യെശയ്യാവ് 7:1-9

യെശയ്യാവ് 7:1-9 MCV

ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകൻ ആഹാസ് യെഹൂദാരാജാവായ കാലത്ത്, അരാംരാജാവായ രെസീനും രെമല്യാവിന്റെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹും, ജെറുശലേമിനെതിരേ യുദ്ധംചെയ്യാൻ ഒരു സൈനികനീക്കംനടത്തി. എന്നാൽ അവർക്ക് ജെറുശലേം കീഴടക്കാൻ കഴിഞ്ഞില്ല. “അരാമ്യർ എഫ്രയീമ്യരുമായി സഖ്യമുണ്ടാക്കി,” എന്നു ദാവീദുഗൃഹത്തിന് അറിവു ലഭിച്ചപ്പോൾ; ആഹാസിന്റെ ഹൃദയവും അദ്ദേഹത്തിന്റെ ജനതയുടെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കൊടുങ്കാറ്റിൽ ഉലയുന്നതുപോലെ വിറച്ചുപോയി. അപ്പോൾ യഹോവ യെശയ്യാവിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിക്കു മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയുടെ അറ്റത്തുചെന്ന്, അവിടെവെച്ച് ആഹാസിനെ കാണുക. അവനോടു പറയുക, ‘ശ്രദ്ധിക്കുക, ശാന്തനായിരിക്കുക, ഭയപ്പെടുകയുമരുത്. പുകയുന്ന ഈ രണ്ടു വിറകുകമ്പുകൾനിമിത്തം—രെസീന്റെയും അരാമ്യരുടെയും ഭയങ്കര ക്രോധവും രെമല്യാവിന്റെ മകൻ പെക്കാഹ്യാവു നിമിത്തവും—നിന്റെ ധൈര്യം ചോർന്നുപോകരുത്. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിനക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു, അവർ ഇപ്രകാരം പറയുന്നു: “നാം യെഹൂദയ്ക്കെതിരേ പുറപ്പെടാം, അതിനെ നശിപ്പിച്ച് അതിന്റെ മതിൽ ഇടിച്ചുനിരത്താം, താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കുകയും ചെയ്യാം.” എന്നാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഈ ആക്രമണം യാഥാർഥ്യമാകുകയില്ല; അതു സാധ്യമാകുകയുമില്ല, കാരണം അരാമിന്റെ തല ദമസ്കോസും ദമസ്കോസിന്റെ തല രെസീൻമാത്രവും ആണല്ലോ. ഇനി അറുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ എഫ്രയീം ഒരു ജനത ആയിരിക്കാത്തവിധം തകർന്നുപോകും. എഫ്രയീമിന്റെ തല ശമര്യയും ശമര്യയുടെ തല രെമല്യാവിന്റെ മകൻമാത്രവും ആണല്ലോ. നിങ്ങൾ വിശ്വാസത്തോടെ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ നിങ്ങൾക്കു നിലനിൽപ്പേയില്ല.’ ”