യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ച് പൂർണ്ണഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നീതികേട് പ്രവർത്തിക്കാതെ കർത്താവിന്‍റെ വഴികളിൽ തന്നെ നടക്കുന്നു. അങ്ങേയുടെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന് അങ്ങ് അവ കല്പിച്ചുതന്നിരിക്കുന്നു. അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് എന്‍റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു. അങ്ങേയുടെ സകല കല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം ഞാൻ ലജ്ജിച്ചു പോകുകയില്ല. അങ്ങേയുടെ നീതിയുള്ള വിധികൾ പഠിച്ചിട്ട് ഞാൻ പരമാർത്ഥ ഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും. ഞാൻ അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ഒരു ബാലൻ തന്‍റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? അങ്ങേയുടെ വചനപ്രകാരം തന്‍റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നു; അങ്ങേയുടെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ. ഞാൻ അങ്ങേയോട് പാപം ചെയ്യാതിരിക്കേണ്ടതിന് അങ്ങേയുടെ വചനം എന്‍റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ എന്‍റെ അധരങ്ങൾ കൊണ്ടു അങ്ങേയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു. ഞാൻ സർവ്വസമ്പത്തിലും എന്നപോലെ അങ്ങേയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ധ്യാനിക്കുകയും അങ്ങേയുടെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു. ഞാൻ അങ്ങേയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; അങ്ങേയുടെ വചനം മറക്കുകയുമില്ല. ജീവിച്ചിരുന്ന് അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യേണമേ. അങ്ങേയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് എന്‍റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; അങ്ങേയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ. അങ്ങേയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് എന്‍റെ മനസ്സു തകർന്നിരിക്കുന്നു. അങ്ങേയുടെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭത്സിക്കുന്നു. നിന്ദയും അപമാനവും എന്നോട് അകറ്റേണമേ; ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു. അധികാരികളും കൂടിയിരുന്ന് എനിക്ക് വിരോധമായി സംസാരിക്കുന്നു; എങ്കിലും അടിയൻ അങ്ങേയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ പ്രമോദവും എന്‍റെ ആലോചനക്കാരും ആകുന്നു. എന്‍റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്‍റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അങ്ങേയുടെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും. എന്‍റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; അങ്ങേയുടെ വചനപ്രകാരം എന്നെ ശക്തീകരിക്കേണമേ. ഭോഷ്കിന്‍റെ വഴി എന്നോട് അകറ്റേണമേ; അങ്ങേയുടെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങേയുടെ വിധികൾ എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു. ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. അങ്ങ് എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ അങ്ങേയുടെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, അങ്ങേയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും. ഞാൻ അങ്ങേയുടെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കേണമേ. അങ്ങേയുടെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തന്നെ എന്‍റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തിലേക്കു നോക്കാതെ എന്‍റെ കണ്ണുകൾ തിരിച്ച് അങ്ങേയുടെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. അങ്ങയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന അങ്ങേയുടെ വചനം അടിയന് ഉറപ്പിച്ചുതരേണമേ. ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളേയണമേ; അങ്ങേയുടെ വിധികൾ നല്ലവയല്ലയോ? ഇതാ, ഞാൻ അങ്ങേയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; അങ്ങേയുടെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. യഹോവേ, അങ്ങേയുടെ വചനപ്രകാരം അങ്ങേയുടെ ദയയും അങ്ങേയുടെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ. ഞാൻ അങ്ങേയുടെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും. ഞാൻ അങ്ങേയുടെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്‍റെ വചനം എന്‍റെ വായിൽനിന്ന് നീക്കിക്കളയരുതേ. അങ്ങനെ ഞാൻ അങ്ങേയുടെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. അങ്ങേയുടെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും അങ്ങേയുടെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. ഞാൻ അങ്ങേയുടെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്ക് പ്രിയമായിരിക്കുന്നു. എനിക്ക് പ്രിയമായിരിക്കുന്ന അങ്ങേയുടെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; അങ്ങേയുടെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു. എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള അങ്ങേയുടെ വചനത്തെ ഓർക്കേണമേ. അങ്ങേയുടെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്‍റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു. അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ അങ്ങേയുടെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല. യഹോവേ, പുരാതനമായ അങ്ങേയുടെ വിധികൾ ഓർത്തു ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ അങ്ങേയുടെ ചട്ടങ്ങൾ എന്‍റെ കീർത്തനം ആകുന്നു. യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; അങ്ങേയുടെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു. യഹോവേ, അങ്ങ് എന്‍റെ ഓഹരിയാകുന്നു; ഞാൻ അങ്ങേയുടെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങേയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നോട് കൃപയുണ്ടാകേണമേ. ഞാൻ എന്‍റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്‍റെ കാലുകൾ അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. അങ്ങേയുടെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല. അങ്ങേയുടെ നീതിയുള്ള ന്യായവിധികൾനിമിത്തം അങ്ങേക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്‍ക്കും. അങ്ങയെ ഭയപ്പെടുകയും അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു. യഹോവേ, ഭൂമി അങ്ങേയുടെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. യഹോവേ, തിരുവചനപ്രകാരം അങ്ങ് അടിയന് നന്മ ചെയ്തിരിക്കുന്നു. അങ്ങേയുടെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്ക് നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചു തരേണമേ. കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ അങ്ങേയുടെ വചനം പ്രമാണിക്കുന്നു. അങ്ങ് നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. അവരുടെ ഹൃദയത്തില്‍ സത്യം ഇല്ല; ഞാൻ അങ്ങേയുടെ ന്യായപ്രമാണത്തിൽ രസിക്കുന്നു. അങ്ങേയുടെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി. ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ അങ്ങേയുടെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; അങ്ങേയുടെ കല്പനകൾ പഠിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ. തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ അങ്ങേയുടെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു. യഹോവേ, അങ്ങേയുടെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ അങ്ങ് എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അടിയനോടുള്ള അങ്ങേയുടെ വാഗ്ദാനപ്രകാരം അങ്ങേയുടെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ. ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നേണമേ; അങ്ങേയുടെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു. കാരണംകൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; ഞാൻ അങ്ങേയുടെ കല്പനകൾ ധ്യാനിക്കുന്നു. അങ്ങേയുടെ ഭക്തന്മാരും അങ്ങേയുടെ സാക്ഷ്യങ്ങൾ അറിയുന്നവരും എന്‍റെ അടുക്കൽ വരട്ടെ. ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന് എന്‍റെ ഹൃദയം അങ്ങേയുടെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ. ഞാൻ അങ്ങേയുടെ രക്ഷക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; അങ്ങേയുടെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിക്കും എന്നു ചിന്തിച്ച് എന്‍റെ കണ്ണ് അങ്ങേയുടെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു. ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും അങ്ങേയുടെ ചട്ടങ്ങൾ മറക്കുന്നില്ല. അടിയന്‍റെ ജീവകാലം എത്ര നാൾ? എന്നെ ഉപദ്രവിക്കുന്നവരുടെമേൽ അങ്ങ് എപ്പോൾ ന്യായവിധി നടത്തും? അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു. അങ്ങേയുടെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; അങ്ങേയുടെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും. അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ സംരക്ഷിക്കേണമേ; ഞാൻ അങ്ങേയുടെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.
സങ്കീ. 119 വായിക്കുക
കേൾക്കുക സങ്കീ. 119
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 119:1-88
2 Weeks
Jesus Himself said anyone who loves Him will obey His teaching. No matter what it costs us personally, our obedience matters to God. The "Obedience" reading plan walks through what the Scriptures say about obedience: How to maintain a mindset of integrity, the role of mercy, how obeying frees us and blesses our lives, and more.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ