മത്തായി 7:1-14
നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരട് നോക്കുന്നത് എന്ത്? അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട്: നില്ല്, നിന്റെ കണ്ണിൽനിന്നു കരട് എടുത്തുകളയട്ടെ, എന്നു പറയുന്നത് എങ്ങനെ? കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരട് എടുത്തുകളവാൻ വെടിപ്പായി കാണും. വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽകൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്വാൻ ഇടവരരുത്. യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും. മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നെ. ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
മത്തായി 7:1-14