സങ്കീർത്തനങ്ങൾ 119:1-88
സങ്കീർത്തനങ്ങൾ 119:1-88 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ച് പൂർണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽത്തന്നെ നടക്കുന്നു. നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിനു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു. നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന് എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു. നിന്റെ സകല കല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാൻ ലജ്ജിച്ചുപോകയില്ല. നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ട് ഞാൻ പരമാർഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും. ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്ക് ഇടവരരുതേ. ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ എന്റെ അധരങ്ങൾകൊണ്ട് നിന്റെ വായുടെ വിധികളെയൊക്കെയും വർണിക്കുന്നു. ഞാൻ സർവസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു. ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ജീവിച്ചിരിക്കേണ്ടതിന് അടിയനു നന്മ ചെയ്യേണമേ; എന്നാൽ ഞാൻ നിന്റെ വചനം പ്രമാണിക്കും. നിന്റെ ന്യായപ്രമാണത്തിലെ അദ്ഭുതങ്ങളെ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറച്ചുവയ്ക്കരുതേ. നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ട് എന്റെ മനസ്സ് തകർന്നിരിക്കുന്നു. നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർത്സിക്കുന്നു. നിന്ദയും അപമാനവും എന്നോട് അകറ്റേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു. പ്രഭുക്കന്മാരും ഇരുന്ന് എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്ക് ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അദ്ഭുതങ്ങളെ ധ്യാനിക്കും. എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ. ഭോഷ്കിന്റെ വഴി എന്നോട് അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വച്ചിരിക്കുന്നു. ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും അതിനെ പൂർണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്കു ബുദ്ധി നല്കേണമേ. നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ. എന്റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. നിന്നോടുള്ള ഭക്തിയെ വർധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയനു നിവർത്തിക്കേണമേ. ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ. ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ. ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും. ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽനിന്നു നീക്കിക്കളയരുതേ. അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു. എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു. നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ട് അടിയനോടുള്ള വചനത്തെ ഓർക്കേണമേ. നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു. അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല. യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു. നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർ നിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു. യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നത് എനിക്കു വിഹിതമായിരിക്കുന്നു. യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ. ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിനു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും. നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്വാൻ ഞാൻ അർധരാത്രിയിൽ എഴുന്നേല്ക്കും. നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു. യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചുതരേണമേ. യഹോവേ, തിരുവചനപ്രകാരം നീ അടിയനു നന്മ ചെയ്തിരിക്കുന്നു. നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്ക് നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ. കഷ്ടതയിൽ ആകുന്നതിനു മുമ്പേ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ, ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു. നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. അഹങ്കാരികൾ എന്നെക്കൊണ്ടു നുണ പറഞ്ഞുണ്ടാക്കി; ഞാനോ പൂർണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി. ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു. യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിനായി ഭവിക്കുമാറാകട്ടെ. ഞാൻ ജീവിച്ചിരിക്കേണ്ടതിനു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു. അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചു പോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു. നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ. ഞാൻ ലജ്ജിച്ചുപോകാതിരിക്കേണ്ടതിന് എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ. ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവച്ച് എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു. പുകയത്തു വച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല. അടിയന്റെ ജീവകാലം എന്തുള്ളൂ? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും? നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും. നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119:1-88 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ധർമശാസ്ത്രം അനുസരിച്ച്, നിഷ്കളങ്കരായി ജീവിക്കുന്നവർ അനുഗൃഹീതർ. അവിടുത്തെ കല്പനകൾ പാലിക്കുന്നവർ, പൂർണഹൃദയത്തോടെ അവിടുത്തെ അനുസരിക്കുന്നവർ അനുഗൃഹീതർ. അവർ തിന്മയൊന്നും ചെയ്യുന്നില്ല. അവിടുത്തെ വഴികളിൽതന്നെ അവർ ചരിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ ശുഷ്കാന്തിയോടെ പാലിക്കുന്നതിന്, അങ്ങ് ഞങ്ങൾക്കു നല്‌കിയിരിക്കുന്നു. അങ്ങയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ നിന്നു ഞാൻ ഇളകാതിരുന്നെങ്കിൽ! എങ്കിൽ, അങ്ങയുടെ കല്പനകളിൽ ദൃഷ്‍ടി പതിപ്പിച്ച എനിക്ക് ഒരിക്കലും ലജ്ജിതനാകേണ്ടിവരികയില്ല. അവിടുത്തെ നീതിനിഷ്ഠമായ ശാസനകൾ പഠിക്കുമ്പോൾ, ഞാൻ നിഷ്കളങ്കഹൃദയത്തോടെ അവിടുത്തെ സ്തുതിക്കും. അവിടുത്തെ ചട്ടങ്ങൾ ഞാൻ അനുസരിക്കും. എന്നെ ഒരിക്കലും ഉപേക്ഷിക്കരുതേ! ഒരു യുവാവിന് എങ്ങനെ നിർമ്മലനായി ജീവിക്കാൻ കഴിയും? അവിടുത്തെ വചനപ്രകാരം ജീവിക്കുന്നതിനാൽ തന്നെ. ഞാൻ സർവാത്മനാ അങ്ങയെ അന്വേഷിക്കും. അവിടുത്തെ കല്പനകൾ വിട്ടുനടക്കാൻ എനിക്ക് ഇടയാകരുതേ. അങ്ങേക്കെതിരെ പാപം ചെയ്യാതിരിക്കാൻ, അവിടുത്തെ വചനം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. സർവേശ്വരാ, അങ്ങ് വാഴ്ത്തപ്പെടട്ടെ; അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അവിടുന്നു നല്‌കിയ കല്പനകൾ, ഞാൻ പ്രഘോഷിക്കും. സമ്പൽസമൃദ്ധി ഉണ്ടായാലെന്നപോലെ, അവിടുത്തെ കല്പനകൾ അനുസരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കും. അവിടുത്തെ വഴികളിൽ ഞാൻ ദൃഷ്‍ടിയൂന്നും. അവിടുത്തെ ചട്ടങ്ങളിൽ ഞാൻ ആനന്ദിക്കുന്നു. അവിടുത്തെ വചനം ഞാൻ വിസ്മരിക്കുകയില്ല. സർവേശ്വരാ, അവിടുത്തെ ദാസനോടു കൃപയുണ്ടാകണമേ. ഞാൻ ജീവിച്ചിരുന്നു അവിടുത്തെ വചനം അനുസരിക്കട്ടെ. അങ്ങയുടെ ധർമശാസ്ത്രത്തിലെ അദ്ഭുതസത്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ. ഞാൻ ഭൂമിയിൽ പരദേശിയാണല്ലോ. അങ്ങയുടെ കല്പനകൾ എന്നിൽനിന്നു മറച്ചുവയ്‍ക്കരുതേ. അങ്ങയുടെ കല്പനകൾക്കുവേണ്ടിയുള്ള, അഭിവാഞ്ഛയാൽ എന്റെ മനസ്സു കത്തുന്നു. അങ്ങയുടെ കല്പനകൾ തെറ്റി നടക്കുന്ന ശപിക്കപ്പെട്ട അഹങ്കാരികളെ അങ്ങു ശാസിക്കുന്നു. അവർ എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യാതിരിക്കട്ടെ. ഞാൻ അങ്ങയുടെ കല്പനകൾ അനുസരിക്കുന്നുവല്ലോ. പ്രഭുക്കന്മാർ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നാൽ അവിടുത്തെ ദാസൻ അങ്ങയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു. അവിടുത്തെ കല്പനകൾ എനിക്ക് ആനന്ദം നല്‌കുന്നു. അവയാണ് എന്റെ ഉപദേഷ്ടാക്കൾ. ഞാൻ മണ്ണിനോടു ചേരാറായിരിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. എന്റെ അവസ്ഥ ഞാൻ വിവരിച്ചപ്പോൾ അവിടുന്ന് എനിക്ക് ഉത്തരമരുളി. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ പ്രമാണങ്ങൾ നിർദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ. ഞാൻ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ധ്യാനിക്കും. ദുഃഖത്താൽ എന്റെ മനം ഉരുകുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ ശക്തീകരിക്കണമേ. ദുർമാർഗത്തിൽ നടക്കാൻ എനിക്ക് ഇടവരുത്തരുതേ; കാരുണ്യപൂർവം അവിടുത്തെ ധർമശാസ്ത്രം എന്നെ പഠിപ്പിക്കണമേ. സത്യത്തിന്റെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ കല്പനകളെക്കുറിച്ചു ഞാൻ എപ്പോഴും ബോധവാനാണ്. പരമനാഥാ, അവിടുത്തെ കല്പനകളോടു ഞാൻ പറ്റിച്ചേർന്നിരിക്കുന്നു. ലജ്ജിതനാകാൻ എനിക്ക് ഇടവരുത്തരുതേ. അവിടുന്ന് എനിക്കു കൂടുതൽ വിവേകം നല്‌കുമ്പോൾ, ഞാൻ ഉത്സാഹത്തോടെ അവിടുത്തെ കല്പനകളുടെ മാർഗത്തിൽ ചരിക്കും. സർവേശ്വരാ, അവിടുത്തെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ. അന്ത്യത്തോളം ഞാൻ അവ പാലിക്കും. അങ്ങയുടെ ധർമശാസ്ത്രം പാലിക്കാനും പൂർണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്‌കണമേ. അവിടുത്തെ കല്പനകളുടെ പാതയിലൂടെ എന്നെ നയിച്ചാലും. ഞാൻ അതിൽ ആനന്ദിക്കുന്നു. ധനലാഭത്തിലേക്കല്ല, അവിടുത്തെ കല്പനകളിലേക്ക്, എന്റെ ഹൃദയത്തെ തിരിക്കണമേ. വ്യർഥമായവയിൽനിന്ന് എന്റെ ശ്രദ്ധ മാറ്റണമേ. അവിടുത്തെ വഴികളിൽ നടക്കാൻ എനിക്കു നവജീവൻ നല്‌കിയാലും. അങ്ങയുടെ ഭക്തർക്കു നല്‌കിയ വാഗ്ദാനം, ഈ ദാസനു നിറവേറ്റിത്തരണമേ! ഞാൻ ഭയപ്പെടുന്ന അപമാനത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ കല്പനകൾ ഉത്തമമാണല്ലോ. അവിടുത്തെ പ്രമാണങ്ങൾ പാലിക്കാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. അവിടുത്തെ നീതിയാൽ എനിക്കു നവജീവൻ നല്‌കണമേ. ദൈവമേ, അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ രക്ഷിക്കണമേ. അപ്പോൾ എന്നെ നിന്ദിക്കുന്നവരോടു മറുപടി പറയാൻ ഞാൻ പ്രാപ്തനാകും. അങ്ങയുടെ വചനത്തിലാണല്ലോ ഞാൻ ശരണപ്പെടുന്നത്. എല്ലായ്പോഴും സത്യം സംസാരിക്കാൻ എന്നെ സഹായിക്കണമേ. അവിടുത്തെ കല്പനകളിലാണല്ലോ ഞാൻ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്. അവിടുത്തെ ധർമശാസ്ത്രം ഞാൻ ഇടവിടാതെ എന്നേക്കും പാലിക്കും. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നതുകൊണ്ടു ഞാൻ സ്വതന്ത്രനായി വ്യാപരിക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും, അവിടുത്തെ കല്പനകൾ പ്രസ്താവിക്കും. ഞാൻ അവിടുത്തെ കല്പനകളിൽ ആനന്ദിക്കുന്നു. ഞാൻ അവയെ സ്നേഹിക്കുന്നു. ഞാൻ അവിടുത്തെ കല്പനകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അങ്ങയുടെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കും. സർവേശ്വരാ, അവിടുത്തെ ദാസനോടുള്ള വാഗ്ദാനം ഓർക്കണമേ, അവയാണല്ലോ എനിക്കു പ്രത്യാശ നല്‌കുന്നത്. അവിടുത്തെ വാഗ്ദാനം എനിക്കു നവജീവൻ നല്‌കുന്നു. അതാണ് എനിക്കു കഷ്ടതയിൽ ആശ്വാസം നല്‌കുന്നത്. അഹങ്കാരികൾ എന്നെ കഠിനമായി പരിഹസിക്കുന്നു. എങ്കിലും അവിടുത്തെ ധർമശാസ്ത്രത്തിൽ നിന്നു ഞാൻ വ്യതിചലിക്കുന്നില്ല. പണ്ടേയുള്ള അവിടുത്തെ കല്പനകൾ ഞാൻ ഓർക്കുന്നു. പരമനാഥാ, ഞാൻ അവയിൽ ആശ്വാസം കണ്ടെത്തുന്നു. ദുഷ്ടന്മാർ അവിടുത്തെ ധർമശാസ്ത്രം ഉപേക്ഷിക്കുന്നതു കാണുമ്പോൾ എന്നിൽ കോപം ജ്വലിക്കുന്നു. പരദേശിയായി ഞാൻ പാർക്കുന്നിടത്ത് അവിടുത്തെ ചട്ടങ്ങൾ എന്റെ കീർത്തനങ്ങളായിരിക്കുന്നു. സർവേശ്വരാ, രാത്രിയിൽ ഞാൻ അങ്ങയെ ധ്യാനിക്കുന്നു. അവിടുത്തെ ധർമശാസ്ത്രം ഞാൻ പാലിക്കുന്നു. അങ്ങയുടെ കല്പനകൾ അനുസരിക്കുക എന്ന അനുഗ്രഹം എനിക്ക് ലഭിച്ചു. സർവേശ്വരനാണ് എന്റെ ഓഹരി; അവിടുത്തെ കല്പനകൾ പാലിക്കുമെന്നു ഞാൻ പ്രതിജ്ഞ ചെയ്തു. പൂർണഹൃദയത്തോടെ ഞാൻ അവിടുത്തെ കൃപയ്‍ക്കായി യാചിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നോടു കരുണയുണ്ടാകണമേ. ഞാൻ എന്റെ ജീവിതവഴികളെക്കുറിച്ചു ചിന്തിച്ചു, അങ്ങയുടെ കല്പനകളിലേക്കു ഞാൻ തിരിഞ്ഞു. അങ്ങയുടെ ആജ്ഞകൾ ഞാൻ അനുസരിക്കുന്നു. അവ പാലിക്കാൻ ഞാൻ അത്യന്തം ഉത്സാഹിക്കുന്നു. ദുഷ്ടരുടെ കെണിയിൽ ഞാൻ അകപ്പെട്ടുവെങ്കിലും, അങ്ങയുടെ ധർമശാസ്ത്രം ഞാൻ മറക്കുന്നില്ല. അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കുവേണ്ടി അങ്ങയെ സ്തുതിക്കാൻ അർധരാത്രിയിൽ ഞാൻ എഴുന്നേല്‌ക്കുന്നു. ഞാൻ അവിടുത്തെ സകല ഭക്തന്മാരുടെയും സ്നേഹിതനാകുന്നു. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നവരുടെ തന്നെ. പരമനാഥാ, ഭൂമി അവിടുത്തെ അചഞ്ചല സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം അങ്ങ് ഈ ദാസനു നന്മ ചെയ്തിരിക്കുന്നു. എനിക്കുവേണ്ട വിവേകവും ജ്ഞാനവും നല്‌കണമേ. അവിടുത്തെ കല്പനകളിൽ ഞാൻ വിശ്വസിക്കുന്നുവല്ലോ. കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ വചനം അനുസരിക്കുന്നു. അവിടുന്നു നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അഹങ്കാരികൾ നുണ പറഞ്ഞു എന്നെ ദുഷിക്കുന്നു. ഞാൻ പൂർണഹൃദയത്തോടെ അവിടുത്തെ പ്രമാണങ്ങൾ പാലിക്കുന്നു. അവരുടെ ഹൃദയം മരവിച്ചിരിക്കുന്നു. എന്നാൽ ഞാൻ അവിടുത്തെ ധർമശാസ്ത്രത്തിൽ ആനന്ദിക്കുന്നു. കഷ്ടതകൾ വന്നത് എനിക്കു നന്മയായിത്തീർന്നു. അവിടുത്തെ ചട്ടങ്ങൾ പഠിക്കാൻ അതു കാരണമായിത്തീർന്നു. ആയിരമായിരം പൊൻവെള്ളി നാണയങ്ങളെക്കാൾ, അവിടുത്തെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന ധർമശാസ്ത്രം എനിക്കു വിലപ്പെട്ടത്. പരമനാഥാ, തൃക്കരങ്ങൾ എന്നെ സൃഷ്‍ടിച്ച്, രൂപപ്പെടുത്തി; അവിടുത്തെ കല്പനകൾ പഠിക്കാൻ എനിക്കു വിവേകം നല്‌കണമേ. അങ്ങയുടെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നതുകൊണ്ട്, അങ്ങയുടെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കും. പരമനാഥാ, അവിടുത്തെ വിധികൾ നീതിയുക്തമെന്നും, അങ്ങയുടെ വിശ്വസ്തതകൊണ്ടാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു. അങ്ങയുടെ ദാസനോടുള്ള വാഗ്ദാനപ്രകാരം അവിടുത്തെ സുസ്ഥിരസ്നേഹത്താൽ എന്നെ ആശ്വസിപ്പിക്കണമേ. അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അങ്ങനെ ഞാൻ ജീവിക്കട്ടെ. അങ്ങയുടെ ധർമശാസ്ത്രത്തിൽ ഞാൻ ആനന്ദംകൊള്ളുന്നു. അഹങ്കാരികൾ ലജ്ജിതരാകട്ടെ. അവർ വഞ്ചനകൊണ്ട് എന്നെ തകിടം മറിച്ചു. എന്നാൽ ഞാൻ അവിടുത്തെ പ്രമാണങ്ങൾ ധ്യാനിക്കും. അങ്ങയുടെ ഭക്തന്മാരും അങ്ങയുടെ കല്പനകൾ അറിയുന്നവരും എന്നോടൊത്തുചേരട്ടെ. ഞാൻ പൂർണഹൃദയത്തോടെ അവിടുത്തെ ചട്ടങ്ങൾ അനുസരിക്കും. ഞാൻ ലജ്ജിതനാകാതിരിക്കട്ടെ. ഞാൻ രക്ഷയ്‍ക്കായി കാത്തിരുന്നു തളരുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തതു ലഭിക്കാൻ കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങ് എപ്പോൾ എന്നെ ആശ്വസിപ്പിക്കും? പുകയേറ്റ തോൽക്കുടം പോലെയായി ഞാൻ. എങ്കിലും ഞാൻ അങ്ങയുടെ ചട്ടങ്ങൾ മറന്നിട്ടില്ല. എത്രനാൾ അവിടുത്തെ ദാസൻ സഹിച്ചു നില്‌ക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അവിടുന്നു ശിക്ഷിക്കുക? അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്ത അഹങ്കാരികൾ എന്നെ വീഴ്ത്താൻ കുഴി കുഴിച്ചിരിക്കുന്നു. അങ്ങയുടെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു. അവർ എന്നെ വ്യാജം പറഞ്ഞു ദ്രോഹിക്കുന്നു. എന്നെ സഹായിക്കണമേ. അവർ എന്റെ ഭൂലോകവാസം അവസാനിപ്പിക്കാറായി, എങ്കിലും അവിടുത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹത്താൽ എന്റെ ജീവനെ രക്ഷിക്കണമേ. അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന കല്പനകളെ ഞാൻ അനുസരിക്കട്ടെ.
സങ്കീർത്തനങ്ങൾ 119:1-88 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ച് പൂർണ്ണഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നീതികേട് പ്രവർത്തിക്കാതെ കർത്താവിന്‍റെ വഴികളിൽ തന്നെ നടക്കുന്നു. അങ്ങേയുടെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന് അങ്ങ് അവ കല്പിച്ചുതന്നിരിക്കുന്നു. അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് എന്‍റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു. അങ്ങേയുടെ സകല കല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം ഞാൻ ലജ്ജിച്ചു പോകുകയില്ല. അങ്ങേയുടെ നീതിയുള്ള വിധികൾ പഠിച്ചിട്ട് ഞാൻ പരമാർത്ഥ ഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും. ഞാൻ അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ഒരു ബാലൻ തന്‍റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? അങ്ങേയുടെ വചനപ്രകാരം തന്‍റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നു; അങ്ങേയുടെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ. ഞാൻ അങ്ങേയോട് പാപം ചെയ്യാതിരിക്കേണ്ടതിന് അങ്ങേയുടെ വചനം എന്‍റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ എന്‍റെ അധരങ്ങൾ കൊണ്ടു അങ്ങേയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു. ഞാൻ സർവ്വസമ്പത്തിലും എന്നപോലെ അങ്ങേയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ധ്യാനിക്കുകയും അങ്ങേയുടെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു. ഞാൻ അങ്ങേയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; അങ്ങേയുടെ വചനം മറക്കുകയുമില്ല. ജീവിച്ചിരുന്ന് അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യേണമേ. അങ്ങേയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; അങ്ങേയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ. അങ്ങേയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് എന്‍റെ മനസ്സു തകർന്നിരിക്കുന്നു. അങ്ങേയുടെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭത്സിക്കുന്നു. നിന്ദയും അപമാനവും എന്നോട് അകറ്റേണമേ; ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു. അധികാരികളും കൂടിയിരുന്ന് എനിക്ക് വിരോധമായി സംസാരിക്കുന്നു; എങ്കിലും അടിയൻ അങ്ങേയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അങ്ങേയുടെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും. എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; അങ്ങേയുടെ വചനപ്രകാരം എന്നെ ശക്തീകരിക്കേണമേ. ഭോഷ്കിന്‍റെ വഴി എന്നോട് അകറ്റേണമേ; അങ്ങേയുടെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങേയുടെ വിധികൾ എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു. ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. അങ്ങ് എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ അങ്ങേയുടെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, അങ്ങേയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും. ഞാൻ അങ്ങേയുടെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കേണമേ. അങ്ങേയുടെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തന്നെ എന്റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തിലേക്കു നോക്കാതെ എന്‍റെ കണ്ണുകൾ തിരിച്ച് അങ്ങേയുടെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. അങ്ങയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന അങ്ങേയുടെ വചനം അടിയന് ഉറപ്പിച്ചുതരേണമേ. ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ; അങ്ങേയുടെ വിധികൾ നല്ലവയല്ലയോ? ഇതാ, ഞാൻ അങ്ങേയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; അങ്ങേയുടെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. യഹോവേ, അങ്ങേയുടെ വചനപ്രകാരം അങ്ങേയുടെ ദയയും അങ്ങേയുടെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ. ഞാൻ അങ്ങേയുടെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും. ഞാൻ അങ്ങേയുടെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്‍റെ വചനം എന്‍റെ വായിൽനിന്ന് നീക്കിക്കളയരുതേ. അങ്ങനെ ഞാൻ അങ്ങേയുടെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. അങ്ങേയുടെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും അങ്ങേയുടെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. ഞാൻ അങ്ങേയുടെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്ക് പ്രിയമായിരിക്കുന്നു. എനിക്ക് പ്രിയമായിരിക്കുന്ന അങ്ങേയുടെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; അങ്ങേയുടെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു. എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള അങ്ങേയുടെ വചനത്തെ ഓർക്കേണമേ. അങ്ങേയുടെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു. അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ അങ്ങേയുടെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല. യഹോവേ, പുരാതനമായ അങ്ങേയുടെ വിധികൾ ഓർത്തു ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ അങ്ങേയുടെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു. യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; അങ്ങേയുടെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു. യഹോവേ, അങ്ങ് എന്‍റെ ഓഹരിയാകുന്നു; ഞാൻ അങ്ങേയുടെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങേയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നോട് കൃപയുണ്ടാകേണമേ. ഞാൻ എന്‍റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്‍റെ കാലുകൾ അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. അങ്ങേയുടെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല. അങ്ങേയുടെ നീതിയുള്ള ന്യായവിധികൾനിമിത്തം അങ്ങേക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്‍ക്കും. അങ്ങയെ ഭയപ്പെടുകയും അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു. യഹോവേ, ഭൂമി അങ്ങേയുടെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. യഹോവേ, തിരുവചനപ്രകാരം അങ്ങ് അടിയന് നന്മ ചെയ്തിരിക്കുന്നു. അങ്ങേയുടെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്ക് നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചു തരേണമേ. കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ അങ്ങേയുടെ വചനം പ്രമാണിക്കുന്നു. അങ്ങ് നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. അവരുടെ ഹൃദയത്തില്‍ സത്യം ഇല്ല; ഞാൻ അങ്ങേയുടെ ന്യായപ്രമാണത്തിൽ രസിക്കുന്നു. അങ്ങേയുടെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി. ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ അങ്ങേയുടെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; അങ്ങേയുടെ കല്പനകൾ പഠിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ. തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ അങ്ങേയുടെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു. യഹോവേ, അങ്ങേയുടെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ അങ്ങ് എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അടിയനോടുള്ള അങ്ങേയുടെ വാഗ്ദാനപ്രകാരം അങ്ങേയുടെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ. ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നേണമേ; അങ്ങേയുടെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു. കാരണംകൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; ഞാൻ അങ്ങേയുടെ കല്പനകൾ ധ്യാനിക്കുന്നു. അങ്ങേയുടെ ഭക്തന്മാരും അങ്ങേയുടെ സാക്ഷ്യങ്ങൾ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ. ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന് എന്‍റെ ഹൃദയം അങ്ങേയുടെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ. ഞാൻ അങ്ങേയുടെ രക്ഷക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; അങ്ങേയുടെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിക്കും എന്നു ചിന്തിച്ച് എന്‍റെ കണ്ണ് അങ്ങേയുടെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു. ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും അങ്ങേയുടെ ചട്ടങ്ങൾ മറക്കുന്നില്ല. അടിയന്റെ ജീവകാലം എത്ര നാൾ? എന്നെ ഉപദ്രവിക്കുന്നവരുടെമേൽ അങ്ങ് എപ്പോൾ ന്യായവിധി നടത്തും? അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു. അങ്ങേയുടെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; അങ്ങേയുടെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും. അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ സംരക്ഷിക്കേണമേ; ഞാൻ അങ്ങേയുടെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119:1-88 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽതന്നേ നടക്കുന്നു. നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു. നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു. നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാൻ ലജ്ജിച്ചുപോകയില്ല. നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും. ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ. ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ. ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ. ഞാൻ എന്റെ അധരങ്ങൾകൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വർണ്ണിക്കുന്നു. ഞാൻ സർവ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു. ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാൽ ഞാൻ നിന്റെ വചനം പ്രമാണിക്കും. നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ. നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകർന്നിരിക്കുന്നു. നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർത്സിക്കുന്നു. നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു. പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും. എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ. ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വെച്ചിരിക്കുന്നു. ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ. നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ. ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ എന്റെ ഹൃദയം ചായുമാറാക്കേണമേ. വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ. നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ. ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികൾ നല്ലവയല്ലോ. ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ. ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും. ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്നു നീക്കിക്കളയരുതേ. അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും. നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാൻ വിശാലതയിൽ നടക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു. എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു. നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓർക്കേണമേ. നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു. അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല. യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നേ ആശ്വസിപ്പിക്കുന്നു. നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു. യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു. യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണ്ണഹൃദയത്തോടേ ഞാൻ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ. ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും. നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്വാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും. നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു. യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കുഉപദേശിച്ചു തരേണമേ. യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു. നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ. കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു. നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു; ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി. ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. തിരുവചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കയാൽ നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു. യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ. ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു. അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു. നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ. ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ. ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു. പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല. അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും? നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു. നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കേണമേ. അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും. നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119:1-88 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്, നിഷ്കളങ്കമാർഗത്തിൽ സഞ്ചരിക്കുന്നവർ അനുഗൃഹീതർ. സമ്പൂർണഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുകയും അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ— അവർ അനീതി പ്രവർത്തിക്കാതെ അവിടത്തെ വഴികൾതന്നെ പിൻതുടരുന്നു. അവിടത്തെ പ്രമാണങ്ങൾ ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ടതിന് അവിടന്ന് അവ കൽപ്പിച്ചിരിക്കുന്നു. ഹാ, അങ്ങയുടെ ഉത്തരവുകൾ പാലിക്കുന്നതിൽ എനിക്കു സ്ഥിരതപുലർത്താൻ കഴിഞ്ഞെങ്കിൽ! എന്നാൽ ഞാൻ ലജ്ജിച്ചുപോകുകയില്ല, അവിടത്തെ കൽപ്പനകളെല്ലാം ഞാൻ പ്രമാണിക്കുന്നല്ലോ. ഞാൻ അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ അഭ്യസിച്ചിട്ട് ഹൃദയപരമാർഥതയോടെ അങ്ങയെ പുകഴ്ത്തും. ഞാൻ അങ്ങയുടെ ഉത്തരവുകൾ പാലിക്കും; എന്നെ നിശ്ശേഷം ഉപേക്ഷിച്ചുകളയരുതേ. ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ? അവിടത്തെ വചനം അനുസരിച്ച് ജീവിക്കുന്നതിനാൽത്തന്നെ. ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു; അവിടത്തെ കൽപ്പനകളിൽനിന്നു വ്യതിചലിക്കാൻ എനിക്കിടവരരുതേ. അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ, അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. തിരുവായിൽനിന്നു പൊഴിയുന്ന അനുശാസനങ്ങളെല്ലാം ഞാൻ എന്റെ അധരങ്ങളാൽ വർണിക്കുന്നു. മഹാസമ്പത്തിലൊരാൾ ആഹ്ലാദിക്കുന്നതുപോലെ ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടരുന്നതിൽ ആനന്ദിക്കുന്നു. അവിടത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കുകയും അവിടത്തെ മാർഗങ്ങളിൽ ദൃഷ്ടിയുറപ്പിക്കുകയും ചെയ്യുന്നു. അവിടത്തെ ഉത്തരവുകളിൽ ഞാൻ ആനന്ദിക്കുന്നു; അവിടത്തെ വചനം ഞാനൊരിക്കലും നിരസിക്കുകയില്ല. ഞാൻ ജീവിച്ചിരുന്ന് അങ്ങയുടെ വചനം അനുസരിക്കേണ്ടതിന് ഈ ദാസന്റെമേൽ ദയകാണിക്കണമേ. അവിടത്തെ ന്യായപ്രമാണത്തിലെ വൈശിഷ്ട്യങ്ങളെ ദർശിക്കേണ്ടതിന് അടിയന്റെ കണ്ണുകളെ തുറക്കണമേ. ഈ ഭൂമിയിൽ ഞാനൊരു പ്രവാസിയാണ്; അവിടത്തെ കൽപ്പനകൾ എന്നിൽനിന്നു മറച്ചുവെക്കരുതേ. അവിടത്തെ നിയമങ്ങളോട് എപ്പോഴുമുള്ള അഭിവാഞ്ഛനിമിത്തം എന്റെ പ്രാണൻ ക്ഷയിച്ചുപോകുന്നു. അവിടത്തെ കൽപ്പനകൾ അനുസരിക്കാൻ കൂട്ടാക്കാത്ത ശപിക്കപ്പെട്ട ധിക്കാരികളെ അങ്ങു ശകാരിക്കുന്നു. നിന്ദയും വെറുപ്പും എന്നിൽനിന്നകറ്റണമേ ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടല്ലോ. ഭരണാധികാരികൾ ഒന്നിച്ചിരുന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തുന്നു, എങ്കിലും അങ്ങയുടെ ദാസൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും. അവിടത്തെ നിയമവ്യവസ്ഥകൾ എന്റെ ആനന്ദമാണ്; അവയാണെന്റെ ഉപദേഷ്ടാക്കളും. ഞാൻ പൊടിയിൽ വീണമർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ഉത്തേജിപ്പിക്കണമേ. എന്റെ പദ്ധതികൾ ഞാൻ അവിടത്തെ അറിയിച്ചു, അപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. അവിടത്തെ പ്രമാണങ്ങളുടെ അർഥം എനിക്കു മനസ്സിലാക്കിത്തരണമേ, അങ്ങനെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും. എന്റെ പ്രാണൻ ദുഃഖത്താൽ തളർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ശക്തിപ്പെടുത്തണമേ. വഞ്ചനനിറഞ്ഞ വഴികളിൽനിന്ന് എന്നെ കാത്തുപാലിക്കണമേ; കരുണയാൽ അവിടത്തെ ന്യായപ്രമാണം എന്നെ പഠിപ്പിക്കണമേ. വിശ്വസ്തതയുടെ മാർഗം ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവിടത്തെ നിയമങ്ങൾ എന്റെമുമ്പിൽ വെച്ചിരിക്കുന്നു. യഹോവേ, അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു, എന്നെ ലജ്ജിപ്പിക്കാൻ അനുവദിക്കരുതേ. ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു, കാരണം അവിടന്ന് എന്റെ വിവേകത്തെ വിസ്തൃതമാക്കിയല്ലോ. യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ, അപ്പോൾ അവ എനിക്ക് അന്ത്യംവരെ പിൻതുടരാൻ സാധിക്കും. അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ. അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ, കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു. അന്യായമായ ആദായത്തിലേക്കല്ല, അവിടത്തെ നിയമവ്യവസ്ഥകളിലേക്കുതന്നെ എന്റെ ഹൃദയത്തെ തിരിക്കണമേ. വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ; തിരുവചനത്തിന് അനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. അടിയനോടു ചെയ്ത അങ്ങയുടെ വാഗ്ദാനം നിവർത്തിക്കണമേ, അപ്പോൾ ജനം അങ്ങയെ ആദരിക്കും ഞാൻ ഭയപ്പെടുന്ന അപമാനം എന്നിൽനിന്നകറ്റണമേ, അവിടത്തെ നിയമങ്ങൾ നല്ലവയാണല്ലോ ഇതാ, ഞാൻ അവിടത്തെ പ്രമാണങ്ങൾക്കായി വാഞ്ഛിക്കുന്നു! അവിടത്തെ നീതിനിമിത്തം എന്റെ ജീവൻ സംരക്ഷിക്കണമേ. യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എന്നിലേക്കു നൽകണമേ, അവിടത്തെ വാഗ്ദാനപ്രകാരമുള്ള രക്ഷയും; അപ്പോൾ എന്നെ അപഹസിക്കുന്നവർക്ക് ഉത്തരംനൽകാനെനിക്കു കഴിയും, കാരണം അവിടത്തെ വചനത്തിൽ ഞാൻ ആശ്രയിക്കുന്നു. സത്യവചനം എന്റെ അധരങ്ങളിൽനിന്ന് എടുത്തുകളയരുതേ, കാരണം അവിടത്തെ നിയമങ്ങളിൽ ഞാൻ എന്റെ വിശ്വാസം അർപ്പിച്ചിരിക്കുന്നു. അവിടത്തെ ന്യായപ്രമാണം ഞാൻ എപ്പോഴും അനുസരിക്കും, എന്നുമെന്നേക്കുംതന്നെ. അവിടത്തെ പ്രമാണങ്ങൾ ഞാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ സ്വാതന്ത്ര്യത്തോടെ ജീവിക്കും. അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ രാജാക്കന്മാരുടെമുമ്പാകെ പ്രസ്താവിക്കും ഞാൻ ലജ്ജിതനാകുകയില്ല, അവിടത്തെ കൽപ്പനകൾ ഞാൻ ഇഷ്ടപ്പെടുന്നു അതുകൊണ്ട് ഞാൻ അതിൽ ആനന്ദിക്കും. എനിക്കു പ്രിയമായ കൽപ്പനകൾക്കായി ഞാൻ എന്റെ കൈകൾ ഉയർത്തുന്നു, അങ്ങനെ ഞാൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും. അടിയനോടുള്ള അവിടത്തെ വചനം ഓർക്കണമേ, കാരണം അവിടന്നെനിക്കു പ്രത്യാശ നൽകിയിരിക്കുന്നല്ലോ. അവിടത്തെ വാഗ്ദാനങ്ങൾ എന്റെ ജീവനു സംരക്ഷണം നൽകുന്നു; എന്റെ കഷ്ടതയിൽ അതാണ് എന്റെ ആശ്വാസം. അഹങ്കാരികൾ യാതൊരു വാഗ്സംയമനവുമില്ലാതെ എന്നെ പരിഹസിക്കുന്നു, എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് വ്യതിചലിക്കുന്നില്ല. യഹോവേ, അവിടത്തെ പുരാതന നിയമങ്ങൾ ഞാൻ ഓർക്കുന്നു, ഞാൻ അതിൽ ആശ്വാസം കണ്ടെത്തുന്നു. ദുഷ്ടർ അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്നതുനിമിത്തം, എനിക്ക് അവരോടുള്ള രോഷം ജ്വലിക്കുന്നു. ഞാൻ പ്രവാസിയായി താമസിക്കുന്ന എന്റെ ഭവനത്തിൽ അവിടത്തെ ഉത്തരവുകൾ എന്റെ സംഗീതത്തിന്റെ പ്രമേയമാക്കുന്നു. യഹോവേ, രാത്രികാലങ്ങളിൽ ഞാൻ തിരുനാമം സ്മരിക്കുന്നു അവിടത്തെ ന്യായപ്രമാണം ഞാൻ കാത്തുപാലിക്കുന്നു, ഞാൻ അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്നു; അതെന്റെ ജീവിതചര്യതന്നെ ആയിരിക്കുന്നു. യഹോവേ, അവിടന്നാണ് എന്റെ ഓഹരി; അങ്ങയുടെ വചനങ്ങൾ അനുസരിക്കാമെന്നു ഞാൻ പ്രതിജ്ഞചെയ്തിരിക്കുന്നു. പൂർണഹൃദയത്തോടെ ഞാൻ തിരുമുഖം അന്വേഷിക്കുന്നു; അവിടത്തെ വാഗ്ദാനപ്രകാരം എന്നോടു കൃപാലുവായിരിക്കണമേ. ഞാൻ എന്റെ ജീവിതരീതികൾ വിചിന്തനംചെയ്യുന്നു എന്റെ കാലടികൾ അവിടത്തെ നിയമവ്യവസ്ഥകളിലേക്കു തിരിച്ചിരിക്കുന്നു. അവിടത്തെ കൽപ്പനകൾ കാലവിളംബംവരുത്താതെ അനുസരിക്കാൻ ഞാൻ തിടുക്കംകൂട്ടുന്നു. ദുഷ്ടർ കയറുകൊണ്ട് എന്നെ ബന്ധിച്ചാലും, അവിടത്തെ ന്യായപ്രമാണം ഞാൻ മറക്കുകയില്ല. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം അവിടത്തേക്ക് നന്ദികരേറ്റാൻ അർധരാത്രിയിൽ ഞാൻ എഴുന്നേൽക്കുന്നു. അവിടത്തെ ഭയപ്പെടുന്ന എല്ലാവർക്കും, അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും ഞാൻ ഒരു സുഹൃത്താണ്. യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ ഈ ഭൂമി നിറഞ്ഞിരിക്കുന്നു; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. യഹോവേ, അവിടത്തെ വാഗ്ദാനപ്രകാരം അടിയനു നന്മചെയ്യണമേ. ഞാൻ അവിടത്തെ കൽപ്പനകൾ വിശ്വസിക്കുന്നതുകൊണ്ട്, നല്ല പരിജ്ഞാനവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ. കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ അവിടത്തെ വചനം അനുസരിക്കുന്നു. അവിടന്നു നല്ലവനും അവിടത്തെ പ്രവൃത്തികൾ നല്ലതും ആകുന്നു; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. നിഗളികൾ എന്നെപ്പറ്റി വ്യാജം പറഞ്ഞുണ്ടാക്കി, എന്നാൽ ഞാൻ പൂർണഹൃദയത്തോടെ അവിടത്തെ പ്രമാണങ്ങൾ അനുഷ്ഠിക്കുന്നു. അവരുടെ ഹൃദയം വികാരരഹിതവും കഠിനവും ആയിരിക്കുന്നു, എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു. ഞാൻ കഷ്ടതയിൽ ആയതു നന്നായി അതിനാൽ എനിക്ക് അവിടത്തെ ഉത്തരവുകൾ പഠിക്കാൻ കഴിയുന്നല്ലോ. ആയിരമായിരം വെള്ളി, സ്വർണം എന്നീ നാണയങ്ങളെക്കാൾ തിരുവായിൽനിന്നുള്ള ന്യായപ്രമാണം എനിക്ക് അധികം വിലയേറിയത്. തിരുക്കരങ്ങൾ എന്നെ നിർമിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; അവിടത്തെ കൽപ്പനകൾ അഭ്യസിക്കാൻ എനിക്കു വിവേകം നൽകണമേ. അങ്ങയെ ഭയപ്പെടുന്നവർ എന്നെ കാണുമ്പോൾ ആനന്ദിക്കട്ടെ, കാരണം ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശവെച്ചിരിക്കുന്നു. യഹോവേ, അവിടത്തെ നിയമങ്ങൾ നീതിനിഷ്ഠമായവയാണെന്ന് എനിക്കറിയാം, അവിടത്തെ വിശ്വസ്തതനിമിത്തമാണ് അങ്ങ് എന്നെ കഷ്ടപ്പെടുത്തിയതെന്നും എനിക്കറിയാം. അടിയനോടുള്ള അവിടത്തെ വാഗ്ദാനപ്രകാരം, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് ആശ്വാസമായിരിക്കട്ടെ. ഞാൻ ജീവിച്ചിരിക്കേണ്ടതിന് അവിടത്തെ മനസ്സലിവ് എന്റെമേൽ പകരണമേ, കാരണം അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. അഹങ്കാരികൾ കാരണംകൂടാതെ എന്റെമേൽ വ്യാജാരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാൽ ലജ്ജിതരായിത്തീരട്ടെ; എന്നാൽ ഞാൻ അവിടത്തെ പ്രമാണങ്ങൾ ധ്യാനിക്കും. അങ്ങയെ ഭയപ്പെടുന്നവർ എന്റെ അടുക്കലേക്കു വരട്ടെ, അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കുന്നവരും എന്റെ അടുക്കൽ വരട്ടെ. നിഷ്കളങ്കഹൃദയത്തോടെ ഞാൻ അവിടത്തെ ഉത്തരവുകൾ പാലിക്കട്ടെ, അതുമൂലം ഞാൻ ലജ്ജിതനാകാതിരിക്കട്ടെ. എന്റെ പ്രാണൻ അവിടത്തെ രക്ഷയ്ക്കായുള്ള വാഞ്ഛയാൽ ക്ഷീണിച്ചിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശയർപ്പിക്കുന്നു. എന്റെ കണ്ണുകൾ അവിടത്തെ വാഗ്ദത്തങ്ങളെ കാത്തു തളരുന്നു; “അവിടന്ന് എപ്പോഴാണ് എന്നെയൊന്ന് ആശ്വസിപ്പിക്കുന്നത്,” എന്നു ഞാൻ ചോദിക്കുന്നു. പുകയത്തുവെച്ചിരിക്കുന്ന വീഞ്ഞുതുരുത്തിപോലെ ആയിരിക്കുന്നെങ്കിലും, അവിടത്തെ ഉത്തരവുകൾ ഞാൻ വിസ്മരിക്കുന്നില്ല. എത്രകാലം അടിയൻ കാത്തിരിക്കണം? എന്റെ പീഡകരെ എന്നാണ് അങ്ങ് ശിക്ഷിക്കുന്നത്? അവിടത്തെ ന്യായപ്രമാണം പാലിക്കാത്ത അഹങ്കാരികൾ എനിക്കുവേണ്ടി ചതിക്കുഴികളൊരുക്കിയിരിക്കുന്നു. അവിടത്തെ കൽപ്പനകളെല്ലാം വിശ്വാസയോഗ്യമാകുന്നു; കാരണംകൂടാതെ മനുഷ്യർ എന്നെ പീഡിപ്പിക്കുന്നതിനാൽ എന്നെ സഹായിക്കണമേ. അവർ എന്നെ ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുനീക്കിയിരിക്കുന്നു, എന്നിട്ടും അടിയൻ അവിടത്തെ പ്രമാണങ്ങൾ ഉപേക്ഷിച്ചിട്ടില്ല. അവിടത്തെ അചഞ്ചലസ്നേഹത്തിൽ എന്നെ പരിരക്ഷിക്കണമേ, ഞാൻ അങ്ങയുടെ തിരുമൊഴികളാകുന്ന നിയമവ്യവസ്ഥകൾ പാലിക്കും.