അവർ ചർച്ചചെയ്തുകൊണ്ടിരുന്നത് അവിടെ വന്ന വേദജ്ഞരിൽ ഒരാൾ കേട്ടു. യേശു അവർക്കു കൊടുത്ത നല്ല മറുപടി ശ്രദ്ധിച്ചിട്ട് അയാൾ യേശുവിനോട്, “കൽപ്പനകളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഏതാണ്?” എന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞു, “ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കൽപ്പന: ‘ഇസ്രായേലേ, കേൾക്കുക, കർത്താവ് നമ്മുടെ ദൈവം, കർത്താവ് ഏകൻതന്നെ; നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’ രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’ എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.” “ഗുരോ, അങ്ങു പറഞ്ഞതു ശരി; ദൈവം ഏകനെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അങ്ങു പറഞ്ഞതു ശരിതന്നെ. സമ്പൂർണഹൃദയത്താലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും ദൈവത്തെ സ്നേഹിക്കുന്നതും നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നതും എല്ലാ ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും അധികം പ്രാധാന്യമുള്ളതാണ്” എന്നായിരുന്നു അയാളുടെ മറുപടി. അയാളുടെ വിവേകപൂർവമായ മറുപടികേട്ടിട്ട് യേശു, “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. ഇതിനുശേഷം അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല. പിന്നീടൊരിക്കൽ യേശു ദൈവാലയാങ്കണത്തിൽ വന്നുചേർന്ന ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു വേദജ്ഞർ പറയുന്നത് എങ്ങനെ? ദാവീദ് പരിശുദ്ധാത്മാവിനാൽ പ്രേരിതനായി, “ ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,’ എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു എന്നു പ്രസ്താവിച്ചല്ലോ! ഇങ്ങനെ ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” ആ വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകൾ ആനന്ദത്തോടെ കേട്ടു. യേശു തുടർന്ന് ഉപദേശിക്കവേ, ഇങ്ങനെ പറഞ്ഞു: “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു. അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.” പിന്നീട് യേശു വഴിപാടുകൾ അർപ്പിക്കുന്ന സ്ഥലത്തിനെതിരേ ഇരുന്നുകൊണ്ട്, ജനക്കൂട്ടം ദൈവാലയഭണ്ഡാരത്തിൽ കാണിക്ക ഇടുന്നതു ശ്രദ്ധിച്ചു. ധനികർ പലരും വൻതുകകൾ ഇട്ടു. എന്നാൽ ദരിദ്രയായ ഒരു വിധവ വന്നു വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ ഇട്ടു. അതിന് ഒരു പൈസയുടെ വിലമാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “ഭണ്ഡാരത്തിൽ മറ്റെല്ലാവരും ഇട്ടതിലും അധികം ദരിദ്രയായ ഈ വിധവ ഇട്ടിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
മർക്കോസ് 12 വായിക്കുക
കേൾക്കുക മർക്കോസ് 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കോസ് 12:28-44
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ