മർക്കൊസ് 12:28-44

മർക്കൊസ് 12:28-44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നതു കേട്ട് അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്: എല്ലാറ്റിലും മുഖ്യകല്പന ഏത് എന്ന് അവനോടു ചോദിച്ചു. അതിന് യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: 'യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം' എന്ന് ആകുന്നു. രണ്ടാമത്തേതോ: 'കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം' എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്ന് ഉത്തരം പറഞ്ഞു. ശാസ്ത്രി അവനോട്: നന്ന്, ഗുരോ, നീ പറഞ്ഞതു സത്യംതന്നെ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നെ എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്ന് യേശു കണ്ടിട്ട്: നീ ദൈവരാജ്യത്തോട് അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല. യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയത്: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ? “കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്ന് അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു. ദാവീദ് തന്നെ അവനെ കർത്താവ് എന്നു പറയുന്നുവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു. അവൻ തന്റെ ഉപദേശത്തിൽ അവരോട്: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർഥന കഴിക്കയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു. പിന്നെ യേശു ശ്രീഭണ്ഡാരത്തിനു നേരേ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു. ദരിദ്രയായ ഒരു വിധവ വന്ന് ഒരു പൈസയ്ക്കു ശരിയായ രണ്ടു കാശ് ഇട്ടു. അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്ന് ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് അവരോടു പറഞ്ഞു.

മർക്കൊസ് 12:28-44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മതപണ്ഡിതന്മാരിൽ ഒരാൾ അവരുടെ സംവാദം കേട്ടു. യേശു അവർക്കു നല്‌കിയ മറുപടി സമുചിതമായിരിക്കുന്നുവെന്നു കണ്ട് അയാൾ അവിടുത്തോടു ചോദിച്ചു: “കല്പനകളിൽ ഏതാണ് പരമപ്രധാനമായിട്ടുള്ളത്?” യേശു പ്രതിവചിച്ചു: “ഇതാണു മുഖ്യ കല്പന: ഇസ്രായേലേ, കേൾക്കുക! സർവേശ്വരനായ നമ്മുടെ ദൈവം ഏക കർത്താവാകുന്നു. നിന്റെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടി സ്നേഹിക്കുക; അതുപോലെതന്നെ രണ്ടാമത്തെ കല്പന, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നതാകുന്നു. ഇവയ്‍ക്കുപരി മറ്റൊരു കല്പനയുമില്ല. മതപണ്ഡിതൻ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ; ഏകദൈവമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ലതന്നെ. ആ ദൈവത്തെ പൂർണഹൃദയത്തോടും പൂർണമനസ്സോടും സർവശക്തിയോടുംകൂടി സ്നേഹിക്കുകയും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുകയും ചെയ്യുന്നത് എല്ലാ ഹോമങ്ങളെയും യാഗങ്ങളെയുംകാൾ ശ്രേഷ്ഠമാണ്.” അയാൾ ബുദ്ധിപൂർവം മറുപടി പറഞ്ഞതു കേട്ടിട്ട് യേശു അയാളോട് “താങ്കൾ ദൈവരാജ്യത്തിൽനിന്നു വിദൂരസ്ഥനല്ല” എന്നു പറഞ്ഞു. പിന്നീട് ആരും യേശുവിനോടു ചോദ്യങ്ങൾ ചോദിക്കുവാൻ തുനിഞ്ഞില്ല. യേശു ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു: “മശിഹാ ദാവീദിന്റെ വംശജനാണെന്നു മതപണ്ഡിതന്മാർ പറയുന്നതെങ്ങനെ? ‘ഞാൻ നിന്റെ ശത്രുക്കളെ കാല്‌ക്കീഴാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നു സർവേശ്വരൻ എന്റെ കർത്താവിനോട് അരുൾചെയ്തു’ എന്നു ദാവീദ് പരിശുദ്ധാത്മപ്രചോദിതനായി പറഞ്ഞിട്ടുണ്ടല്ലോ. “ദാവീദുതന്നെ അവിടുത്തെ കർത്താവ് എന്നു വിളിക്കുന്നു എങ്കിൽ അവിടുന്ന് എങ്ങനെ ദാവീദിന്റെ പുത്രനാകും?” ഒരു വലിയ ജനതതി യേശുവിന്റെ പ്രഭാഷണം സന്തോഷപൂർവം കേട്ടു. അവിടുന്നു പ്രബോധിപ്പിക്കുന്നതിനിടയിൽ അവരോട് അരുൾചെയ്തു: “നീണ്ട അങ്കി അണിഞ്ഞു നടക്കുവാനും പൊതുസ്ഥലങ്ങളിൽവച്ച് അഭിവാദനം ചെയ്യപ്പെടുവാനും സുനഗോഗുകളിൽ മുഖ്യാസനവും വിരുന്നുശാലയിൽ പ്രഥമസ്ഥാനവും ലഭിക്കുവാനും ആഗ്രഹിക്കുന്ന മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ വിധവകളുടെ വീടുകൾ വിഴുങ്ങുകയും നീണ്ട പ്രാർഥന നടത്തുന്നു എന്നു ഭാവിക്കുകയും ചെയ്യുന്നു. അവർക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനതരമായിരിക്കും.” ഒരിക്കൽ യേശു ശ്രീഭണ്ഡാരത്തിന് അഭിമുഖമായി ഇരുന്ന് ജനങ്ങൾ കാണിക്കയിടുന്നത് നോക്കുകയായിരുന്നു. ധനികരായ പലരും വലിയ തുകകൾ ഇട്ടുകൊണ്ടിരുന്നു. സാധുവായ ഒരു വിധവ വന്ന് രണ്ടു പൈസയിട്ടു. യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തിൽ കാണിക്കയിട്ട എല്ലാവരെയുംകാൾ അധികം ഇട്ടത് നിർധനയായ ആ വിധവയാണെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു; എന്തെന്നാൽ എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നാണു സമർപ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയിൽനിന്ന്, തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമർപ്പിച്ചിരിക്കുന്നു.”

മർക്കൊസ് 12:28-44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്ന് അവർ തമ്മിൽ തർക്കിക്കുന്നത് കേട്ടു: യേശു അവരോട് നല്ലവണ്ണം ഉത്തരം പറഞ്ഞത് കണ്ടു ബോധിച്ചിട്ട്: “എല്ലാറ്റിലും മുഖ്യകല്പന ഏത്?” എന്നു അവനോടു ചോദിച്ചു. അതിന് യേശു: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്. നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു. രണ്ടാമത്തേതോ: “നിന്‍റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ട് മറ്റൊരു കല്പനയും ഇല്ല” എന്നു ഉത്തരം പറഞ്ഞു. ശാസ്ത്രി അവനോട്: “നല്ലത്, ഗുരോ, നീ പറഞ്ഞത് സത്യംതന്നേ; ദൈവം ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളേക്കാളും സാരമേറിയതു തന്നെ” എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ട്: “നീ ദൈവരാജ്യത്തോട് അകന്നവനല്ല” എന്നു പറഞ്ഞു. അതിന്‍റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല. യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ട് പറഞ്ഞു തുടങ്ങിയത്: “ക്രിസ്തു ദാവീദിന്‍റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ? “കർത്താവ് എന്‍റെ കർത്താവിനോട്: ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം എന്‍റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു. എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു. ദാവീദ് തന്നെ ക്രിസ്തുവിനെ കർത്താവ് എന്നു പറയുന്നുവല്ലോ; പിന്നെ അവന്‍റെ പുത്രൻ ആകുന്നത് എങ്ങനെ?” വലിയ പുരുഷാരം അവന്‍റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു. അവൻ തന്‍റെ ഉപദേശത്തിൽ അവരോട്: “നീണ്ട അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും മനുഷ്യർ കാണേണ്ടതിന് നീണ്ട പ്രാർത്ഥന കഴിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും” എന്നു പറഞ്ഞു. പിന്നെ യേശു ദൈവാലയത്തിലെ ശ്രീഭണ്ഡാരത്തിനു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നത് നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെയധികം ഇട്ടു. അപ്പോൾ ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസയ്ക്ക് തുല്യമായ രണ്ടു കാശ് ഇട്ടു. അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: “ഭണ്ഡാരത്തിൽ ഇട്ട എല്ലാവരേക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്‍റെ ഇല്ലായ്മയിൽ നിന്നു, തനിക്കുള്ളതെല്ലാം തന്‍റെ ഉപജീവനത്തിനുള്ളത് മുഴുവനും ഇട്ടു” എന്നു അവരോടു പറഞ്ഞു.

മർക്കൊസ് 12:28-44 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു. രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല. യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ? “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു. ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു. അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു. പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു. ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു. അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.

മർക്കൊസ് 12:28-44 സമകാലിക മലയാളവിവർത്തനം (MCV)

അവർ ചർച്ചചെയ്തുകൊണ്ടിരുന്നത് അവിടെ വന്ന വേദജ്ഞരിൽ ഒരാൾ കേട്ടു. യേശു അവർക്കു കൊടുത്ത നല്ല മറുപടി ശ്രദ്ധിച്ചിട്ട് അയാൾ യേശുവിനോട്, “കൽപ്പനകളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഏതാണ്?” എന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞു, “ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കൽപ്പന: ‘ഇസ്രായേലേ, കേൾക്കുക, കർത്താവ് നമ്മുടെ ദൈവം, കർത്താവ് ഏകൻതന്നെ; നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’ രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’ എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.” “ഗുരോ, അങ്ങു പറഞ്ഞതു ശരി; ദൈവം ഏകനെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അങ്ങു പറഞ്ഞതു ശരിതന്നെ. സമ്പൂർണഹൃദയത്താലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും ദൈവത്തെ സ്നേഹിക്കുന്നതും നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നതും എല്ലാ ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും അധികം പ്രാധാന്യമുള്ളതാണ്” എന്നായിരുന്നു അയാളുടെ മറുപടി. അയാളുടെ വിവേകപൂർവമായ മറുപടികേട്ടിട്ട് യേശു, “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. ഇതിനുശേഷം അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല. പിന്നീടൊരിക്കൽ യേശു ദൈവാലയാങ്കണത്തിൽ വന്നുചേർന്ന ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു വേദജ്ഞർ പറയുന്നത് എങ്ങനെ? ദാവീദ് പരിശുദ്ധാത്മാവിനാൽ പ്രേരിതനായി, “ ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,’ എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു എന്നു പ്രസ്താവിച്ചല്ലോ! ഇങ്ങനെ ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” ആ വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകൾ ആനന്ദത്തോടെ കേട്ടു. യേശു തുടർന്ന് ഉപദേശിക്കവേ, ഇങ്ങനെ പറഞ്ഞു: “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു. അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.” പിന്നീട് യേശു വഴിപാടുകൾ അർപ്പിക്കുന്ന സ്ഥലത്തിനെതിരേ ഇരുന്നുകൊണ്ട്, ജനക്കൂട്ടം ദൈവാലയഭണ്ഡാരത്തിൽ കാണിക്ക ഇടുന്നതു ശ്രദ്ധിച്ചു. ധനികർ പലരും വൻതുകകൾ ഇട്ടു. എന്നാൽ ദരിദ്രയായ ഒരു വിധവ വന്നു വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ ഇട്ടു. അതിന് ഒരു പൈസയുടെ വിലമാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “ഭണ്ഡാരത്തിൽ മറ്റെല്ലാവരും ഇട്ടതിലും അധികം ദരിദ്രയായ ഈ വിധവ ഇട്ടിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.