അപ്പോ.പ്രവൃത്തികൾ 4:12-22

അപ്പോ.പ്രവൃത്തികൾ 4:12-22 MCV

മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടാൻ ആകാശത്തിന്റെ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.” പത്രോസും യോഹന്നാനും പഠിപ്പില്ലാത്ത സാധാരണ മനുഷ്യരായിരുന്നിട്ടും അവരിൽ പ്രകടമായ ധൈര്യം കണ്ട് നേതൃസംഘത്തിലുള്ളവർ ആശ്ചര്യപ്പെട്ടു; പത്രോസും യോഹന്നാനും യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ മനസ്സിലാക്കി. സൗഖ്യം ലഭിച്ച മനുഷ്യൻ അവിടെ അവരോടുകൂടെ നിൽക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവരോടു ന്യായാധിപസമിതിയിൽനിന്നു പുറത്തുപോകാൻ കൽപ്പിച്ചതിനുശേഷം അവർക്കിടയിൽ ഇങ്ങനെ ചർച്ചചെയ്തു, “ഈ മനുഷ്യരുടെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു ജെറുശലേമിൽ താമസിക്കുന്ന എല്ലാവർക്കുമറിയാം; അതു നിഷേധിക്കാൻ നമുക്കു സാധ്യവുമല്ല. എങ്കിലും അത് ജനമധ്യേ കൂടുതൽ പ്രചരിക്കാതിരിക്കാൻ, ഈ നാമത്തിൽ ഇനി ഒരിക്കലും ഒരു മനുഷ്യനോടും അവർ സംസാരിക്കരുതെന്നു താക്കീതു നൽകാം.” തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി. അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക. ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു. ഈ സംഭവംനിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ പത്രോസിനെയും യോഹന്നാനെയും ശിക്ഷിക്കാനുള്ള പഴുതൊന്നും ന്യായാധിപസമിതിയിലുള്ളവർ കണ്ടില്ല. വീണ്ടും അവരെ ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചു. നാൽപ്പതിലേറെ വയസ്സുള്ള ഒരാളായിരുന്നു അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ച ആ മനുഷ്യൻ.