1 കൊരിന്ത്യർ 10:23-31

1 കൊരിന്ത്യർ 10:23-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട്; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട്; എങ്കിലും സകലവും ആത്മികവർധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്ത ഗുണമല്ല; മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. അങ്ങാടിയിൽ വില്ക്കുന്നത് എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ. ഭൂമിയും അതിന്റെ പൂർണതയും കർത്താവിനുള്ളതല്ലോ. അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ. എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുത്. മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തൻറേതല്ല മറ്റവൻറേതത്രേ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്? നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നത് എന്തിന്? ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്‍വിൻ.

1 കൊരിന്ത്യർ 10:23-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“എന്തും ചെയ്യുവാൻ ഞങ്ങൾക്ക് അനുവാദമുണ്ട്” എന്ന് അവർ പറയുന്നു. അതു ശരി തന്നെ, എന്നാൽ എല്ലാം നല്ലതല്ല. “എന്തും ചെയ്യുവാൻ നമുക്ക് അനുവാദമുണ്ട്”. പക്ഷേ എല്ലാം ആത്മീയവളർച്ച വരുത്തുന്നില്ല. ഓരോരുത്തനും സ്വന്തം നന്മയല്ല മറ്റുള്ളവരുടെ നന്മയാണു നോക്കേണ്ടത്. കമ്പോളത്തിൽ വാങ്ങാൻ കിട്ടുന്ന ഏതു മാംസവും മനസ്സാക്ഷിയുടെ കുത്തൽകൂടാതെ നിസ്സംശയം വാങ്ങി ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ഭൂമിയും അതിലുള്ള സകലവും കർത്താവിനുള്ളതാണല്ലോ. അവിശ്വാസിയായ ഒരാൾ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും, നിങ്ങൾ ആ ക്ഷണം സ്വീകരിക്കുകയും ചെയ്താൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതെന്തും മനസ്സാക്ഷി നിമിത്തം ചോദ്യം ചെയ്യാതെ ഭക്ഷിക്കുക. എന്നാൽ ഇത് വിഗ്രഹത്തിന് അർപ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കിൽ, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്. നിങ്ങളുടെ സ്വന്തം മനസ്സാക്ഷിയല്ല അപരന്റെ മനസ്സാക്ഷിയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്. “എന്റെ കർമസ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്സാക്ഷിയുടെ പേരിൽ എന്തിനു പരിമിതപ്പെടുത്തണം? സ്തോത്രം ചെയ്തശേഷം കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ എന്നെ വിമർശിക്കുന്നത് എന്തിന്?” എന്ന് ആരെങ്കിലും ചോദിക്കാം. നിങ്ങൾ ഭക്ഷിക്കുകയോ, കുടിക്കുകയോ എന്തു തന്നെ ചെയ്താലും ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി അതു ചെയ്യുക.

1 കൊരിന്ത്യർ 10:23-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ്, എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്തം ഗുണമല്ല, മറ്റുള്ളവൻ്റെ ഗുണം അന്വേഷിക്കട്ടെ. കടയിൽ വിൽക്കുന്നത് എല്ലാം മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ കഴിക്കുവിൻ. ഭൂമിയും അതിന്‍റെ പൂർണ്ണതയും കർത്താവിനുള്ളതല്ലോ. അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിക്കുകയും, നിങ്ങൾക്ക് പോകുവാൻ മനസ്സുമുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ ഭക്ഷിക്കുവിൻ. എങ്കിലും ഒരുവൻ: ഇത് വിഗ്രഹാർപ്പിതം എന്നു നിങ്ങളോട് പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷി നിമിത്തവും തിന്നരുത്. മനസ്സാക്ഷി എന്നു ഞാൻ പറയുന്നത് നിങ്ങളുടേതല്ല, അത് മറ്റവൻ്റേതത്രേ. എന്തെന്നാൽ, എന്‍റെ സ്വാതന്ത്ര്യം മറ്റൊരുവൻ്റെ മനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്? സ്തോത്രത്തോടെ ഞാൻ അനുഭവിക്കുന്നുവെങ്കിൽ, സ്തോത്രംചെയ്ത ഭക്ഷണം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നത് എന്തിന്? ആകയാൽ, നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്യുവിൻ.

1 കൊരിന്ത്യർ 10:23-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ. ഭൂമിയും അതിന്റെ പൂർണ്ണതയും കർത്താവിന്നുള്ളതല്ലോ. അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ. എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു. മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു? നന്ദിയോടെ അനുഭവിച്ചു സ്തോത്രംചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു? ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.

1 കൊരിന്ത്യർ 10:23-31 സമകാലിക മലയാളവിവർത്തനം (MCV)

“എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ഗുണകരമല്ല. “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ആത്മികാഭിവൃദ്ധി വരുത്തുന്നില്ല. ഒരാളും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്. ചന്തയിൽ വിൽപ്പനയ്ക്കുവെച്ചിരിക്കുന്ന ഏത് മാംസവും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാവുന്നതാണ്. കാരണം “ഭൂമിയും അതിലുള്ള സകലതും കർത്താവിനുള്ളത്.” ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും നിങ്ങൾ പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെമുമ്പിൽ വിളമ്പിവെക്കുന്നതെന്തും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാം. എന്നാൽ “ഇത് നൈവേദ്യമാണ്,” എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, അത് പറഞ്ഞ ആളിനെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്. നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് എന്റെ സ്വാതന്ത്ര്യം എന്തിന് ഹനിക്കപ്പെടണം? കൃതജ്ഞതയോടെയാണ് ഞാൻ ആ ഭക്ഷണം കഴിക്കുന്നെങ്കിൽ, ഞാൻ ദൈവത്തിനു സ്തോത്രംചെയ്ത വസ്തു നിമിത്തം എന്നെ കുറ്റപ്പെടുത്തുന്നതെന്തിന്? നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക