അപ്പൊ. പ്രവൃത്തികൾ 5:22-42
അപ്പൊ. പ്രവൃത്തികൾ 5:22-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു; തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല എന്ന് അറിയിച്ചു. ഈ വാക്കു കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇത് എന്തായിത്തീരും എന്ന് അവരെക്കുറിച്ചു ചഞ്ചലിച്ചു. അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്ന് ബോധിപ്പിച്ചു. പടനായകൻ ചേവകരുമായി ചെന്ന്, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു. അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോട്: ഈ നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലംകൈയാൽ ഉയർത്തിയിരിക്കുന്നു. ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവംതന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു. അപ്പോൾ സർവജനത്തിനും ബഹുമാനമുള്ള ധർമോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു. പിന്നെ അവൻ അവരോട്: യിസ്രായേൽപുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്വാൻ പോകുന്നു എന്ന് സൂക്ഷിച്ചുകൊൾവിൻ. ഈ നാളുകൾക്കു മുമ്പേ ത്യൂദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേർന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു. അവന്റെശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്ത് എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവരൊക്കെയും ചിതറിപ്പോയി. ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്നു കല്പിച്ച് അവരെ വിട്ടയച്ചു. തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി. പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
അപ്പൊ. പ്രവൃത്തികൾ 5:22-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ദേവാലയത്തിലെ ഉദ്യോഗസ്ഥന്മാർ ചെന്നപ്പോൾ അപ്പോസ്തോലന്മാരെ അവിടെ കണ്ടില്ല. അവർ മടങ്ങിച്ചെന്ന് ഇപ്രകാരം അറിയിച്ചു: “ജയിൽ വളരെ ഭദ്രമായി പൂട്ടിയിരിക്കുന്നത് ഞങ്ങൾ കണ്ടു. കാവല്‌ക്കാർ വാതില്‌ക്കൽ നില്‌ക്കുന്നുമുണ്ടായിരുന്നു. പക്ഷേ, വാതിൽ തുറന്നപ്പോൾ അകത്ത് ആരെയും കണ്ടില്ല.” ദേവാലയത്തിലെ പടനായകനും പുരോഹിതമുഖ്യന്മാരും ഇതു കേട്ടപ്പോൾ, ഇതെങ്ങനെ പരിണമിക്കുമെന്ന് ഓർത്ത് അവരെക്കുറിച്ച് അത്യധികം അമ്പരന്നു. ആ സമയത്ത് ഒരാൾ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ കാരാഗൃഹത്തിലടച്ച ആ മനുഷ്യൻ അതാ, ദേവാലയത്തിൽ നിന്നുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നു.” അപ്പോൾ പടനായകനും ഭടന്മാരുംകൂടി ചെന്ന് അപ്പോസ്തോലന്മാരെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങൾ തങ്ങളെ കല്ലെറിഞ്ഞേക്കുമോ എന്ന് അവർക്ക് ഭയമുണ്ടായിരുന്നതുകൊണ്ട് ബലം പ്രയോഗിച്ചില്ല. അങ്ങനെ അവരെ സന്നദ്രിംസംഘത്തിന്റെ മുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ ചോദ്യം ചെയ്തുകൊണ്ടു പറഞ്ഞു: “ആ മനുഷ്യന്റെ നാമത്തിൽ ജനങ്ങളെ പഠിപ്പിക്കരുതെന്നു ഞങ്ങൾ നിങ്ങളോടു കർശനമായി ആജ്ഞാപിച്ചിരുന്നുവല്ലോ. എന്നാൽ ഇപ്പോൾ ഇതാ നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ട് യെരൂശലേം മുഴുവൻ നിറച്ചിരിക്കുന്നു. ആ മനുഷ്യന്റെ രക്തത്തിന്റെ ഉത്തരവാദിത്വം ഞങ്ങളുടെമേൽ ചുമത്താനാണു നിങ്ങളുടെ ഉദ്ദേശ്യം.” പത്രോസും അപ്പോസ്തോലന്മാരും പ്രതിവചിച്ചു: “മനുഷ്യരെക്കാൾ അധികം ദൈവത്തെയാണ് ഞങ്ങൾ അനുസരിക്കേണ്ടത്. നിങ്ങൾ മരക്കുരിശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു. ഇസ്രായേൽ അനുതപിച്ചു മനം തിരിയുന്നതിനും അവർക്കു പാപമോചനം നല്‌കുന്നതിനും യേശുവിനെ നായകനും രക്ഷകനുമായി ദൈവം തന്റെ വലത്തുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. ഈ വസ്തുതകൾക്ക് ഞങ്ങളും, ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടുന്നു നല്‌കുന്ന പരിശുദ്ധാത്മാവും സാക്ഷികളാകുന്നു.” ഇതു കേട്ടപ്പോൾ അവർ ക്ഷുഭിതരായി. അപ്പോസ്തോലന്മാരുടെ കഥ കഴിക്കണമെന്ന് അവർ തീരുമാനിച്ചു. എന്നാൽ സന്നദ്രിംസംഘത്തിലുൾപ്പെട്ട ഗമാലിയേൽ എന്ന പരീശൻ എഴുന്നേറ്റുനിന്ന് അപ്പോസ്തോലന്മാരെ അല്പസമയത്തേക്ക് പുറത്തിറക്കി നിറുത്താൻ ആജ്ഞാപിച്ചു. എല്ലാവരാലും ബഹുമാനിതനും യെഹൂദന്മാരുടെ ധർമോപദേഷ്ടാവുമായിരുന്നു ഗമാലിയേൽ. അദ്ദേഹം പറഞ്ഞു: “ഇസ്രായേൽജനങ്ങളേ, ഈ മനുഷ്യരെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നത് സൂക്ഷിച്ചുവേണം. കുറെനാൾ മുമ്പ് ത്യുദാസ് എന്നൊരാൾ താൻ മഹാനാണെന്നു ഭാവിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടല്ലോ. ഏകദേശം നാനൂറുപേർ അയാളുടെ പക്ഷത്തു ചേർന്നു. എന്നാൽ അയാൾ കൊല്ലപ്പെട്ടു; അയാളെ അനുഗമിച്ചവർ ചിന്നിച്ചിതറി നാമാവശേഷരായിത്തീർന്നു. അതിനുശേഷം ഗലീലക്കാരനായ യൂദാ എന്നൊരാൾ കാനേഷുമാരി എടുത്തകാലത്തു പ്രത്യക്ഷപ്പെട്ട് ഏതാനും ആളുകളെ വശീകരിച്ചു. അയാളും നശിച്ചു; അയാളെ അനുഗമിച്ചവരും ചിന്നിച്ചിതറിപ്പോയി. അതുകൊണ്ട് ഇക്കാര്യത്തിൽ ഞാൻ പറയുന്നത്, അവരുടെ പേരിൽ നടപടിയൊന്നും എടുക്കാതെ അവരുടെ വഴിക്കു വിടുക എന്നാണ്. ഇതു മനുഷ്യന്റെ പദ്ധതിയോ പ്രവർത്തനമോ ആണെങ്കിൽ താനേ നശിക്കും. എന്നാൽ ദൈവത്തിൽനിന്നുള്ളതാണെങ്കിൽ അതിനെ നശിപ്പിക്കുവാൻ നിങ്ങൾക്കു സാധ്യമല്ല. നിങ്ങൾ ദൈവത്തോട് എതിർക്കുന്നവരെന്ന് ഒരിക്കലും വരരുതല്ലോ.” സന്നദ്രിംസംഘം ഗമാലിയേലിന്റെ ഉപദേശം സ്വീകരിച്ചു. അവർ അപ്പോസ്തോലന്മാരെ വിളിച്ചുവരുത്തി പ്രഹരിപ്പിച്ചു; മേലിൽ യേശുവിന്റെ നാമത്തിൽ പ്രബോധിപ്പിക്കരുതെന്നു താക്കീതു നല്‌കിയശേഷം അവരെ വിട്ടയച്ചു. അവരാകട്ടെ യേശുവിന്റെ നാമത്തിൽ അപമാനം സഹിക്കുവാൻ അർഹരായതിൽ ആനന്ദിച്ചുകൊണ്ട് സന്നദ്രിംസംഘത്തിന്റെ മുമ്പിൽനിന്നു പോയി. അവർ ദിവസംതോറും ദേവാലയത്തിലും വീടുകളിലും യേശുവാണ് മശിഹാ എന്ന് അനുസ്യൂതം പ്രസംഗിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തുപോന്നു.
അപ്പൊ. പ്രവൃത്തികൾ 5:22-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കണ്ടില്ല അവർ മടങ്ങിവന്നിട്ട് പറഞ്ഞത്: “കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു; എന്നാൽ തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല.” ഈ വാക്ക് കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും അവരെക്കുറിച്ച് ഇത് എന്തായിത്തീരും എന്നു വിചാരിച്ച് ചഞ്ചലിച്ച് കൊണ്ടിരുന്നു അപ്പോൾ ഒരാൾ വന്ന്: “നിങ്ങൾ കാരാഗൃഹത്തിലാക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ട് ജനത്തെ ഉപദേശിക്കുന്നു” എന്നു അറിയിച്ചു. അതുകേട്ട് പടനായകൻ ചേവകരുമായി ചെന്നു, ജനം തങ്ങളെ കല്ലെറിയും എന്നു ഭയപ്പെടുകയാൽ, ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു. അങ്ങനെ അവരെ കൊണ്ടുവന്ന് ന്യായാധിപസംഘത്തിന്മുമ്പാകെ നിർത്തി; മഹാപുരോഹിതൻ അവരെ ചോദ്യംചെയ്തു. “യേശുവിന്‍റെ നാമത്തിൽ ഉപദേശിക്കരുത് എന്നു ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിലെ ജനങ്ങളെ മുഴുവൻ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു; ആ യേശുവിന്‍റെ രക്തത്തിൻ്റെ കുറ്റം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു” എന്നു പറഞ്ഞു. അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും പറഞ്ഞത്: “മനുഷ്യരേക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. നിങ്ങൾ ക്രൂശിൽ തറച്ചുകൊന്ന യേശുവിനെ തന്നെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിനു മാനസാന്തരവും പാപമോചനവും നല്കുവാൻ, ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്‍റെ വലതു ഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. ഈ സംഭവങ്ങൾക്ക് ഞങ്ങളും, ദൈവം തന്നെ അനുസരിക്കുന്നവർക്ക് നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു” എന്നു ഉത്തരം പറഞ്ഞു. ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അപ്പൊസ്തലന്മാരെ കൊന്നുകളയുവാൻ ഭാവിച്ചു. അപ്പോൾ എല്ലാജനങ്ങളും ബഹുമാനിക്കുന്ന ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടാവായ ഗമാലിയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അപ്പൊസ്തലന്മാരെ കുറച്ചുനേരത്തേക്ക് പുറത്താക്കുവാൻ കല്പിച്ചു. അവരെ പുറത്താക്കിയതിന് ശേഷം അവൻ അവരോട്: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്‌വാൻ തീരുമാനിക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ. കുറച്ചുകാലങ്ങൾക്ക് മുൻപ് ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റ് താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറ് പുരുഷന്മാർ അവനോടുകൂടെ ചേർന്നു എങ്കിലും അവൻ കൊല്ലപ്പെടുകയും അവനെ അനുഗമിച്ചവർ എല്ലാവരും ചിതറി ഒന്നുമില്ലാതാകുകയും ചെയ്തു. അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യ കണക്കെടുപ്പിന്റെ കാലത്ത് എഴുന്നേറ്റ് ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി. ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഇത് മാനുഷികമായ ആലോചനയോ പ്രവൃത്തിയോ ആണെങ്കിൽ അത് നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴിയുകയില്ല; നിങ്ങൾ ദൈവത്തോട് പോരാടുന്നു എന്നു വരരുതല്ലോ” എന്നു പറഞ്ഞു. അവർക്ക് അത് ബോധിച്ചു. അവർ അപ്പൊസ്തലന്മാരെ അകത്ത് വരുത്തി അടിപ്പിച്ച്, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുത് എന്നു കല്പിച്ച് അവരെ വിട്ടയച്ചു. തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുംകൊണ്ട് ന്യായാധിപസംഘത്തിൻ്റെ മുമ്പിൽനിന്ന് പുറപ്പെട്ടുപോയി. പിന്നീട് അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും ചെന്നു യേശു തന്നെ ക്രിസ്തു എന്നു പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അപ്പൊ. പ്രവൃത്തികൾ 5:22-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു; തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു. ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു. അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു. പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു. അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു: ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു. അപ്പോൾ സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു. പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്വാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഈ നാളുകൾക്കു മുമ്പെ ത്യൂദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേർന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു. അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി. ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു. തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി. പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
അപ്പൊ. പ്രവൃത്തികൾ 5:22-42 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, അവിടെ ചെന്നപ്പോൾ അവരെ കാണാത്തതിനാൽ സേവകർ മടങ്ങിവന്നു വിവരം അറിയിച്ചു. “കാരാഗൃഹം ഭദ്രമായി പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു; വാതിൽ തുറന്നപ്പോൾ ആരെയും അകത്തു കണ്ടില്ല.” ഇതു കേട്ടപ്പോൾ ദൈവാലയത്തിലെ കാവൽപ്പട്ടാളമേധാവിയും പുരോഹിതമുഖ്യന്മാരും ഇതെന്തായിത്തീരും എന്നോർത്ത് അവരെക്കുറിച്ചു പരിഭ്രാന്തരായിത്തീർന്നു. അപ്പോൾ ഒരാൾ വന്ന്, “നോക്കൂ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദൈവാലയാങ്കണത്തിൽനിന്നുകൊണ്ടു ജനങ്ങളെ ഉപദേശിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ പട്ടാളമേധാവി സേവകരോടൊപ്പം ചെന്ന്, ജനങ്ങൾ തങ്ങളെ കല്ലെറിയുമെന്നുള്ള ഭയംനിമിത്തം ബലപ്രയോഗമൊന്നുംകൂടാതെ അപ്പൊസ്തലന്മാരെ കൂട്ടിക്കൊണ്ടുവന്നു. അവർ അവരെ കൊണ്ടുവന്നു ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ വിസ്തരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഈ മനുഷ്യന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.” പത്രോസും മറ്റ് അപ്പൊസ്തലന്മാരും ഇപ്രകാരം മറുപടി പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.” ഇതു കേട്ടപ്പോൾ അവർ കോപാകുലരായി അപ്പൊസ്തലന്മാരെ കൊന്നുകളയാൻ തീരുമാനിച്ചു. അപ്പോൾത്തന്നെ ഒരു ന്യായപ്രമാണോപദേഷ്ടാവും എല്ലാവർക്കും ബഹുമാന്യനുമായിരുന്ന ഗമാലിയേൽ എന്നു പേരുള്ള ഒരു പരീശൻ ന്യായാധിപസമിതിയിൽ എഴുന്നേറ്റുനിന്ന് ആ മനുഷ്യരെ കുറെനേരത്തേക്കു പുറത്തുകൊണ്ടുപോകാൻ കൽപ്പിച്ചു. അതിനുശേഷം അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേൽജനമേ, നിങ്ങൾ ഈ മനുഷ്യരോട് എന്താണു ചെയ്യാൻപോകുന്നതെന്ന് സൂക്ഷിച്ചുകൊള്ളണം. കുറെക്കാലംമുമ്പ് ത്യുദാസ് എന്നൊരാൾ മഹാൻ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ടു വന്നു. ഏകദേശം നാനൂറുപേർ അയാളോടുചേർന്നു. അയാൾ കൊല്ലപ്പെടുകയും അയാളുടെ അനുയായികളെല്ലാം ചിതറി നാമാവശേഷമാകുകയും ചെയ്തു; അയാൾക്കുശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യാനിർണയസമയത്ത് രംഗത്തുവരികയും വലിയൊരുകൂട്ടം ജനത്തെ ആകർഷിച്ച് അവരുടെ നേതാവായി വിപ്ളവം നയിക്കുകയും ചെയ്തു. ഒടുവിൽ അയാൾ കൊല്ലപ്പെട്ടു, അയാളുടെ അനുയായികളെല്ലാം ചിതറിപ്പോയി. അതുകൊണ്ട് ഈ വിഷയത്തിൽ എന്റെ ഉപദേശം ഇതാണ്: ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. അവരുടെ ഉദ്ദേശ്യവും പ്രവർത്തനവും മാനുഷികമെങ്കിൽ അതു നശിക്കും. അല്ല, അത് ദൈവത്തിൽനിന്നുള്ളതെങ്കിൽ നിങ്ങൾക്ക് അതിനെ നശിപ്പിക്കാൻ സാധ്യമല്ല. നിങ്ങൾ ദൈവത്തിന്റെ ശത്രുക്കളായിത്തീരാനും പാടില്ലല്ലോ.” അദ്ദേഹത്തിന്റെ നിർദേശം അവർ അംഗീകരിച്ചു, അപ്പൊസ്തലന്മാരെ വിളിച്ചുവരുത്തി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. യേശുവിന്റെ നാമത്തിൽ ഇനി ഒരിക്കലും പ്രസംഗിക്കരുതെന്ന് ആജ്ഞാപിച്ച് അവരെ മോചിപ്പിച്ചു. തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ ആനന്ദിച്ചുകൊണ്ട് അപ്പൊസ്തലന്മാർ ന്യായാധിപസമിതിക്കുമുമ്പിൽനിന്ന് പോയി. അവർ ഓരോ ദിവസവും ദൈവാലയ അങ്കണത്തിലും വീടുകളിലും മുടങ്ങാതെ ഉപദേശിക്കുകയും യേശുതന്നെ ക്രിസ്തു എന്നു പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.