യോഹന്നാൻ 14:5-14
യോഹന്നാൻ 14:5-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തോമാസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോട്: ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട്: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോട് പറഞ്ഞത്: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നത് എങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. ഞാൻ പിതാവിലും പിതാവ് എന്നിലും എന്ന് എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിനു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നത് ഒക്കെയും ഞാൻ ചെയ്തുതരും.
യോഹന്നാൻ 14:5-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തോമസ് യേശുവിനോട്, “ഗുരോ, എവിടേക്കാണ് അങ്ങു പോകുന്നതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ; പിന്നെ എങ്ങനെയാണു വഴി അറിയുക” എന്നു ചോദിച്ചു. യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാൻ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇപ്പോൾമുതൽ നിങ്ങൾ അവിടുത്തെ അറിയുന്നു, നിങ്ങൾ അവിടുത്തെ ദർശിച്ചുമിരിക്കുന്നു.” അപ്പോൾ ഫീലിപ്പോസ്, “ഗുരോ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതന്നാലും; ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു. യേശു ഇപ്രകാരം അരുൾചെയ്തു: “ഇത്രയുംകാലം ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലല്ലോ ഫീലിപ്പോസേ; എന്നെ കണ്ടിട്ടുള്ളവൻ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണമെന്നു നീ പറയുന്നത് എന്താണ്! ഞാൻ പിതാവിലും പിതാവ് എന്നിലുമാകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? നിങ്ങളോടു ഞാൻ പറയുന്ന ഈ വാക്കുകൾ എന്റെ സ്വന്തമല്ല; പിതാവ് എന്നിൽ വസിച്ച് എന്നിലൂടെ തന്റെ പ്രവൃത്തികൾ നിർവഹിക്കുന്നു. ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക, അല്ലെങ്കിൽ എന്റെ പ്രവൃത്തികൾകൊണ്ടെങ്കിലും വിശ്വസിക്കുക. ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അവയെക്കാൾ വലിയ പ്രവൃത്തികളും ചെയ്യും. പിതാവിന്റെ മഹത്ത്വം പുത്രനിൽക്കൂടി വെളിപ്പെടുന്നതിന് എന്റെ നാമത്തിൽ നിങ്ങൾ എന്തുതന്നെ അപേക്ഷിച്ചാലും ഞാൻ നിങ്ങൾക്കു ചെയ്തുതരും. എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കിലും അപേക്ഷിക്കുന്നെങ്കിൽ അതു ഞാൻ ചെയ്തുതരും.
യോഹന്നാൻ 14:5-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തോമസ് അവനോട്: “കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും?“ എന്നു ചോദിച്ചു. യേശു അവനോട്: ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട്: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം; ഞങ്ങൾക്കു അത് മതി“ എന്നു പറഞ്ഞു. യേശു അവനോട് പറഞ്ഞത്: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിഞ്ഞില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നത് എങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പ്രത്യുത പിതാവ് എന്നിൽ വസിച്ചുകൊണ്ട് തന്റെ പ്രവൃത്തി ചെയ്യുന്നു. ഞാൻ പിതാവിലും പിതാവ് എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന് ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്തെങ്കിലും ചോദിച്ചാൽ ഞാൻ അത് ചെയ്തുതരും.
യോഹന്നാൻ 14:5-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിഞ്ഞില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
യോഹന്നാൻ 14:5-14 സമകാലിക മലയാളവിവർത്തനം (MCV)
“കർത്താവേ, അങ്ങ് എവിടേക്കു പോകുന്നെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ അവിടേക്കുള്ള വഴി എങ്ങനെ അറിയും?” എന്ന് തോമസ് അദ്ദേഹത്തോടു ചോദിച്ചു. അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ വാസ്തവമായി എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു; കണ്ടുമിരിക്കുന്നു.” അപ്പോൾ ഫിലിപ്പൊസ്, “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് ഒന്നു കാണിച്ചുതന്നാലും, ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു. അതിനുത്തരമായി യേശു, “ഇത്രയേറെക്കാലം ഞാൻ നിങ്ങളോടുകൂടെ ആയിരുന്നിട്ടും ഫിലിപ്പൊസേ, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? എന്നെ കണ്ടയാൾ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം’ എന്നു നീ പറയുന്നതെങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ എന്റെ സ്വന്തം അധികാരത്തിൽനിന്നുള്ളവയല്ല; എന്നിൽ വസിക്കുന്ന പിതാവ് അവിടത്തെ പ്രവൃത്തികൾ എന്നിലൂടെ നിറവേറ്റുകമാത്രമാണു ചെയ്യുന്നത്. ‘പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു’ എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക; അല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾനിമിത്തം വിശ്വസിക്കുക. സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നയാളും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിലും മഹത്തായ പ്രവൃത്തികൾ അയാൾ ചെയ്യും. പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് അപേക്ഷിക്കുന്നതെന്തും ഞാൻ ചെയ്തുതരും.