ലൂക്കോസ് 2:14-20

ലൂക്കോസ് 2:14-20 MCV

“പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ആലപിച്ചു. ദൂതന്മാർ അവരെവിട്ടു സ്വർഗത്തിലേക്കു മടങ്ങിയശേഷം, “നമുക്കു ബേത്ലഹേമിൽ ചെന്ന് അവിടെ കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം കാണാം” എന്ന് ആട്ടിടയന്മാർ പരസ്പരം പറഞ്ഞു. അവർ വളരെവേഗത്തിൽ യാത്രയായി, അവിടെച്ചെന്ന് മറിയയെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. അവരെക്കണ്ടതിനുശേഷം, ഈ ശിശുവിനെക്കുറിച്ചു ദൈവദൂതൻ തങ്ങളോട് അറിയിച്ചിരുന്ന കാര്യങ്ങളെല്ലാം ആട്ടിടയന്മാർ പരസ്യമാക്കി. ആട്ടിടയന്മാർ അറിയിച്ച വാർത്ത കേട്ട എല്ലാവരും ആശ്ചര്യഭരിതരായി. എന്നാൽ, മറിയ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് വിചിന്തനംചെയ്തുകൊണ്ടിരുന്നു. തങ്ങളെ അറിയിച്ചിരുന്നതുപോലെതന്നെ കേൾക്കുകയും കാണുകയുംചെയ്ത സകലകാര്യങ്ങൾക്കായും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ആട്ടിടയന്മാർ തിരികെപ്പോയി.