യെശയ്യാവ് 43:18-25
യെശയ്യാവ് 43:18-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉദ്ഭവിക്കും; നിങ്ങൾ അത് അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജനപ്രദേശത്തു നദികളും ഉണ്ടാക്കും. ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിപ്പാൻ കൊടുക്കേണ്ടതിനു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. ഞാൻ എനിക്കുവേണ്ടി നിർമിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും. എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം അധ്വാനിച്ചിട്ടുമില്ല. നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അധ്വാനിപ്പിച്ചിട്ടുമില്ല. നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്കു തൃപ്തിവരുത്തിയിട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ട് എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു. എന്റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.
യെശയ്യാവ് 43:18-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കഴിഞ്ഞ കാര്യങ്ങൾ നിങ്ങൾ ഓർക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാൻ ഒരു പുതിയ കാര്യം ചെയ്യുന്നു; അതു നാമ്പിടുന്നതു നിങ്ങൾ കാണുന്നില്ലേ? ഞാൻ വിജനപ്രദേശത്ത് ഒരു പാതയും മരുഭൂമിയിൽ നദികളും ഉണ്ടാക്കും. എന്നെ പ്രകീർത്തിക്കാൻ ഞാൻ ജന്മം നല്കിയ എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾക്കു കുടിക്കാൻ വിജനപ്രദേശത്തു നീരുറവയും മരുഭൂമിയിൽ നദികളും ഒരുക്കിയതുകൊണ്ടു വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷിയും എന്നെ ബഹുമാനിക്കും.” “എങ്കിലും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചില്ല. ഇസ്രായേലേ, നീ എന്നോടു വിരക്തി കാട്ടി. ഹോമയാഗത്തിന് ആടുകളെ നീ എന്റെ അടുക്കൽ കൊണ്ടുവന്നിട്ടില്ല. നിന്റെ യാഗങ്ങൾകൊണ്ടു നീ എന്നെ ആരാധിച്ചിട്ടുമില്ല. യാഗാർപ്പണത്തിനു വേണ്ടിയോ ധൂപാർച്ചനയ്ക്കു വേണ്ടിയോ ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. നീ എനിക്കുവേണ്ടി പണം മുടക്കി സുഗന്ധദ്രവ്യങ്ങൾ വാങ്ങിയിട്ടില്ല. യാഗമൃഗങ്ങളുടെ മേദസ്സുകൊണ്ടു നീ എന്നെ തൃപ്തിപ്പെടുത്തിയിട്ടുമില്ല. എന്നാൽ നിന്റെ പാപം കൊണ്ടും നിന്റെ അകൃത്യങ്ങൾ കൊണ്ടും നീ എന്നെ ബുദ്ധിമുട്ടിച്ചിരിക്കുന്നു. ഞാൻ, ഞാനാകുന്നു. എനിക്കുവേണ്ടി നിന്റെ അതിക്രമങ്ങളെ ഞാൻ തുടച്ചുനീക്കുന്നു. നിന്റെ പാപങ്ങൾ ഞാൻ ഓർക്കുകയില്ല.
യെശയ്യാവ് 43:18-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ; പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അത് അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിക്കുവാൻ കൊടുക്കണ്ടതിന് ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. ഞാൻ എനിക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും. എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല. നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്ക് കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ ബദ്ധപ്പെടുത്തിയിട്ടുമില്ല. നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്ക് തൃപ്തിവരുത്തിയിട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ ഭാരപ്പെടുത്തുകയും നിന്റെ അകൃത്യങ്ങൾകൊണ്ട് എന്നെ മടുപ്പിക്കുകയും ചെയ്തു. എന്റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കുകയുമില്ല.
യെശയ്യാവ് 43:18-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാൻ കൊടുക്കേണ്ടതിന്നു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും. എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല. നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല. നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു. എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.
യെശയ്യാവ് 43:18-25 സമകാലിക മലയാളവിവർത്തനം (MCV)
“പൂർവകാര്യങ്ങൾ നിങ്ങൾ ഓർക്കരുത്; കഴിഞ്ഞകാലത്തെ കാര്യങ്ങൾ ചിന്തിക്കുകയുമരുത്. ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു! ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ? ഞാൻ മരുഭൂമിയിൽ ഒരു വഴിയും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും. എന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു കുടിക്കുന്നതിനായി ഞാൻ മരുഭൂമിയിൽ വെള്ളവും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കിയിരിക്കുകയാൽ വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ മഹത്ത്വപ്പെടുത്തും. എനിക്കുവേണ്ടി ഞാൻ നിർമിച്ച എന്റെ ജനം എന്റെ സ്തുതി വിളംബരംചെയ്യും. “എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, ഇസ്രായേലേ, നിങ്ങൾ എന്നെക്കുറിച്ചു മടുപ്പുള്ളവരായിത്തീർന്നു. നിങ്ങൾ ഹോമയാഗങ്ങൾക്കുള്ള കുഞ്ഞാടുകളെ എനിക്കു കൊണ്ടുവന്നില്ല, നിങ്ങളുടെ യാഗങ്ങളാൽ എന്നെ ബഹുമാനിച്ചിട്ടുമില്ല. ഭോജനയാഗങ്ങൾകൊണ്ട് ഞാൻ നിങ്ങളെ ഭാരപ്പെടുത്തുകയോ സുഗന്ധധൂപത്തിനായി നിങ്ങളെ അസഹ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിങ്ങൾ പണം മുടക്കി എനിക്കുവേണ്ടി സുഗന്ധച്ചെടി കൊണ്ടുവന്നിട്ടില്ല, ഹനനയാഗങ്ങളുടെ മേദസ്സിനാൽ എന്നെ തൃപ്തനാക്കിയിട്ടുമില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളാൽ എന്നെ ഭാരപ്പെടുത്തുകയും നിങ്ങളുടെ അകൃത്യങ്ങളാൽ എന്നെ അസഹ്യപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. “ഞാൻ, ഞാൻതന്നെയാണ് നിങ്ങളുടെ അതിക്രമങ്ങൾ എന്റെനിമിത്തം മായിച്ചുകളയുന്നത്, നിങ്ങളുടെ പാപങ്ങൾ ഞാൻ ഇനിമേൽ ഓർക്കുകയുമില്ല.