അപ്പോ.പ്രവൃത്തികൾ 5:22-42

അപ്പോ.പ്രവൃത്തികൾ 5:22-42 MCV

എന്നാൽ, അവിടെ ചെന്നപ്പോൾ അവരെ കാണാത്തതിനാൽ സേവകർ മടങ്ങിവന്നു വിവരം അറിയിച്ചു. “കാരാഗൃഹം ഭദ്രമായി പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു; വാതിൽ തുറന്നപ്പോൾ ആരെയും അകത്തു കണ്ടില്ല.” ഇതു കേട്ടപ്പോൾ ദൈവാലയത്തിലെ കാവൽപ്പട്ടാളമേധാവിയും പുരോഹിതമുഖ്യന്മാരും ഇതെന്തായിത്തീരും എന്നോർത്ത് അവരെക്കുറിച്ചു പരിഭ്രാന്തരായിത്തീർന്നു. അപ്പോൾ ഒരാൾ വന്ന്, “നോക്കൂ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദൈവാലയാങ്കണത്തിൽനിന്നുകൊണ്ടു ജനങ്ങളെ ഉപദേശിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പട്ടാളമേധാവി സേവകരോടൊപ്പം ചെന്ന്, ജനങ്ങൾ തങ്ങളെ കല്ലെറിയുമെന്നുള്ള ഭയംനിമിത്തം ബലപ്രയോഗമൊന്നുംകൂടാതെ അപ്പൊസ്തലന്മാരെ കൂട്ടിക്കൊണ്ടുവന്നു. അവർ അവരെ കൊണ്ടുവന്നു ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ വിസ്തരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഈ മനുഷ്യന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.” പത്രോസും മറ്റ് അപ്പൊസ്തലന്മാരും ഇപ്രകാരം മറുപടി പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.” ഇതു കേട്ടപ്പോൾ അവർ കോപാകുലരായി അപ്പൊസ്തലന്മാരെ കൊന്നുകളയാൻ തീരുമാനിച്ചു. അപ്പോൾത്തന്നെ ഒരു ന്യായപ്രമാണോപദേഷ്ടാവും എല്ലാവർക്കും ബഹുമാന്യനുമായിരുന്ന ഗമാലിയേൽ എന്നു പേരുള്ള ഒരു പരീശൻ ന്യായാധിപസമിതിയിൽ എഴുന്നേറ്റുനിന്ന് ആ മനുഷ്യരെ കുറെനേരത്തേക്കു പുറത്തുകൊണ്ടുപോകാൻ കൽപ്പിച്ചു. അതിനുശേഷം അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേൽജനമേ, നിങ്ങൾ ഈ മനുഷ്യരോട് എന്താണു ചെയ്യാൻപോകുന്നതെന്ന് സൂക്ഷിച്ചുകൊള്ളണം. കുറെക്കാലംമുമ്പ് ത്യുദാസ് എന്നൊരാൾ മഹാൻ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ടു വന്നു. ഏകദേശം നാനൂറുപേർ അയാളോടുചേർന്നു. അയാൾ കൊല്ലപ്പെടുകയും അയാളുടെ അനുയായികളെല്ലാം ചിതറി നാമാവശേഷമാകുകയും ചെയ്തു; അയാൾക്കുശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യാനിർണയസമയത്ത് രംഗത്തുവരികയും വലിയൊരുകൂട്ടം ജനത്തെ ആകർഷിച്ച് അവരുടെ നേതാവായി വിപ്ളവം നയിക്കുകയും ചെയ്തു. ഒടുവിൽ അയാൾ കൊല്ലപ്പെട്ടു, അയാളുടെ അനുയായികളെല്ലാം ചിതറിപ്പോയി. അതുകൊണ്ട് ഈ വിഷയത്തിൽ എന്റെ ഉപദേശം ഇതാണ്: ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. അവരുടെ ഉദ്ദേശ്യവും പ്രവർത്തനവും മാനുഷികമെങ്കിൽ അതു നശിക്കും. അല്ല, അത് ദൈവത്തിൽനിന്നുള്ളതെങ്കിൽ നിങ്ങൾക്ക് അതിനെ നശിപ്പിക്കാൻ സാധ്യമല്ല. നിങ്ങൾ ദൈവത്തിന്റെ ശത്രുക്കളായിത്തീരാനും പാടില്ലല്ലോ.” അദ്ദേഹത്തിന്റെ നിർദേശം അവർ അംഗീകരിച്ചു, അപ്പൊസ്തലന്മാരെ വിളിച്ചുവരുത്തി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. യേശുവിന്റെ നാമത്തിൽ ഇനി ഒരിക്കലും പ്രസംഗിക്കരുതെന്ന് ആജ്ഞാപിച്ച് അവരെ മോചിപ്പിച്ചു. തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ ആനന്ദിച്ചുകൊണ്ട് അപ്പൊസ്തലന്മാർ ന്യായാധിപസമിതിക്കുമുമ്പിൽനിന്ന് പോയി. അവർ ഓരോ ദിവസവും ദൈവാലയ അങ്കണത്തിലും വീടുകളിലും മുടങ്ങാതെ ഉപദേശിക്കുകയും യേശുതന്നെ ക്രിസ്തു എന്നു പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.