ലൂക്കൊസ് 2:14-20
ലൂക്കൊസ് 2:14-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു. ദൂതന്മാർ അവരെ വിട്ടു സ്വർഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്‍ലഹേമോളം ചെന്ന് കർത്താവ് നമ്മോട് അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ ബദ്ധപ്പെട്ടു ചെന്ന്, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്ക് അറിയിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്തയൊക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയുംകുറിച്ചു ദൈവത്തെ മഹത്ത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി.
ലൂക്കൊസ് 2:14-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സ്വർഗാതിസ്വർഗത്തിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ ദൈവപ്രസാദം ലഭിച്ച മനുഷ്യർക്കു സമാധാനം!” അനന്തരം മാലാഖമാർ അവരുടെ അടുക്കൽനിന്നു സ്വർഗത്തിലേക്കു പോയി. അപ്പോൾ ഇടയന്മാർ തമ്മിൽ പറഞ്ഞു: “നമുക്കു ബേത്‍ലഹേംവരെ ഒന്നു പോകാം; ദൈവം നമ്മെ അറിയിച്ച ആ സംഭവം കാണാമല്ലോ.” അവർ അതിവേഗംപോയി മറിയമിനെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. ഈ ശിശുവിനെപ്പറ്റി മാലാഖമാർ പറഞ്ഞ വസ്തുതകൾ ഇടയന്മാർ അറിയിച്ചു. കേട്ടവരെല്ലാം വിസ്മയഭരിതരായി. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം മനസ്സിൽ സൂക്ഷിച്ച് അവയെപ്പറ്റി ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ദൈവദൂതൻ തങ്ങളോടു പറഞ്ഞതുപോലെയെല്ലാം കാണുകയും കേൾക്കുകയും ചെയ്തതിനാൽ ആട്ടിടയന്മാർ ദൈവത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടു തിരിച്ചുപോയി.
ലൂക്കൊസ് 2:14-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നു പറഞ്ഞു. ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്-ലേഹേമിൽ ചെന്നു കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണണം എന്നു തമ്മിൽ പറഞ്ഞു. അവർ വേഗത്തിൽ ചെന്നു, മറിയയെയും യോസഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. ഈ കുഞ്ഞിനെക്കുറിച്ച് മാലാഖമാർ തങ്ങളോട് പറഞ്ഞവാക്ക് മറ്റുള്ളവരെയെല്ലാം അറിയിച്ചു. ഇടയന്മാർ പറഞ്ഞത് കേട്ടവർ എല്ലാം ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും വില ഉള്ളതെന്ന് കരുതി ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു. തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കണ്ടു. അവർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.
ലൂക്കൊസ് 2:14-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു. ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ലേഹെമോളം ചെന്നു കർത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു. അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു. മറിയ ഈ വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി.
ലൂക്കൊസ് 2:14-20 സമകാലിക മലയാളവിവർത്തനം (MCV)
“പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ആലപിച്ചു. ദൂതന്മാർ അവരെവിട്ടു സ്വർഗത്തിലേക്കു മടങ്ങിയശേഷം, “നമുക്കു ബേത്ലഹേമിൽ ചെന്ന് അവിടെ കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം കാണാം” എന്ന് ആട്ടിടയന്മാർ പരസ്പരം പറഞ്ഞു. അവർ വളരെവേഗത്തിൽ യാത്രയായി, അവിടെച്ചെന്ന് മറിയയെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. അവരെക്കണ്ടതിനുശേഷം, ഈ ശിശുവിനെക്കുറിച്ചു ദൈവദൂതൻ തങ്ങളോട് അറിയിച്ചിരുന്ന കാര്യങ്ങളെല്ലാം ആട്ടിടയന്മാർ പരസ്യമാക്കി. ആട്ടിടയന്മാർ അറിയിച്ച വാർത്ത കേട്ട എല്ലാവരും ആശ്ചര്യഭരിതരായി. എന്നാൽ, മറിയ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് വിചിന്തനംചെയ്തുകൊണ്ടിരുന്നു. തങ്ങളെ അറിയിച്ചിരുന്നതുപോലെതന്നെ കേൾക്കുകയും കാണുകയുംചെയ്ത സകലകാര്യങ്ങൾക്കായും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ആട്ടിടയന്മാർ തിരികെപ്പോയി.