യെശയ്യാവ് 7:1-9
യെശയ്യാവ് 7:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പെക്കഹും യെരൂശലേമിന്റെ നേരേ യുദ്ധം ചെയ്വാൻ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ലതാനും. അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദുഗൃഹത്തിന് അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയുമ്പോലെ ഉലഞ്ഞുപോയി. അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ മകൻ ശെയാർ- യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപ്പാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്പാൻ ചെന്ന് അവനോടു പറയേണ്ടത്: സൂക്ഷിച്ചു കൊൾക; സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിൻമകന്റെയും ഉഗ്രകോപം നിമിത്തം നീ ഭയപ്പെടരുത്; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുത്. നാം യെഹൂദായുടെ നേരേ ചെന്ന് അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരേ ദുരാലോചന ചെയ്കകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല. അരാമിനു തല ദമ്മേശെക്; ദമ്മേശെക്കിനു തല രെസീൻ. അറുപത്തഞ്ചു സംവത്സരത്തിനകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നുപോകും. എഫ്രയീമിനു തല ശമര്യ; ശമര്യക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.
യെശയ്യാവ് 7:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉസ്സിയായുടെ പുത്രനായ യോഥാമിന്റെ മകൻ ആഹാസ് യെഹൂദാരാജാവായിരിക്കുമ്പോൾ രെമല്യായുടെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹും സിറിയാരാജാവായ രെസീനും ചേർന്ന് യെരൂശലേമിനെ ആക്രമിച്ചു. എന്നാൽ അവർക്ക് അതു പിടിച്ചടക്കാൻ കഴിഞ്ഞില്ല. സിറിയായും എഫ്രയീമും സഖ്യത്തിലാണെന്നറിഞ്ഞപ്പോൾ യെഹൂദാരാജാവും ജനങ്ങളും ഭയന്ന് കാറ്റിൽ ആടിയുലയുന്ന വൃക്ഷംപോലെ വിറച്ചു. അപ്പോൾ സർവേശ്വരൻ യെശയ്യായോട് അരുളിച്ചെയ്തു: “നീയും നിന്റെ പുത്രൻ ശെയാർ -യാശൂബും കൂടി അലക്കുകാരന്റെ വയലിലേക്കുള്ള പൊതുനിരത്തിലൂടെ ചെന്നു മേലെക്കുളത്തിൽ നിന്നുള്ള നീർച്ചാലിന്റെ അറ്റത്തുവച്ച് ആഹാസിനെ ചെന്നു കണ്ട് ഇപ്രകാരം പറയുക: ‘ഞാൻ പറയുന്നതു ശ്രദ്ധിക്കുക; സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ. സിറിയായുടെയും അവരുടെ രാജാവായ രെസീന്റെയും ഇസ്രായേലിന്റെ രാജാവായ പേക്കഹിന്റെയും ഉഗ്രകോപം നിമിത്തം നീ അധൈര്യപ്പെടരുത്. അവർ പുകയുന്ന തീക്കൊള്ളികൾ മാത്രമാണ്. നമുക്ക് യെഹൂദായുടെ നേരെ ചെന്നു ഭയപ്പെടുത്തി, അതു പിടിച്ചടക്കി താബെയിലിന്റെ പുത്രനെ അവിടെ രാജാവായി വാഴിക്കാം” എന്നു പറഞ്ഞൊത്തുകൊണ്ടു സിറിയായും എഫ്രയീമും രെമല്യായുടെ പുത്രനും നിനക്കെതിരെ ഗൂഢാലോചന നടത്തി. അതിനാൽ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അതു സംഭവിക്കുകയില്ല. കാരണം സിറിയായുടെ തലസ്ഥാനം ദമാസ്കസും ദമാസ്കസിന്റെ രാജാവ് രെസീനുമാണ്. എഫ്രയീം ഒരു ജനതയായി ശേഷിക്കാത്തവിധം അറുപത്തഞ്ചു വർഷത്തിനുള്ളിൽ അതു തകർന്നുപോകും. എഫ്രയീമിന്റെ തലസ്ഥാനം ശമര്യയും ശമര്യയുടെ തലവൻ രെമല്യായുടെ പുത്രനുമാണ്. വിശ്വസിച്ചില്ലെങ്കിൽ നിങ്ങൾ നിലനില്‌ക്കുകയില്ല.”
യെശയ്യാവ് 7:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഉസ്സീയാവിന്‍റെ മകനായ യോഥാമിന്റെ മകനായി യെഹൂദാ രാജാവായ ആഹാസിന്‍റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവന്നു; അതിനെ പിടിക്കുവാൻ അവർക്ക് കഴിഞ്ഞില്ലതാനും. “അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു” എന്നു ദാവീദുഗൃഹത്തിനു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയും പോലെ ഉലഞ്ഞുപോയി. അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള പ്രധാനപാതക്കരികിൽ മേലെക്കുളത്തിന്‍റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്നു അവനോട് പറയേണ്ടത്: സൂക്ഷിച്ചുകൊള്ളുക: സാവധാനമായിരിക്കുക; പുകയുന്ന ഈ രണ്ടു കഷണം തീക്കൊള്ളിനിമിത്തം, അരാമിന്‍റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുത്; നിന്റെ ധൈര്യം ക്ഷയിച്ചുപോകുകയുമരുത്. നാം യെഹൂദായുടെ നേരെ ചെന്നു അതിനെ ഭയപ്പെടുത്തി മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കണം” എന്നു പറഞ്ഞു. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്‍റെനേരെ ദുരാലോചന ചെയ്യുകകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് സംഭവിക്കുകയില്ല, സാധിക്കുകയുമില്ല. അരാമിനു തല ദമ്മേശെക്; ദമ്മേശെക്കിനു തല രെസീൻ. അറുപത്തഞ്ചു വർഷത്തിനകം എഫ്രയീം ജനമായിരിക്കാത്തവിധം തകർന്നുപോകും. എഫ്രയീമിനു തല ശമര്യ; ശമര്യയ്ക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.”
യെശയ്യാവ് 7:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പേക്കഹും യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്വാൻ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ലതാനും. അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദുഗൃഹത്തിന്നു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി. അപ്പോൾ യഹോവ യെശയ്യാവോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്തു ആഹാസിനെ എതിരേല്പാൻ ചെന്നു അവനോടു പറയേണ്ടതു: സൂക്ഷിച്ചുകൊൾക: സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം, അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു. നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്കകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല. അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നുപോകും. എഫ്രയീമിന്നു തല ശമര്യ; ശമര്യെക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.
യെശയ്യാവ് 7:1-9 സമകാലിക മലയാളവിവർത്തനം (MCV)
ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകൻ ആഹാസ് യെഹൂദാരാജാവായ കാലത്ത്, അരാംരാജാവായ രെസീനും രെമല്യാവിന്റെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹും, ജെറുശലേമിനെതിരേ യുദ്ധംചെയ്യാൻ ഒരു സൈനികനീക്കംനടത്തി. എന്നാൽ അവർക്ക് ജെറുശലേം കീഴടക്കാൻ കഴിഞ്ഞില്ല. “അരാമ്യർ എഫ്രയീമ്യരുമായി സഖ്യമുണ്ടാക്കി,” എന്നു ദാവീദുഗൃഹത്തിന് അറിവു ലഭിച്ചപ്പോൾ; ആഹാസിന്റെ ഹൃദയവും അദ്ദേഹത്തിന്റെ ജനതയുടെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കൊടുങ്കാറ്റിൽ ഉലയുന്നതുപോലെ വിറച്ചുപോയി. അപ്പോൾ യഹോവ യെശയ്യാവിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിക്കു മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയുടെ അറ്റത്തുചെന്ന്, അവിടെവെച്ച് ആഹാസിനെ കാണുക. അവനോടു പറയുക, ‘ശ്രദ്ധിക്കുക, ശാന്തനായിരിക്കുക, ഭയപ്പെടുകയുമരുത്. പുകയുന്ന ഈ രണ്ടു വിറകുകമ്പുകൾനിമിത്തം—രെസീന്റെയും അരാമ്യരുടെയും ഭയങ്കര ക്രോധവും രെമല്യാവിന്റെ മകൻ പെക്കാഹ്യാവു നിമിത്തവും—നിന്റെ ധൈര്യം ചോർന്നുപോകരുത്. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിനക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു, അവർ ഇപ്രകാരം പറയുന്നു: “നാം യെഹൂദയ്ക്കെതിരേ പുറപ്പെടാം, അതിനെ നശിപ്പിച്ച് അതിന്റെ മതിൽ ഇടിച്ചുനിരത്താം, താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കുകയും ചെയ്യാം.” എന്നാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഈ ആക്രമണം യാഥാർഥ്യമാകുകയില്ല; അതു സാധ്യമാകുകയുമില്ല, കാരണം അരാമിന്റെ തല ദമസ്കോസും ദമസ്കോസിന്റെ തല രെസീൻമാത്രവും ആണല്ലോ. ഇനി അറുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ എഫ്രയീം ഒരു ജനത ആയിരിക്കാത്തവിധം തകർന്നുപോകും. എഫ്രയീമിന്റെ തല ശമര്യയും ശമര്യയുടെ തല രെമല്യാവിന്റെ മകൻമാത്രവും ആണല്ലോ. നിങ്ങൾ വിശ്വാസത്തോടെ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ നിങ്ങൾക്കു നിലനിൽപ്പേയില്ല.’ ”