1 പത്രോസ് 5:5-11

1 പത്രോസ് 5:5-11 MCV

അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം, “ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.” അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക. ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു. വിശ്വാസത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അവനെ ശക്തിയുക്തം എതിർക്കുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതേ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ള കാര്യം നിങ്ങളും അറിയുക. അൽപ്പകാലത്തേക്കുള്ള ഈ ഉപദ്രവസഹനത്തിനുശേഷം, ക്രിസ്തുവിലുള്ള ശാശ്വതതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവം നിങ്ങളെ പുനഃസ്ഥാപിച്ച് ശക്തരാക്കി സുസ്ഥിരരായി നിലനിർത്തും. സർവാധിപത്യം എന്നെന്നേക്കും അവിടത്തേക്കുള്ളതാകുന്നു. ആമേൻ.