1 പത്രൊസ് 5:5-11
അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. ദൈവം നിഗളികളോട് എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അതുകൊണ്ട് അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴെ താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ. നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുളള സഹോദരവർഗത്തിന് ആ വക കഷ്ടപ്പാടുകൾ തന്നെ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോട് എതിർത്തു നില്പിൻ. എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവംതന്നെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. ബലം എന്നെന്നേക്കും അവനുള്ളത്. ആമേൻ.
1 പത്രൊസ് 5:5-11