യോഹന്നാൻ 14:5-14

യോഹന്നാൻ 14:5-14 MCV

“കർത്താവേ, അങ്ങ് എവിടേക്കു പോകുന്നെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ അവിടേക്കുള്ള വഴി എങ്ങനെ അറിയും?” എന്ന് തോമസ് അദ്ദേഹത്തോടു ചോദിച്ചു. അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ വാസ്തവമായി എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു; കണ്ടുമിരിക്കുന്നു.” അപ്പോൾ ഫിലിപ്പൊസ്, “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് ഒന്നു കാണിച്ചുതന്നാലും, ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു. അതിനുത്തരമായി യേശു, “ഇത്രയേറെക്കാലം ഞാൻ നിങ്ങളോടുകൂടെ ആയിരുന്നിട്ടും ഫിലിപ്പൊസേ, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? എന്നെ കണ്ടയാൾ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം’ എന്നു നീ പറയുന്നതെങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ എന്റെ സ്വന്തം അധികാരത്തിൽനിന്നുള്ളവയല്ല; എന്നിൽ വസിക്കുന്ന പിതാവ് അവിടത്തെ പ്രവൃത്തികൾ എന്നിലൂടെ നിറവേറ്റുകമാത്രമാണു ചെയ്യുന്നത്. ‘പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു’ എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക; അല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾനിമിത്തം വിശ്വസിക്കുക. സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നയാളും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിലും മഹത്തായ പ്രവൃത്തികൾ അയാൾ ചെയ്യും. പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് അപേക്ഷിക്കുന്നതെന്തും ഞാൻ ചെയ്തുതരും.