സങ്കീ. 119:1-35

സങ്കീ. 119:1-35 IRVMAL

യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ച് പൂർണ്ണഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നീതികേട് പ്രവർത്തിക്കാതെ കർത്താവിന്‍റെ വഴികളിൽ തന്നെ നടക്കുന്നു. അങ്ങേയുടെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന് അങ്ങ് അവ കല്പിച്ചുതന്നിരിക്കുന്നു. അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് എന്‍റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു. അങ്ങേയുടെ സകല കല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം ഞാൻ ലജ്ജിച്ചു പോകുകയില്ല. അങ്ങേയുടെ നീതിയുള്ള വിധികൾ പഠിച്ചിട്ട് ഞാൻ പരമാർത്ഥ ഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും. ഞാൻ അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ഒരു ബാലൻ തന്‍റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? അങ്ങേയുടെ വചനപ്രകാരം തന്‍റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നു; അങ്ങേയുടെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ. ഞാൻ അങ്ങേയോട് പാപം ചെയ്യാതിരിക്കേണ്ടതിന് അങ്ങേയുടെ വചനം എന്‍റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ എന്‍റെ അധരങ്ങൾ കൊണ്ടു അങ്ങേയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു. ഞാൻ സർവ്വസമ്പത്തിലും എന്നപോലെ അങ്ങേയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ധ്യാനിക്കുകയും അങ്ങേയുടെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു. ഞാൻ അങ്ങേയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; അങ്ങേയുടെ വചനം മറക്കുകയുമില്ല. ജീവിച്ചിരുന്ന് അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യേണമേ. അങ്ങേയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് എന്‍റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; അങ്ങേയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ. അങ്ങേയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് എന്‍റെ മനസ്സു തകർന്നിരിക്കുന്നു. അങ്ങേയുടെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭത്സിക്കുന്നു. നിന്ദയും അപമാനവും എന്നോട് അകറ്റേണമേ; ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു. അധികാരികളും കൂടിയിരുന്ന് എനിക്ക് വിരോധമായി സംസാരിക്കുന്നു; എങ്കിലും അടിയൻ അങ്ങേയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ പ്രമോദവും എന്‍റെ ആലോചനക്കാരും ആകുന്നു. എന്‍റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്‍റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അങ്ങേയുടെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും. എന്‍റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; അങ്ങേയുടെ വചനപ്രകാരം എന്നെ ശക്തീകരിക്കേണമേ. ഭോഷ്കിന്‍റെ വഴി എന്നോട് അകറ്റേണമേ; അങ്ങേയുടെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങേയുടെ വിധികൾ എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു. ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. അങ്ങ് എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ അങ്ങേയുടെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, അങ്ങേയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും. ഞാൻ അങ്ങേയുടെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കേണമേ. അങ്ങേയുടെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ.

സങ്കീ. 119:1-35 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും