യെശയ്യാവ് 43:18-25

യെശയ്യാവ് 43:18-25 MCV

“പൂർവകാര്യങ്ങൾ നിങ്ങൾ ഓർക്കരുത്; കഴിഞ്ഞകാലത്തെ കാര്യങ്ങൾ ചിന്തിക്കുകയുമരുത്. ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു! ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ? ഞാൻ മരുഭൂമിയിൽ ഒരു വഴിയും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും. എന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു കുടിക്കുന്നതിനായി ഞാൻ മരുഭൂമിയിൽ വെള്ളവും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കിയിരിക്കുകയാൽ വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ മഹത്ത്വപ്പെടുത്തും. എനിക്കുവേണ്ടി ഞാൻ നിർമിച്ച എന്റെ ജനം എന്റെ സ്തുതി വിളംബരംചെയ്യും. “എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, ഇസ്രായേലേ, നിങ്ങൾ എന്നെക്കുറിച്ചു മടുപ്പുള്ളവരായിത്തീർന്നു. നിങ്ങൾ ഹോമയാഗങ്ങൾക്കുള്ള കുഞ്ഞാടുകളെ എനിക്കു കൊണ്ടുവന്നില്ല, നിങ്ങളുടെ യാഗങ്ങളാൽ എന്നെ ബഹുമാനിച്ചിട്ടുമില്ല. ഭോജനയാഗങ്ങൾകൊണ്ട് ഞാൻ നിങ്ങളെ ഭാരപ്പെടുത്തുകയോ സുഗന്ധധൂപത്തിനായി നിങ്ങളെ അസഹ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിങ്ങൾ പണം മുടക്കി എനിക്കുവേണ്ടി സുഗന്ധച്ചെടി കൊണ്ടുവന്നിട്ടില്ല, ഹനനയാഗങ്ങളുടെ മേദസ്സിനാൽ എന്നെ തൃപ്തനാക്കിയിട്ടുമില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളാൽ എന്നെ ഭാരപ്പെടുത്തുകയും നിങ്ങളുടെ അകൃത്യങ്ങളാൽ എന്നെ അസഹ്യപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. “ഞാൻ, ഞാൻതന്നെയാണ് നിങ്ങളുടെ അതിക്രമങ്ങൾ എന്റെനിമിത്തം മായിച്ചുകളയുന്നത്, നിങ്ങളുടെ പാപങ്ങൾ ഞാൻ ഇനിമേൽ ഓർക്കുകയുമില്ല.