1 കൊരിന്ത്യർ 10:9-13

1 കൊരിന്ത്യർ 10:9-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത്. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുത്. ഇതു ദൃഷ്ടാന്തമായിട്ട് അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.

1 കൊരിന്ത്യർ 10:9-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവരിൽ ചിലർ ചെയ്തതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത്; സർപ്പങ്ങളാൽ അവർ കൊല്ലപ്പെട്ടു. അവരിൽ ചിലർ ചെയ്തതുപോലെ നാം പിറുപിറുക്കുകയുമരുത്; മരണദൂതൻ അവരെ നശിപ്പിച്ചുകളഞ്ഞു. മറ്റുള്ളവർക്ക് ദൃഷ്ടാന്തമായിത്തീരുന്നതിന് ഇവയെല്ലാം അവർക്കു സംഭവിച്ചു. നമുക്ക് ഒരു മുന്നറിയിപ്പായി അവ എഴുതപ്പെട്ടിരിക്കുന്നു. എന്തെന്നാൽ അന്ത്യം അടുത്തെത്തിയിരിക്കുന്ന സമയത്താണു നാം ജീവിക്കുന്നത്. ഉറച്ചുനില്‌ക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളട്ടെ. സാധാരണ ജനങ്ങൾക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങൾക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്‌ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങൾ ഉണ്ടാകുവാൻ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോൾ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങൾക്കു നല്‌കുന്നു. ദൈവം വിശ്വസ്തനാണല്ലോ.

1 കൊരിന്ത്യർ 10:9-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവരിൽ ചിലർ കർത്താവിനെ പരീക്ഷിച്ച് സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാമും കർത്താവിനെ പരീക്ഷിക്കരുത്. അവരിൽ ചിലർ പിറുപിറുത്ത് സംഹാരകനാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കരുത്. ഇത് ഒരു ദൃഷ്ടാന്തത്തിനായി അവർക്ക് സംഭവിക്കുകയും ലോകാവസാനം വന്നെത്തിയിരിക്കുന്ന നമ്മുടെ ഗുണദോഷത്തിനായി എഴുതിയുമിരിക്കുന്നു. അതുകൊണ്ട് താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളട്ടെ. മനുഷ്യർക്ക് സാധാരണമല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ ആകുന്നു; നിങ്ങളുടെ കഴിവിന് മീതെ പരീക്ഷിക്കപ്പെടുവാൻ അവൻ അനുവദിക്കുകയില്ല. നിങ്ങൾക്ക് സഹിക്കുവാൻ കഴിയേണ്ടതിന് പരീക്ഷയോടുകൂടെ രക്ഷയ്ക്കുള്ള മാർഗ്ഗവും അവൻ നൽകും.

1 കൊരിന്ത്യർ 10:9-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു. ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.

1 കൊരിന്ത്യർ 10:9-13 സമകാലിക മലയാളവിവർത്തനം (MCV)

അവരിൽ മറ്റുചിലർ ചെയ്തതുപോലെ നാം ക്രിസ്തുവിനെ പരീക്ഷിക്കരുത്; അവർ സർപ്പദംശനമേറ്റ് മരിച്ചല്ലോ. അവരിൽ വേറെചിലർ ചെയ്തതുപോലെ നാം മുറുമുറുക്കുന്നവരും ആകരുത്; അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞല്ലോ. ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ. മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.