യെശയ്യാവ് 7
7
ഇമ്മാനുവേൽ എന്ന ചിഹ്നം
1ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകൻ ആഹാസ് യെഹൂദാരാജാവായ കാലത്ത്, അരാംരാജാവായ രെസീനും രെമല്യാവിന്റെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹും, ജെറുശലേമിനെതിരേ യുദ്ധംചെയ്യാൻ ഒരു സൈനികനീക്കംനടത്തി. എന്നാൽ അവർക്ക് ജെറുശലേം കീഴടക്കാൻ കഴിഞ്ഞില്ല.
2“അരാമ്യർ എഫ്രയീമ്യരുമായി സഖ്യമുണ്ടാക്കി,” എന്നു ദാവീദുഗൃഹത്തിന് അറിവു ലഭിച്ചപ്പോൾ; ആഹാസിന്റെ ഹൃദയവും അദ്ദേഹത്തിന്റെ ജനതയുടെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കൊടുങ്കാറ്റിൽ ഉലയുന്നതുപോലെ വിറച്ചുപോയി.
3അപ്പോൾ യഹോവ യെശയ്യാവിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നീയും നിന്റെ മകൻ ശെയാർ-യാശൂബും#7:3 ഒരു ശേഷിപ്പു മടങ്ങിവരും എന്നർഥം. അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിക്കു മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയുടെ അറ്റത്തുചെന്ന്, അവിടെവെച്ച് ആഹാസിനെ കാണുക. 4അവനോടു പറയുക, ‘ശ്രദ്ധിക്കുക, ശാന്തനായിരിക്കുക, ഭയപ്പെടുകയുമരുത്. പുകയുന്ന ഈ രണ്ടു വിറകുകമ്പുകൾനിമിത്തം—രെസീന്റെയും അരാമ്യരുടെയും ഭയങ്കര ക്രോധവും രെമല്യാവിന്റെ മകൻ പെക്കാഹ്യാവു നിമിത്തവും—നിന്റെ ധൈര്യം ചോർന്നുപോകരുത്. 5അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിനക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു, അവർ ഇപ്രകാരം പറയുന്നു: 6“നാം യെഹൂദയ്ക്കെതിരേ പുറപ്പെടാം, അതിനെ നശിപ്പിച്ച് അതിന്റെ മതിൽ ഇടിച്ചുനിരത്താം, താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കുകയും ചെയ്യാം.” 7എന്നാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഈ ആക്രമണം യാഥാർഥ്യമാകുകയില്ല;
അതു സാധ്യമാകുകയുമില്ല,
8കാരണം അരാമിന്റെ തല ദമസ്കോസും
ദമസ്കോസിന്റെ തല രെസീൻമാത്രവും ആണല്ലോ.
ഇനി അറുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ
എഫ്രയീം ഒരു ജനത ആയിരിക്കാത്തവിധം തകർന്നുപോകും.
9എഫ്രയീമിന്റെ തല ശമര്യയും
ശമര്യയുടെ തല രെമല്യാവിന്റെ മകൻമാത്രവും ആണല്ലോ.
നിങ്ങൾ വിശ്വാസത്തോടെ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ
നിങ്ങൾക്കു നിലനിൽപ്പേയില്ല.’ ”
10യഹോവ വീണ്ടും ആഹാസിനോട് ഇപ്രകാരം അരുളിച്ചെയ്തു: 11“നിന്റെ ദൈവമായ യഹോവയുടെ പക്കൽനിന്ന് നീ ചിഹ്നം ചോദിക്കുക. അതു താഴേ പാതാളത്തിലോ മീതേ സ്വർഗത്തിലോ ആയിക്കൊള്ളട്ടെ.”
12എന്നാൽ ആഹാസ്: “ഞാൻ ചോദിക്കുകയില്ല; യഹോവയെ പരീക്ഷിക്കുകയുമില്ല” എന്നു മറുപടി പറഞ്ഞു.
13അപ്പോൾ യെശയ്യാവു പറഞ്ഞു: “ദാവീദുഗൃഹമേ, ഇപ്പോൾ കേട്ടുകൊൾക! മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തിന്റെ ക്ഷമയുംകൂടെ പരീക്ഷിക്കുന്നത്? 14അതുകൊണ്ട് കർത്താവുതന്നെ നിങ്ങൾക്ക് ഒരു ചിഹ്നം നൽകും: കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും, ആ പുത്രൻ ഇമ്മാനുവേൽ#7:14 ദൈവം നമ്മോടുകൂടെ എന്നർഥം. എന്നു വിളിക്കപ്പെടും. 15തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ പ്രായമാകുന്നതുവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. 16തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ ബാലനു പ്രായമാകുന്നതിനുമുമ്പ് നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യം ശൂന്യമാക്കപ്പെട്ടിരിക്കും. 17എഫ്രയീം യെഹൂദയുമായുള്ള ബന്ധം വിച്ഛേദിച്ചകാലംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള നാളുകൾ യഹോവ നിന്റെമേലും നിന്റെ ജനത്തിന്റെമേലും നിന്റെ പിതൃഭവനത്തിന്റെമേലും വരുത്തും—അവിടന്ന് അശ്ശൂർരാജാവിനെത്തന്നെ നിനക്കെതിരേ വരുത്തും.”
അശ്ശൂർ യഹോവയുടെ ഉപകരണം
18അന്നാളിൽ യഹോവ ഈജിപ്റ്റിലെ നദികളുടെ അറ്റത്തുനിന്ന് ഈച്ചകൾക്കായും അശ്ശൂർദേശത്തുനിന്നു തേനീച്ചകൾക്കായും ചൂളമടിക്കും. 19അവ വന്ന് കിഴുക്കാംതൂക്കായ മലയിടുക്കുകളിലും പാറപ്പിളർപ്പുകളിലും സകലമുൾപ്പടർപ്പുകളിലും സർവമേച്ചിൽസ്ഥലങ്ങളിലും താമസമുറപ്പിക്കും. 20ആ ദിവസത്തിൽ യൂഫ്രട്ടീസ് നദിക്കും അക്കരെനിന്നു കർത്താവ് കൂലിക്കെടുത്ത ഒരു ക്ഷൗരക്കത്തികൊണ്ട്—അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ—തലയും കാലും ക്ഷൗരംചെയ്യിക്കും, അതു താടിയുംകൂടെ നീക്കിക്കളയുകയും ചെയ്യും. 21അക്കാലത്ത് ഒരു മനുഷ്യൻ ഒരു പശുക്കിടാവിനെയും രണ്ട് ആടിനെയും വളർത്തും. 22അവയിൽനിന്ന് കിട്ടുന്ന പാലിന്റെ സമൃദ്ധിനിമിത്തം അവൻ തൈരുകൊണ്ട് ഉപജീവനം നടത്തും. ദേശത്തു ശേഷിച്ചിരിക്കുന്ന എല്ലാ ജനവും തൈരും തേനും ഭക്ഷിക്കും. 23അന്ന് ആയിരം ശേക്കേൽ വെള്ളി#7:23 ഏക. 12 കി.ഗ്രാം. വിലമതിക്കുന്ന ആയിരം മുന്തിരിവള്ളിയുണ്ടായിരുന്ന സ്ഥലത്ത് മുള്ളും പറക്കാരയുംമാത്രം ശേഷിക്കും. 24ദേശമെല്ലാം മുള്ളും പറക്കാരയും നിറഞ്ഞുകിടക്കുകനിമിത്തം വേട്ടക്കാർ അമ്പും വില്ലുമായി അവിടെക്കൂടെ സഞ്ചരിക്കും. 25തൂമ്പകൊണ്ടു കിളച്ച് കൃഷിചെയ്തുപോന്നിരുന്ന എല്ലാ മലകളിലും, മുള്ളും പറക്കാരയും പേടിച്ച് അവിടേക്ക് ആരും പോകാതെയാകും; അവ കന്നുകാലികളെ മേയിക്കുന്നതിനും ആടുകൾക്ക് ചവിട്ടിമെതിക്കുന്നതിനുമുള്ള സ്ഥലമായിത്തീരും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശയ്യാവ് 7: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.