1 കൊരിന്ത്യർ 10:1-18

1 കൊരിന്ത്യർ 10:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു. എല്ലാവരും ഒരേ ആത്മികാഹാരം തിന്ന് എല്ലാവരും ഒരേ ആത്മികപാനീയം കുടിച്ചു- അവരെ അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു- എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമോഹികൾ ആകാതിരിക്കേണ്ടതിനു തന്നെ. “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്ന് എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്. അവരിൽ ചിലർ പരസംഗം ചെയ്ത് ഒരു ദിവസത്തിൽ ഇരുപത്തിമൂവായിരം പേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുത്. അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത്. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുത്. ഇതു ദൃഷ്ടാന്തമായിട്ട് അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും. അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ. നിങ്ങൾ വിവേകികൾ എന്നുവച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്ന് ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ. ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?

1 കൊരിന്ത്യർ 10:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ സഹോദരരേ, മോശയെ അനുഗമിച്ച നമ്മുടെ പൂർവികർക്ക് എന്തു സംഭവിച്ചു എന്നു നിങ്ങൾ ഓർമിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവർ മേഘത്തണലിൽ സംരക്ഷിക്കപ്പെട്ടു; സുരക്ഷിതരായി ചെങ്കടൽ കടക്കുകയും ചെയ്തു. മോശയുടെ അനുയായികൾ എന്ന നിലയിൽ, മേഘത്തണലിലും കടലിലും അവർക്കുണ്ടായ അനുഭവം ഒരു സ്നാപനമായിരുന്നു. അവർ എല്ലാവരും ഒരേ ആത്മികഭക്ഷണം കഴിച്ചു; ഒരേ ആത്മികപാനീയം കുടിച്ചു; അവരോടുകൂടി യാത്രചെയ്ത ആത്മികപാറയിൽനിന്നു ലഭിച്ച ജലമാണ് അവർ കുടിച്ചത്. ആ പാറ ക്രിസ്തുതന്നെ ആയിരുന്നു. എന്നാൽ അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല. അതുകൊണ്ട് അവരുടെ മൃതശരീരങ്ങൾ മരുഭൂമിയിൽ ചിതറപ്പെട്ടു; അവർ തിന്മയെ ആഗ്രഹിക്കുകയും അവരിൽ ചിലർ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. അതുപോലെ നാം ചെയ്യാതിരിക്കുന്നതിന് നമുക്കു മുന്നറിയിപ്പു നല്‌കുന്ന മാതൃകാപാഠങ്ങളാണ് ഇവയെല്ലാം. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘ജനം തിന്നു കുടിച്ച് ഉല്ലസിക്കുന്നതിനായി ഇരുന്നു; മദിരോത്സവത്തിനായി എഴുന്നേറ്റു.’ അവരിൽ ചിലർ വ്യഭിചാരം ചെയ്യുകയും തൽഫലമായി ഒറ്റദിവസംകൊണ്ട് ഇരുപത്തിമൂവായിരം പേർ മരിച്ചു വീഴുകയും ചെയ്തു. അവരെപ്പോലെ നാം വ്യഭിചാരം ചെയ്യരുത്. അവരിൽ ചിലർ ചെയ്തതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത്; സർപ്പങ്ങളാൽ അവർ കൊല്ലപ്പെട്ടു. അവരിൽ ചിലർ ചെയ്തതുപോലെ നാം പിറുപിറുക്കുകയുമരുത്; മരണദൂതൻ അവരെ നശിപ്പിച്ചുകളഞ്ഞു. മറ്റുള്ളവർക്ക് ദൃഷ്ടാന്തമായിത്തീരുന്നതിന് ഇവയെല്ലാം അവർക്കു സംഭവിച്ചു. നമുക്ക് ഒരു മുന്നറിയിപ്പായി അവ എഴുതപ്പെട്ടിരിക്കുന്നു. എന്തെന്നാൽ അന്ത്യം അടുത്തെത്തിയിരിക്കുന്ന സമയത്താണു നാം ജീവിക്കുന്നത്. ഉറച്ചുനില്‌ക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളട്ടെ. സാധാരണ ജനങ്ങൾക്ക് ഉണ്ടാകാത്ത ഒരു പരീക്ഷണവും നിങ്ങൾക്ക് നേരിട്ടിട്ടില്ല. ഉറച്ചുനില്‌ക്കുവാനുള്ള നിങ്ങളുടെ ശക്തിക്കതീതമായ പരീക്ഷണങ്ങൾ ഉണ്ടാകുവാൻ ദൈവം അനുവദിക്കുകയില്ല; പരീക്ഷണത്തിനു നിങ്ങളെ വിധേയരാക്കുമ്പോൾ അതു സഹിക്കുവാനുള്ള ശക്തിയും നീക്കുപോക്കും അവിടുന്നു നിങ്ങൾക്കു നല്‌കുന്നു. ദൈവം വിശ്വസ്തനാണല്ലോ. അതുകൊണ്ട്, എന്റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ വിഗ്രഹാരാധന വിട്ടകലുക. വിവേകമുള്ളവരോടെന്നവണ്ണമാണു ഞാൻ നിങ്ങളോടു പറയുന്നത്. എന്റെ വാക്കുകൾ നിങ്ങൾ തന്നെ വിധിച്ചുകൊള്ളുക. തിരുവത്താഴത്തിൽ ഏതൊന്നിനുവേണ്ടി നാം ദൈവത്തിനു സ്തോത്രം ചെയ്യുന്നുവോ, ആ പാനപാത്രത്തിൽനിന്നു പാനം ചെയ്യുമ്പോൾ നാം ക്രിസ്തുവിന്റെ രക്തത്തിനു പങ്കാളികളായിത്തീരുന്നു. നാം മുറിക്കുന്ന അപ്പം ഭക്ഷിക്കുമ്പോൾ കർത്താവിന്റെ തിരുശരീരത്തിന് ഓഹരിക്കാരായിത്തീരുകയും ചെയ്യുന്നു. അപ്പം ഒന്നേയുള്ളൂ. അതുകൊണ്ട് പലരായ നാം ഏകശരീരമാകുന്നു. എന്തെന്നാൽ ഒരേ അപ്പമാണല്ലോ നാം പങ്കിടുന്നത്. ഇസ്രായേൽജനതയെക്കുറിച്ച് ആലോചിച്ചു നോക്കൂ; ബലിസാധനങ്ങൾ ഭൂജിക്കുന്നവർ ബലിപീഠത്തിന്റെ പങ്കാളികളല്ലേ?

1 കൊരിന്ത്യർ 10:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു എന്നും; എല്ലാവരും സമുദ്രത്തിൽ കൂടി കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റ് മോശെയോടുകൂടെ ചേർന്നു എന്നും എല്ലാവരും ഒരേ ആത്മികാഹാരം തിന്നുകയും ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു – അവരെ അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു. എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നും നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അവർ മോഹിച്ചതുപോലെ നാമും തിന്മ മോഹിക്കാതിരിക്കേണ്ടതിന് ഇത് നമുക്ക് ഒരു ദൃഷ്ടാന്തമായി സംഭവിച്ചു; “ജനം തിന്നുവാനും കുടിക്കുവാനും ഇരുന്നു, കളിക്കുവാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്. അവരിൽ ചിലർ ദുർന്നടപ്പിൽ മുഴുകി, ഒരു ദിവസത്തിൽ ഇരുപത്തിമൂവായിരം (23,000) പേർ മരിച്ചുപോയതുപോലെ നാമും ദുർന്നടപ്പുകാർ ആകരുത്. അവരിൽ ചിലർ കർത്താവിനെ പരീക്ഷിച്ച് സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാമും കർത്താവിനെ പരീക്ഷിക്കരുത്. അവരിൽ ചിലർ പിറുപിറുത്ത് സംഹാരകനാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കരുത്. ഇത് ഒരു ദൃഷ്ടാന്തത്തിനായി അവർക്ക് സംഭവിക്കുകയും ലോകാവസാനം വന്നെത്തിയിരിക്കുന്ന നമ്മുടെ ഗുണദോഷത്തിനായി എഴുതിയുമിരിക്കുന്നു. അതുകൊണ്ട് താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളട്ടെ. മനുഷ്യർക്ക് സാധാരണമല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ ആകുന്നു; നിങ്ങളുടെ കഴിവിന് മീതെ പരീക്ഷിക്കപ്പെടുവാൻ അവൻ അനുവദിക്കുകയില്ല. നിങ്ങൾക്ക് സഹിക്കുവാൻ കഴിയേണ്ടതിന് പരീക്ഷയോടുകൂടെ രക്ഷയ്ക്കുള്ള മാർഗ്ഗവും അവൻ നൽകും. അതുകൊണ്ട് എന്‍റെ പ്രിയരേ, വിഗ്രഹാരാധന വിട്ടോടുവിൻ. നിങ്ങൾ വിവേകികൾ എന്നുവച്ച് ഞാൻ പറയുന്നു; ഞാൻ പറയുന്നത് വിലയിരുത്തുവിൻ. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്‍റെ രക്തത്തിൻ്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്നാകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ പങ്കാളികൾ ആകുന്നുവല്ലോ. ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭക്ഷിക്കുന്നവർ യാഗപീഠത്തിന്‍റെ കൂട്ടാളികൾ അല്ലയോ?

1 കൊരിന്ത്യർ 10:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു എല്ലാവരും ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു– എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ. “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു. അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു. അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു. ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും. അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ. നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ. ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?

1 കൊരിന്ത്യർ 10:1-18 സമകാലിക മലയാളവിവർത്തനം (MCV)

സഹോദരങ്ങളേ, നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻ കീഴിലായിരുന്നതെക്കുറിച്ചും അവരെല്ലാവരും സമുദ്രത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും നിങ്ങൾ അജ്ഞരായിരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരെല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനമേറ്റു മോശയോടു ചേർന്നു. എല്ലാവരും ഒരേ ആത്മികഭോജനം കഴിക്കുകയും ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു. തങ്ങളെ അനുഗമിച്ച ആത്മികശിലയിൽനിന്നാണ് അവർ പാനംചെയ്തത്; ക്രിസ്തു ആയിരുന്നു ആ ശില. എന്നാൽ അവരിൽ അധികംപേരിലും ദൈവം സന്തുഷ്ടനായില്ല; അവരുടെ മൃതശരീരങ്ങൾ മരുഭൂമിയിൽ ചിതറിക്കിടന്നു. അവരെപ്പോലെ നാമും ദുഷിച്ചകാര്യങ്ങളിൽ ആമഗ്നരാകാതിരിക്കേണ്ടതിന് അവർക്കു സംഭവിച്ച കാര്യങ്ങൾ നമുക്കൊരു മുന്നറിയിപ്പായിത്തീർന്നിരിക്കുന്നു. അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധകരാകരുത്. “ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു, വിളയാടാൻ എഴുന്നേറ്റു” എന്നെഴുതിയിരിക്കുന്നല്ലോ. നാം അവരിൽ ചിലരെപ്പോലെ അസാന്മാർഗികളാകരുത്; വ്യഭിചാരംനിമിത്തം അവരിൽ 23,000 പേർ ഒരൊറ്റ ദിവസംകൊണ്ടു മരിച്ചുപോയി. അവരിൽ മറ്റുചിലർ ചെയ്തതുപോലെ നാം ക്രിസ്തുവിനെ പരീക്ഷിക്കരുത്; അവർ സർപ്പദംശനമേറ്റ് മരിച്ചല്ലോ. അവരിൽ വേറെചിലർ ചെയ്തതുപോലെ നാം മുറുമുറുക്കുന്നവരും ആകരുത്; അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞല്ലോ. ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ. മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും. അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, വിഗ്രഹാരാധന വിട്ട് പലായനംചെയ്യുക, ഞാൻ സംസാരിക്കുന്നത് വിവേകശാലികളോടാണല്ലോ; ഞാൻ പറയുന്നത് ഒന്നു ഗ്രഹിക്കാൻ ശ്രമിക്കുക: നാം സ്തോത്രാർപ്പണം ചെയ്യുന്ന പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള കൂട്ടായ്മ അല്ലേ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള നമ്മുടെ കൂട്ടായ്മ അല്ലേ? അപ്പം ഒന്നേയുള്ളൂ; പലരായ നാം ഒരു ശരീരമാകുന്നതുകൊണ്ട് ഒരേ അപ്പത്തിൽ പങ്കാളികളാകുന്നു. ഇസ്രായേൽജനതയെക്കുറിച്ചു ചിന്തിച്ചുനോക്കുക: യാഗാർപ്പണംചെയ്ത ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവർ ആ യാഗപീഠത്തിന്റെ പങ്കാളികൾ ആകുകയല്ലേ?