1 കൊരിന്ത്യർ 14:1-20

1 കൊരിന്ത്യർ 14:1-20 MALOVBSI

സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ. അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമങ്ങളെ സംസാരിക്കുന്നു. പ്രവചിക്കുന്നവനോ ആത്മികവർധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോടു സംസാരിക്കുന്നു. അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മികവർധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർധന വരുത്തുന്നു. നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയ്ക്ക് ആത്മികവർധന ലഭിക്കേണ്ടതിനു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ. സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് എന്തു പ്രയോജനം വരും? കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജീവ സാധനങ്ങൾതന്നെയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്ന് എങ്ങനെ അറിയും? കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടയ്ക്ക് ആർ ഒരുങ്ങും? അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്ക് ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ. ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ട്; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവനു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മികവർധനയ്ക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ. അതുകൊണ്ട് അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർഥിക്കട്ടെ. ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്ത്? ഞാൻ ആത്മാവുകൊണ്ട് പ്രാർഥിക്കും; ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന് എങ്ങനെ ആമേൻ പറയും? നീ നന്നായി സ്തോത്രംചൊല്ലുന്നു സത്യം; മറ്റവന് ആത്മികവർധന വരുന്നില്ലതാനും. നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷകളിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിനു ബുദ്ധികൊണ്ട് അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; തിന്മയ്ക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.