1 കൊരിന്ത്യർ 14:1-20

1 കൊരിന്ത്യർ 14:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ. അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമങ്ങളെ സംസാരിക്കുന്നു. പ്രവചിക്കുന്നവനോ ആത്മികവർധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോടു സംസാരിക്കുന്നു. അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മികവർധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർധന വരുത്തുന്നു. നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക് ആത്മികവർധന ലഭിക്കേണ്ടതിനു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ. സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് എന്തു പ്രയോജനം വരും? കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജീവ സാധനങ്ങൾതന്നെയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്ന് എങ്ങനെ അറിയും? കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടയ്ക്ക് ആർ ഒരുങ്ങും? അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്ക് ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ. ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവനു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മികവർധനയ്ക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ. അതുകൊണ്ട് അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർഥിക്കട്ടെ. ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്ത്? ഞാൻ ആത്മാവുകൊണ്ട് പ്രാർഥിക്കും; ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന് എങ്ങനെ ആമേൻ പറയും? നീ നന്നായി സ്തോത്രംചൊല്ലുന്നു സത്യം; മറ്റവന് ആത്മികവർധന വരുന്നില്ലതാനും. നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷകളിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിനു ബുദ്ധികൊണ്ട് അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; തിന്മയ്ക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.

1 കൊരിന്ത്യർ 14:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുവിൻ. ആത്മീയവരങ്ങൾക്കുവേണ്ടി വിശിഷ്യ, പ്രവചനവരത്തിനുവേണ്ടി അഭിവാഞ്ഛിക്കുക. അന്യഭാഷകളിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല, ദൈവത്തോടത്രേ സംസാരിക്കുന്നത്; അവൻ ആത്മാവിന്റെ പ്രചോദനത്താൽ നിഗൂഢസത്യങ്ങൾ സംസാരിക്കുന്നു. അവൻ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുന്ന പ്രവാചകൻ മനുഷ്യരോടു സംസാരിക്കുകയും അവർക്ക് സഹായവും ധൈര്യവും ആശ്വാസവും പകരുകയും ചെയ്യുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ ആത്മീയമായി സ്വയം വളരുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ പ്രവചിക്കുന്നവൻ സഭയുടെ ആകമാനമുള്ള ആത്മീയ വളർച്ചയെ സഹായിക്കുന്നു. നിങ്ങൾ എല്ലാവരും ഭാഷാവരം ലഭിച്ചവരായി സംസാരിക്കണം എന്നത്രേ എന്റെ ആഗ്രഹം. എന്നാൽ അതിലും അധികമായി ഞാൻ ആഗ്രഹിക്കുന്നത് നിങ്ങൾക്കെല്ലാവർക്കും പ്രവചനവരം ലഭിക്കണമെന്നാണ്. ഭാഷാവരമുള്ളവന്റെ വാക്കുകൾ സഭയ്‍ക്ക് ആകമാനം പ്രയോജനപ്പെടത്തക്കവണ്ണം വ്യാഖ്യാനിക്കപ്പെടുന്നില്ലെങ്കിൽ, അവനെക്കാൾ വലിയവനാകുന്നു പ്രവചിക്കുന്നവൻ. സഹവിശ്വാസികളേ, ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ, ദൈവത്തിൽനിന്നുള്ള വെളിപാടോ, ജ്ഞാനമോ, ദൈവാത്മപ്രേരിതമായ സന്ദേശമോ ഉപദേശമോ നിങ്ങളെ അറിയിക്കാതെ അന്യഭാഷകളിൽ സംസാരിക്കുകമാത്രം ചെയ്താൽ നിങ്ങൾക്ക് എന്തു പ്രയോജനം? വീണ, പുല്ലാങ്കുഴൽ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങൾ തന്നെ ഉദാഹരണമായെടുക്കുക. സ്വരരാഗങ്ങൾ വ്യക്തമായി ധ്വനിപ്പിക്കുന്നില്ലെങ്കിൽ, വായിച്ചത് എന്താണെന്ന് എങ്ങനെ മനസ്സിലാക്കും? കാഹളം ഊതുന്നവൻ അതിന്റെ നാദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കിൽ ആരു യുദ്ധത്തിനു തയ്യാറാകും? നിങ്ങളുടെ സന്ദേശം വ്യക്തമാകാതെ അന്യഭാഷകളിൽ മാത്രമായിരുന്നാൽ, നിങ്ങൾ പറയുന്നത് എന്താണെന്ന് ആർക്കെങ്കിലും മനസ്സിലാകുമോ? നിങ്ങളുടെ വാക്കുകൾ വായുവിൽ ലയിച്ചുപോകുമല്ലോ. ലോകത്തിൽ അനേകം ഭാഷകളുണ്ട്. അർഥമില്ലാത്ത ഒരു ഭാഷപോലുമില്ല. എങ്കിലും ഒരാൾ സംസാരിക്കുന്ന ഭാഷ എനിക്കു മനസ്സിലാകുന്നില്ലെങ്കിൽ അയാൾ എന്നെ സംബന്ധിച്ചിടത്തോളം വൈദേശികനായിരിക്കും. ആത്മീയവരങ്ങൾ പ്രാപിക്കുന്നതിൽ അത്യാസക്തരായ നിങ്ങൾ എല്ലാറ്റിനുമുപരി സഭയുടെ വളർച്ചയ്‍ക്ക് ഉതകുന്ന വരങ്ങളാണ് അധികമായി അഭിവാഞ്ഛിക്കേണ്ടത്. അതുകൊണ്ട് അന്യഭാഷകൾ സംസാരിക്കുന്നവൻ വ്യാഖ്യാനിക്കുവാനുള്ള വരത്തിനുവേണ്ടി പ്രാർഥിക്കണം. ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവു പ്രാർഥിക്കുന്നു. പക്ഷേ, എന്റെ മനസ്സിന് അതിൽ ഒരു പങ്കും ഉണ്ടായിരിക്കുകയില്ല. അപ്പോൾ ഞാൻ എന്തു ചെയ്യണം? ആത്മാവുകൊണ്ടു ഞാൻ പ്രാർഥിക്കും; എന്റെ മനസ്സുകൊണ്ടും ഞാൻ പ്രാർഥിക്കും. ആത്മാവുകൊണ്ടു ഞാൻ പാടും; എന്റെ മനസ്സുകൊണ്ടും ഞാൻ പാടും. നീ ആത്മാവുകൊണ്ടു മാത്രം ദൈവത്തിനു സ്തോത്രം ചെയ്യുമ്പോൾ ഒരു സാധാരണക്കാരൻ നീ പറയുന്നത് ഗ്രഹിക്കാതെ നിന്റെ പ്രാർഥനയ്‍ക്ക് എങ്ങനെ ആമേൻ പറയും. നിന്റെ സ്തോത്രപ്രാർഥന വളരെ നല്ലതായിരിക്കാം. പക്ഷേ, അന്യന് അത് ആത്മീയവളർച്ചയ്‍ക്കു പ്രയോജനപ്പെടുന്നില്ല. നിങ്ങളിൽ ഏതൊരുവനെയും അതിശയിക്കുംവിധം ഞാൻ അന്യഭാഷകൾ സംസാരിക്കുന്നു എന്നതിനാൽ ഞാൻ ദൈവത്തോടു കൃതജ്ഞനാണ്. എങ്കിലും സഭാംഗങ്ങൾ ആരാധനയ്‍ക്കായി കൂടുമ്പോൾ അന്യഭാഷകളിൽ പതിനായിരം വാക്കുകൾ പറയുന്നതിനെക്കാൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പര്യാപ്തമായ അഞ്ചുവാക്കുകൾ പറയുന്നതാണ് ഞാൻ അധികം ഇഷ്ടപ്പെടുന്നത്. എന്റെ സഹോദരന്മാരേ, ചിന്തയിൽ നിങ്ങൾ ശിശുക്കളെപ്പോലെയാകരുത്; തിന്മയെ സംബന്ധിച്ചിടത്തോളം നിങ്ങൾ ശിശുക്കളും, ചിന്തയെ സംബന്ധിച്ചിടത്തോളം പക്വമതികളും ആകണം.

1 കൊരിന്ത്യർ 14:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുവിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിക്കുവിൻ. എന്തെന്നാൽ അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങൾ സംസാരിക്കുന്നു. പ്രവചിക്കുന്നവൻ ആത്മികവർദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോട് സംസാരിക്കുന്നു. അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു; എന്നാൽ പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന വരുത്തുന്നു. നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും കൂടുതലായി പ്രവചിക്കേണം എന്നും ഞാൻ ആഗ്രഹിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന ലഭിക്കേണ്ടതിന്, താൻ സംസാരിച്ചത് വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനേക്കാൾ വലിയവൻ. സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോട് സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് എന്ത് പ്രയോജനം? കുഴൽ, വീണ എന്നിങ്ങനെ ശബ്ദം ഉണ്ടാക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നെയും ശബ്ദവ്യത്യാസം കാണിക്കാതിരുന്നാൽ ഊതിയതോ മീട്ടിയതോ എതാണെന്ന് എങ്ങനെ അറിയും? കാഹളം ഊതുമ്പോൾ അതിന്‍റെ ശബ്ദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കിൽ യുദ്ധത്തിനു ആർ ഒരുങ്ങും? അതുപോലെ നിങ്ങളും നാവുകൊണ്ട് വ്യക്തമായ വാക്ക് ഉച്ചരിക്കാതിരുന്നാൽ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോട് സംസാരിക്കുന്നവരെ പോലെ ആകുമല്ലോ. ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും അർത്ഥമില്ലാത്തതല്ല. ഞാൻ ഭാഷയുടെ അർത്ഥം അറിയാതിരുന്നാൽ സംസാരിക്കുന്നവന് ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. അതുപോലെ നിങ്ങളും ആത്മവരങ്ങളെക്കുറിച്ച് തീക്ഷ്ണതയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനയ്ക്കായി, ശ്രേഷ്ഠമായതിനു വേണ്ടി പരിശ്രമിക്കുവിൻ. അതുകൊണ്ട് അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർത്ഥിക്കട്ടെ. എന്തെന്നാൽ ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്‍റെ ആത്മാവ് പ്രാർത്ഥിക്കുന്നു; എന്‍റെ ബുദ്ധിയോ ഫലമില്ലാത്തതായിരിക്കുന്നു. അപ്പോൾ ഞാൻ എന്ത് ചെയ്യേണം? ഞാൻ ആത്മാവുകൊണ്ട് പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ട് പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ട് സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവന് നീ പറയുന്നത് മനസ്സിലാകാത്തതുകൊണ്ട് നിന്‍റെ സ്തോത്രത്തിന് എങ്ങനെ ആമേൻ പറയും? നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; എങ്കിലും കേൾക്കുന്നവന് ആത്മികവർദ്ധന വരുന്നില്ലതാനും. നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷയിൽ സംസാരിക്കുന്നതിനേക്കാൾ അധികം, മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന് ബുദ്ധികൊണ്ട് അഞ്ചുവാക്ക് പറയുവാൻ ഞാൻ ഇച്ഛിക്കുന്നു. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; എങ്കിലും, തിന്മയ്ക്ക് ശിശുക്കൾ ആയിരിക്കുവിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.

1 കൊരിന്ത്യർ 14:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ. അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു. അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു. നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ. സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും? കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നേയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും; കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും? അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ. ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ. അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ. ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും? നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും. നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.

1 കൊരിന്ത്യർ 14:1-20 സമകാലിക മലയാളവിവർത്തനം (MCV)

സ്നേഹത്തിന്റെ മാർഗം അവലംബിക്കുക; ആത്മാവിന്റെ ദാനങ്ങൾ, വിശേഷാൽ, പ്രവചനദാനം അഭിവാഞ്ഛിക്കുക. അജ്ഞാതഭാഷയിൽ സംസാരിക്കുന്നവർ മനുഷ്യരോടല്ല, ദൈവത്തോടാണ് സംസാരിക്കുന്നത്. അവർ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല; അവർ ആത്മാവിൽ ദൈവികരഹസ്യങ്ങൾ സംസാരിക്കുന്നു. എന്നാൽ പ്രവചിക്കുന്നവൻ മനുഷ്യരുടെ ആത്മികോന്നതിക്കും പ്രോത്സാഹനത്തിനും ആശ്വാസത്തിനുമായി സംസാരിക്കുന്നു. അജ്ഞാതഭാഷയിൽ സംസാരിക്കുന്നയാൾ സ്വന്തം ആത്മികോന്നതി വരുത്തുന്നു; പ്രവചിക്കുന്നയാളോ, സഭയ്ക്കാണ് ആത്മികോന്നതി വരുത്തുന്നത്. നിങ്ങൾക്കെല്ലാം അജ്ഞാതഭാഷകളിൽ സംസാരിക്കാൻ കഴിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; എന്നാൽ, അതിലുപരി ഞാൻ ആഗ്രഹിക്കുന്നത്, നിങ്ങൾക്ക് പ്രവചിക്കാൻ കഴിയണമെന്നാണ്. അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു സഭയുടെ ആത്മികോന്നതിക്കായി വ്യാഖ്യാനിക്കപ്പെടണം, അല്ലെങ്കിൽ അജ്ഞാതഭാഷകളിൽ സംസാരിക്കുന്നവരെക്കാൾ പ്രവചിക്കുന്നവനാണു ശ്രേഷ്ഠൻ. സഹോദരങ്ങളേ, ഞാൻ നിങ്ങൾക്കായി എന്തെങ്കിലും വെളിപ്പാടോ ജ്ഞാനമോ പ്രവചനമോ പ്രബോധനമോ നൽകുന്നതിനു പകരം, നിങ്ങളുടെ അടുക്കൽവന്ന് അജ്ഞാതഭാഷകളിൽ സംസാരിക്കുന്നെങ്കിൽ എന്നെക്കൊണ്ടു നിങ്ങൾക്ക് എന്തു പ്രയോജനം? കുഴൽ, വീണ മുതലായ നിർജീവവാദ്യങ്ങളുടെ കാര്യത്തിൽപോലും, അവ വിവിധ ശ്രുതികൾ പുറപ്പെടുവിക്കാതിരുന്നാൽ ഊതിയതും മീട്ടിയതും ഏതു രാഗമെന്ന് എങ്ങനെ അറിയും? കാഹളം അവ്യക്തനാദം പുറപ്പെടുവിച്ചാൽ യുദ്ധത്തിന് ആരെങ്കിലും തയ്യാറാകുമോ? അങ്ങനെതന്നെ, നിങ്ങളും അജ്ഞാതഭാഷയിൽ അവ്യക്തവാക്കുകൾ സംസാരിച്ചാൽ, നിങ്ങൾ പറയുന്നതെന്തെന്ന് മറ്റുള്ളവർ എങ്ങനെ ഗ്രഹിക്കും? നിങ്ങൾ വെറുതേ വായുവിനോടു സംസാരിക്കുന്നവരെപ്പോലെ ആകും! ലോകത്തിൽ വിവിധതരം ഭാഷകൾ ഉണ്ട്, എന്നാൽ അവയിൽ ഒന്നുപോലും നിരർഥകമല്ല. ഒരാൾ സംസാരിക്കുന്നതിന്റെ അർഥം എനിക്കു ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്കു ഞാനും അയാൾ എനിക്കും വിദേശിയായിരിക്കും. നിങ്ങളെ സംബന്ധിച്ചും ഇങ്ങനെതന്നെ. നിങ്ങൾ ആത്മികദാനങ്ങൾ അഭിലഷിക്കുന്നുണ്ടല്ലോ; എങ്കിൽ സഭയുടെ പുരോഗതിക്കുതകുന്ന ദാനങ്ങളിൽ മികവു നേടുക. അതുകൊണ്ട് അജ്ഞാതഭാഷയിൽ സംസാരിക്കുന്നവൻ അയാൾ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവിനുവേണ്ടിയും പ്രാർഥിക്കണം. ഞാൻ അജ്ഞാതഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവുമാത്രം പ്രാർഥിക്കുന്നു, എന്റെ ബുദ്ധിയോ ഫലരഹിതമായിരിക്കുന്നു. അങ്ങനെയെങ്കിൽ എന്താണ് കരണീയം? ഞാൻ ആത്മാവുകൊണ്ടു പ്രാർഥിക്കും, ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും. ആത്മാവുകൊണ്ടു നീ ദൈവത്തെ സ്തുതിക്കുമ്പോൾ ആ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന ഒരു അന്വേഷകൻ നിന്റെ സ്തോത്രാർപ്പണത്തിന് എങ്ങനെ “ആമേൻ” പറയും? നീ പറയുന്നത് അയാൾ മനസ്സിലാക്കുന്നില്ലല്ലോ? നീ നന്നായി സ്തോത്രം അർപ്പിക്കുന്നുണ്ടായിരിക്കാം, എന്നാൽ മറ്റാർക്കും ആത്മികോന്നതി ഉണ്ടാകുന്നില്ല. ഞാൻ നിങ്ങളെല്ലാവരെക്കാളും അധികമായി അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു കൊണ്ട് ദൈവത്തിനു സ്തോത്രംചെയ്യുന്നു. എന്നാൽ സഭയിൽ പതിനായിരം വാക്കുകൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ, മറ്റുള്ളവരെ ഉപദേശിക്കാനായി ബുദ്ധികൊണ്ട് അഞ്ചു വാക്കു സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. സഹോദരങ്ങളേ, ശിശുക്കളെപ്പോലെയല്ലാ ചിന്തിക്കേണ്ടത്. തിന്മയ്ക്ക് ശിശുക്കളും ചിന്തയിൽ മുതിർന്നവരും ആയിരിക്കുക.