമതകൾ നിങ്ങൾക്കുണ്ടാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്റെ സഹോദരരേ, ഞാൻ പറയുന്നതിന്റെ സാരം ഇതാണ്: ഇനി അധികസമയം ശേഷിച്ചിട്ടില്ല. ഇനി വിവാഹിതർ വിവാഹം ചെയ്യാത്തവരെപ്പോലെയും, ദുഃഖിക്കുന്നവർ ദുഃഖിക്കാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷമില്ലാത്തവരെപ്പോലെയും, വിലയ്‍ക്കുവാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും, വ്യാപാരത്തിലേർപ്പെടുന്നവർ അതിൽ ഏർപ്പെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാൽ ഈ ലോകത്തിന്റെ വ്യവസ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ആകുലചിത്തരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരു മനുഷ്യൻ കർത്താവിന്റെ പ്രവർത്തനത്തിൽ തത്പരനാകുന്നു. എന്തെന്നാൽ കർത്താവിനെ സംപ്രീതനാക്കുവാൻ അയാൾ ശ്രമിക്കുന്നു. എന്നാൽ വിവാഹിതൻ തന്റെ ഭാര്യയെ പ്രീതിപ്പെടുത്തേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളിൽ തത്പരനാകുന്നു. അങ്ങനെ അയാൾ രണ്ടു ദിശകളിലേക്കു വലിക്കപ്പെടുന്നു; അതുപോലെതന്നെ അവിവാഹിതയായ സ്‍ത്രീ അഥവാ കന്യക കർത്താവിന്റെ പ്രവർത്തനത്തിൽ തത്പരയാകുന്നു. എന്തെന്നാൽ തന്റെ ശരീരവും ആത്മാവും ഈശ്വരാർപ്പിതമായിരിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു; എന്നാൽ ഭർത്തൃമതിയായ സ്‍ത്രീ ഭർത്താവിനെ പ്രസാദിപ്പിക്കേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളിൽ തത്പരയാകുന്നു. നിങ്ങളുടെമേൽ ഏതെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുവാനല്ല, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ് ഞാൻ ഇതു പറയുന്നത്. ശരിയായും ഉചിതമായുമുള്ള കാര്യങ്ങൾ ചെയ്യണമെന്നും നിങ്ങളെത്തന്നെ കർത്താവിന്റെ സേവനത്തിനു പൂർണമായി സമർപ്പിക്കണമെന്നുമത്രേ എന്റെ ആഗ്രഹം. വിവാഹനിശ്ചയം ചെയ്ത പുരുഷനും സ്‍ത്രീയും ദാമ്പത്യബന്ധം വേണ്ടെന്നു തീരുമാനിച്ചു എന്നിരിക്കട്ടെ. തന്റെ പ്രതിശ്രുതവധുവിനെ വിവാഹം ചെയ്യാതിരിക്കുന്നത് അനുചിതമാണെന്നും ഭോഗേച്ഛ ഉള്ളതുകൊണ്ട് അവർ തമ്മിൽ വിവാഹം ചെയ്യേണ്ടതാണെന്നും തോന്നുന്ന പക്ഷം അവർ വിവാഹം ചെയ്തുകൊള്ളട്ടെ. എന്നാൽ വിവാഹം ചെയ്യുന്നില്ലെന്നു സ്വമേധയാ ദൃഢനിശ്ചയം ചെയ്ത ഒരാൾക്ക് തികഞ്ഞ ആത്മസംയമനം ഉണ്ടെങ്കിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; അയാൾ വിവാഹം ചെയ്യേണ്ടതില്ല. വിവാഹം ചെയ്യുന്നതു നല്ലത്, ചെയ്യാതിരിക്കുന്നത് ഏറെ നല്ലത്. ഭർത്താവു ജീവിച്ചിരിക്കുന്നിടത്തോളം കാലം വിവാഹിതയായ ഒരു സ്‍ത്രീ സ്വതന്ത്രയല്ല; എന്നാൽ ഭർത്താവു മരിച്ചാൽ തനിക്കിഷ്ടമുള്ള മറ്റൊരുവനെ അവൾക്കു വേൾക്കാം, എന്നാൽ അയാൾ ഒരു ക്രിസ്ത്യാനി ആയിരിക്കണമെന്നു മാത്രം. അവൾ വിധവയായിത്തന്നെ ഇരിക്കുന്നെങ്കിൽ അതാണവൾക്കു കൂടുതൽ സൗഭാഗ്യകരം. അതാണ് എന്റെ അഭിപ്രായം. എനിക്കും ദൈവത്തിന്റെ ആത്മാവുണ്ടെന്നു ഞാൻ വിചാരിക്കുന്നു.

1 KORINTH 7 വായിക്കുക