സ്നേഹത്തിന്റെ മാർഗം അവലംബിക്കുക; ആത്മാവിന്റെ ദാനങ്ങൾ, വിശേഷാൽ, പ്രവചനദാനം അഭിവാഞ്ഛിക്കുക. അജ്ഞാതഭാഷയിൽ സംസാരിക്കുന്നവർ മനുഷ്യരോടല്ല, ദൈവത്തോടാണ് സംസാരിക്കുന്നത്. അവർ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല; അവർ ആത്മാവിൽ ദൈവികരഹസ്യങ്ങൾ സംസാരിക്കുന്നു. എന്നാൽ പ്രവചിക്കുന്നവൻ മനുഷ്യരുടെ ആത്മികോന്നതിക്കും പ്രോത്സാഹനത്തിനും ആശ്വാസത്തിനുമായി സംസാരിക്കുന്നു. അജ്ഞാതഭാഷയിൽ സംസാരിക്കുന്നയാൾ സ്വന്തം ആത്മികോന്നതി വരുത്തുന്നു; പ്രവചിക്കുന്നയാളോ, സഭയ്ക്കാണ് ആത്മികോന്നതി വരുത്തുന്നത്. നിങ്ങൾക്കെല്ലാം അജ്ഞാതഭാഷകളിൽ സംസാരിക്കാൻ കഴിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; എന്നാൽ, അതിലുപരി ഞാൻ ആഗ്രഹിക്കുന്നത്, നിങ്ങൾക്ക് പ്രവചിക്കാൻ കഴിയണമെന്നാണ്. അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു സഭയുടെ ആത്മികോന്നതിക്കായി വ്യാഖ്യാനിക്കപ്പെടണം, അല്ലെങ്കിൽ അജ്ഞാതഭാഷകളിൽ സംസാരിക്കുന്നവരെക്കാൾ പ്രവചിക്കുന്നവനാണു ശ്രേഷ്ഠൻ. സഹോദരങ്ങളേ, ഞാൻ നിങ്ങൾക്കായി എന്തെങ്കിലും വെളിപ്പാടോ ജ്ഞാനമോ പ്രവചനമോ പ്രബോധനമോ നൽകുന്നതിനു പകരം, നിങ്ങളുടെ അടുക്കൽവന്ന് അജ്ഞാതഭാഷകളിൽ സംസാരിക്കുന്നെങ്കിൽ എന്നെക്കൊണ്ടു നിങ്ങൾക്ക് എന്തു പ്രയോജനം? കുഴൽ, വീണ മുതലായ നിർജീവവാദ്യങ്ങളുടെ കാര്യത്തിൽപോലും, അവ വിവിധ ശ്രുതികൾ പുറപ്പെടുവിക്കാതിരുന്നാൽ ഊതിയതും മീട്ടിയതും ഏതു രാഗമെന്ന് എങ്ങനെ അറിയും? കാഹളം അവ്യക്തനാദം പുറപ്പെടുവിച്ചാൽ യുദ്ധത്തിന് ആരെങ്കിലും തയ്യാറാകുമോ? അങ്ങനെതന്നെ, നിങ്ങളും അജ്ഞാതഭാഷയിൽ അവ്യക്തവാക്കുകൾ സംസാരിച്ചാൽ, നിങ്ങൾ പറയുന്നതെന്തെന്ന് മറ്റുള്ളവർ എങ്ങനെ ഗ്രഹിക്കും? നിങ്ങൾ വെറുതേ വായുവിനോടു സംസാരിക്കുന്നവരെപ്പോലെ ആകും! ലോകത്തിൽ വിവിധതരം ഭാഷകൾ ഉണ്ട്, എന്നാൽ അവയിൽ ഒന്നുപോലും നിരർഥകമല്ല. ഒരാൾ സംസാരിക്കുന്നതിന്റെ അർഥം എനിക്കു ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്കു ഞാനും അയാൾ എനിക്കും വിദേശിയായിരിക്കും. നിങ്ങളെ സംബന്ധിച്ചും ഇങ്ങനെതന്നെ. നിങ്ങൾ ആത്മികദാനങ്ങൾ അഭിലഷിക്കുന്നുണ്ടല്ലോ; എങ്കിൽ സഭയുടെ പുരോഗതിക്കുതകുന്ന ദാനങ്ങളിൽ മികവു നേടുക. അതുകൊണ്ട് അജ്ഞാതഭാഷയിൽ സംസാരിക്കുന്നവൻ അയാൾ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവിനുവേണ്ടിയും പ്രാർഥിക്കണം. ഞാൻ അജ്ഞാതഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവുമാത്രം പ്രാർഥിക്കുന്നു, എന്റെ ബുദ്ധിയോ ഫലരഹിതമായിരിക്കുന്നു. അങ്ങനെയെങ്കിൽ എന്താണ് കരണീയം? ഞാൻ ആത്മാവുകൊണ്ടു പ്രാർഥിക്കും, ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും. ആത്മാവുകൊണ്ടു നീ ദൈവത്തെ സ്തുതിക്കുമ്പോൾ ആ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന ഒരു അന്വേഷകൻ നിന്റെ സ്തോത്രാർപ്പണത്തിന് എങ്ങനെ “ആമേൻ” പറയും? നീ പറയുന്നത് അയാൾ മനസ്സിലാക്കുന്നില്ലല്ലോ? നീ നന്നായി സ്തോത്രം അർപ്പിക്കുന്നുണ്ടായിരിക്കാം, എന്നാൽ മറ്റാർക്കും ആത്മികോന്നതി ഉണ്ടാകുന്നില്ല. ഞാൻ നിങ്ങളെല്ലാവരെക്കാളും അധികമായി അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു കൊണ്ട് ദൈവത്തിനു സ്തോത്രംചെയ്യുന്നു. എന്നാൽ സഭയിൽ പതിനായിരം വാക്കുകൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ, മറ്റുള്ളവരെ ഉപദേശിക്കാനായി ബുദ്ധികൊണ്ട് അഞ്ചു വാക്കു സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. സഹോദരങ്ങളേ, ശിശുക്കളെപ്പോലെയല്ലാ ചിന്തിക്കേണ്ടത്. തിന്മയ്ക്ക് ശിശുക്കളും ചിന്തയിൽ മുതിർന്നവരും ആയിരിക്കുക.
1 കൊരിന്ത്യർ 14 വായിക്കുക
കേൾക്കുക 1 കൊരിന്ത്യർ 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 14:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ