“മറ്റുള്ളവരെ ന്യായംവിധിക്കരുത്, വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്ന അതേ മാനദണ്ഡത്താൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും. “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്? നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ സഹോദരങ്ങളോട്, ‘നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും. “വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകൾ പന്നികളുടെമുമ്പിൽ എറിയുകയുമരുത്; പന്നികൾ ആ മുത്തുകൾ ചവിട്ടിമെതിക്കയും നായ്ക്കൾ തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും. “അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു. “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക? അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്? മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും! അതുകൊണ്ട്, മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക; ഇതുതന്നെയാണ് ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നതിന്റെ സാരാംശം. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്. എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.
മത്തായി 7 വായിക്കുക
കേൾക്കുക മത്തായി 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 7:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ