1 കൊരിന്ത്യർ 10:1-6
1 കൊരിന്ത്യർ 10:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു. എല്ലാവരും ഒരേ ആത്മികാഹാരം തിന്ന് എല്ലാവരും ഒരേ ആത്മികപാനീയം കുടിച്ചു- അവരെ അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു- എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമോഹികൾ ആകാതിരിക്കേണ്ടതിനു തന്നെ.
1 കൊരിന്ത്യർ 10:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ സഹോദരരേ, മോശയെ അനുഗമിച്ച നമ്മുടെ പൂർവികർക്ക് എന്തു സംഭവിച്ചു എന്നു നിങ്ങൾ ഓർമിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവർ മേഘത്തണലിൽ സംരക്ഷിക്കപ്പെട്ടു; സുരക്ഷിതരായി ചെങ്കടൽ കടക്കുകയും ചെയ്തു. മോശയുടെ അനുയായികൾ എന്ന നിലയിൽ, മേഘത്തണലിലും കടലിലും അവർക്കുണ്ടായ അനുഭവം ഒരു സ്നാപനമായിരുന്നു. അവർ എല്ലാവരും ഒരേ ആത്മികഭക്ഷണം കഴിച്ചു; ഒരേ ആത്മികപാനീയം കുടിച്ചു; അവരോടുകൂടി യാത്രചെയ്ത ആത്മികപാറയിൽനിന്നു ലഭിച്ച ജലമാണ് അവർ കുടിച്ചത്. ആ പാറ ക്രിസ്തുതന്നെ ആയിരുന്നു. എന്നാൽ അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. അതുകൊണ്ട് അവരുടെ മൃതശരീരങ്ങൾ മരുഭൂമിയിൽ ചിതറപ്പെട്ടു; അവർ തിന്മയെ ആഗ്രഹിക്കുകയും അവരിൽ ചിലർ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. അതുപോലെ നാം ചെയ്യാതിരിക്കുന്നതിന് നമുക്കു മുന്നറിയിപ്പു നല്‌കുന്ന മാതൃകാപാഠങ്ങളാണ് ഇവയെല്ലാം. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘ജനം തിന്നു കുടിച്ച് ഉല്ലസിക്കുന്നതിനായി ഇരുന്നു; മദിരോത്സവത്തിനായി എഴുന്നേറ്റു.’
1 കൊരിന്ത്യർ 10:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു എന്നും; എല്ലാവരും സമുദ്രത്തിൽ കൂടി കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റ് മോശെയോടുകൂടെ ചേർന്നു എന്നും എല്ലാവരും ഒരേ ആത്മികാഹാരം തിന്നുകയും ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു – അവരെ അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു. എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നും നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അവർ മോഹിച്ചതുപോലെ നാമും തിന്മ മോഹിക്കാതിരിക്കേണ്ടതിന് ഇത് നമുക്ക് ഒരു ദൃഷ്ടാന്തമായി സംഭവിച്ചു
1 കൊരിന്ത്യർ 10:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു എല്ലാവരും ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു– എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.
1 കൊരിന്ത്യർ 10:1-6 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻ കീഴിലായിരുന്നതെക്കുറിച്ചും അവരെല്ലാവരും സമുദ്രത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും നിങ്ങൾ അജ്ഞരായിരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരെല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനമേറ്റു മോശയോടു ചേർന്നു. എല്ലാവരും ഒരേ ആത്മികഭോജനം കഴിക്കുകയും ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു. തങ്ങളെ അനുഗമിച്ച ആത്മികശിലയിൽനിന്നാണ് അവർ പാനംചെയ്തത്; ക്രിസ്തു ആയിരുന്നു ആ ശില. എന്നാൽ അവരിൽ അധികംപേരിലും ദൈവം സന്തുഷ്ടനായില്ല; അവരുടെ മൃതശരീരങ്ങൾ മരുഭൂമിയിൽ ചിതറിക്കിടന്നു. അവരെപ്പോലെ നാമും ദുഷിച്ചകാര്യങ്ങളിൽ ആമഗ്നരാകാതിരിക്കേണ്ടതിന് അവർക്കു സംഭവിച്ച കാര്യങ്ങൾ നമുക്കൊരു മുന്നറിയിപ്പായിത്തീർന്നിരിക്കുന്നു.