സങ്കീർത്തനങ്ങൾ 119:1-35

സങ്കീർത്തനങ്ങൾ 119:1-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ച് പൂർണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽത്തന്നെ നടക്കുന്നു. നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിനു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു. നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന് എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു. നിന്റെ സകല കല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാൻ ലജ്ജിച്ചുപോകയില്ല. നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ട് ഞാൻ പരമാർഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും. ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്ക് ഇടവരരുതേ. ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ എന്റെ അധരങ്ങൾകൊണ്ട് നിന്റെ വായുടെ വിധികളെയൊക്കെയും വർണിക്കുന്നു. ഞാൻ സർവസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു. ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ജീവിച്ചിരിക്കേണ്ടതിന് അടിയനു നന്മ ചെയ്യേണമേ; എന്നാൽ ഞാൻ നിന്റെ വചനം പ്രമാണിക്കും. നിന്റെ ന്യായപ്രമാണത്തിലെ അദ്ഭുതങ്ങളെ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറച്ചുവയ്ക്കരുതേ. നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ട് എന്റെ മനസ്സ് തകർന്നിരിക്കുന്നു. നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർത്സിക്കുന്നു. നിന്ദയും അപമാനവും എന്നോട് അകറ്റേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു. പ്രഭുക്കന്മാരും ഇരുന്ന് എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്ക് ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അദ്ഭുതങ്ങളെ ധ്യാനിക്കും. എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ. ഭോഷ്കിന്റെ വഴി എന്നോട് അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വച്ചിരിക്കുന്നു. ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും അതിനെ പൂർണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്കു ബുദ്ധി നല്കേണമേ. നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 119:1-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ ധർമശാസ്ത്രം അനുസരിച്ച്, നിഷ്കളങ്കരായി ജീവിക്കുന്നവർ അനുഗൃഹീതർ. അവിടുത്തെ കല്പനകൾ പാലിക്കുന്നവർ, പൂർണഹൃദയത്തോടെ അവിടുത്തെ അനുസരിക്കുന്നവർ അനുഗൃഹീതർ. അവർ തിന്മയൊന്നും ചെയ്യുന്നില്ല. അവിടുത്തെ വഴികളിൽതന്നെ അവർ ചരിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ ശുഷ്കാന്തിയോടെ പാലിക്കുന്നതിന്, അങ്ങ് ഞങ്ങൾക്കു നല്‌കിയിരിക്കുന്നു. അങ്ങയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ നിന്നു ഞാൻ ഇളകാതിരുന്നെങ്കിൽ! എങ്കിൽ, അങ്ങയുടെ കല്പനകളിൽ ദൃഷ്‍ടി പതിപ്പിച്ച എനിക്ക് ഒരിക്കലും ലജ്ജിതനാകേണ്ടിവരികയില്ല. അവിടുത്തെ നീതിനിഷ്ഠമായ ശാസനകൾ പഠിക്കുമ്പോൾ, ഞാൻ നിഷ്കളങ്കഹൃദയത്തോടെ അവിടുത്തെ സ്തുതിക്കും. അവിടുത്തെ ചട്ടങ്ങൾ ഞാൻ അനുസരിക്കും. എന്നെ ഒരിക്കലും ഉപേക്ഷിക്കരുതേ! ഒരു യുവാവിന് എങ്ങനെ നിർമ്മലനായി ജീവിക്കാൻ കഴിയും? അവിടുത്തെ വചനപ്രകാരം ജീവിക്കുന്നതിനാൽ തന്നെ. ഞാൻ സർവാത്മനാ അങ്ങയെ അന്വേഷിക്കും. അവിടുത്തെ കല്പനകൾ വിട്ടുനടക്കാൻ എനിക്ക് ഇടയാകരുതേ. അങ്ങേക്കെതിരെ പാപം ചെയ്യാതിരിക്കാൻ, അവിടുത്തെ വചനം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. സർവേശ്വരാ, അങ്ങ് വാഴ്ത്തപ്പെടട്ടെ; അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അവിടുന്നു നല്‌കിയ കല്പനകൾ, ഞാൻ പ്രഘോഷിക്കും. സമ്പൽസമൃദ്ധി ഉണ്ടായാലെന്നപോലെ, അവിടുത്തെ കല്പനകൾ അനുസരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കും. അവിടുത്തെ വഴികളിൽ ഞാൻ ദൃഷ്‍ടിയൂന്നും. അവിടുത്തെ ചട്ടങ്ങളിൽ ഞാൻ ആനന്ദിക്കുന്നു. അവിടുത്തെ വചനം ഞാൻ വിസ്മരിക്കുകയില്ല. സർവേശ്വരാ, അവിടുത്തെ ദാസനോടു കൃപയുണ്ടാകണമേ. ഞാൻ ജീവിച്ചിരുന്നു അവിടുത്തെ വചനം അനുസരിക്കട്ടെ. അങ്ങയുടെ ധർമശാസ്ത്രത്തിലെ അദ്ഭുതസത്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ. ഞാൻ ഭൂമിയിൽ പരദേശിയാണല്ലോ. അങ്ങയുടെ കല്പനകൾ എന്നിൽനിന്നു മറച്ചുവയ്‍ക്കരുതേ. അങ്ങയുടെ കല്പനകൾക്കുവേണ്ടിയുള്ള, അഭിവാഞ്ഛയാൽ എന്റെ മനസ്സു കത്തുന്നു. അങ്ങയുടെ കല്പനകൾ തെറ്റി നടക്കുന്ന ശപിക്കപ്പെട്ട അഹങ്കാരികളെ അങ്ങു ശാസിക്കുന്നു. അവർ എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യാതിരിക്കട്ടെ. ഞാൻ അങ്ങയുടെ കല്പനകൾ അനുസരിക്കുന്നുവല്ലോ. പ്രഭുക്കന്മാർ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നാൽ അവിടുത്തെ ദാസൻ അങ്ങയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു. അവിടുത്തെ കല്പനകൾ എനിക്ക് ആനന്ദം നല്‌കുന്നു. അവയാണ് എന്റെ ഉപദേഷ്ടാക്കൾ. ഞാൻ മണ്ണിനോടു ചേരാറായിരിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. എന്റെ അവസ്ഥ ഞാൻ വിവരിച്ചപ്പോൾ അവിടുന്ന് എനിക്ക് ഉത്തരമരുളി. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ പ്രമാണങ്ങൾ നിർദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ. ഞാൻ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ധ്യാനിക്കും. ദുഃഖത്താൽ എന്റെ മനം ഉരുകുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ ശക്തീകരിക്കണമേ. ദുർമാർഗത്തിൽ നടക്കാൻ എനിക്ക് ഇടവരുത്തരുതേ; കാരുണ്യപൂർവം അവിടുത്തെ ധർമശാസ്ത്രം എന്നെ പഠിപ്പിക്കണമേ. സത്യത്തിന്റെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ കല്പനകളെക്കുറിച്ചു ഞാൻ എപ്പോഴും ബോധവാനാണ്. പരമനാഥാ, അവിടുത്തെ കല്പനകളോടു ഞാൻ പറ്റിച്ചേർന്നിരിക്കുന്നു. ലജ്ജിതനാകാൻ എനിക്ക് ഇടവരുത്തരുതേ. അവിടുന്ന് എനിക്കു കൂടുതൽ വിവേകം നല്‌കുമ്പോൾ, ഞാൻ ഉത്സാഹത്തോടെ അവിടുത്തെ കല്പനകളുടെ മാർഗത്തിൽ ചരിക്കും. സർവേശ്വരാ, അവിടുത്തെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ. അന്ത്യത്തോളം ഞാൻ അവ പാലിക്കും. അങ്ങയുടെ ധർമശാസ്ത്രം പാലിക്കാനും പൂർണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്‌കണമേ. അവിടുത്തെ കല്പനകളുടെ പാതയിലൂടെ എന്നെ നയിച്ചാലും. ഞാൻ അതിൽ ആനന്ദിക്കുന്നു.

സങ്കീർത്തനങ്ങൾ 119:1-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ച് പൂർണ്ണഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നീതികേട് പ്രവർത്തിക്കാതെ കർത്താവിന്‍റെ വഴികളിൽ തന്നെ നടക്കുന്നു. അങ്ങേയുടെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന് അങ്ങ് അവ കല്പിച്ചുതന്നിരിക്കുന്നു. അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് എന്‍റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു. അങ്ങേയുടെ സകല കല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം ഞാൻ ലജ്ജിച്ചു പോകുകയില്ല. അങ്ങേയുടെ നീതിയുള്ള വിധികൾ പഠിച്ചിട്ട് ഞാൻ പരമാർത്ഥ ഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും. ഞാൻ അങ്ങേയുടെ ചട്ടങ്ങൾ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ഒരു ബാലൻ തന്‍റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? അങ്ങേയുടെ വചനപ്രകാരം തന്‍റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നു; അങ്ങേയുടെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ. ഞാൻ അങ്ങേയോട് പാപം ചെയ്യാതിരിക്കേണ്ടതിന് അങ്ങേയുടെ വചനം എന്‍റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ എന്‍റെ അധരങ്ങൾ കൊണ്ടു അങ്ങേയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു. ഞാൻ സർവ്വസമ്പത്തിലും എന്നപോലെ അങ്ങേയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ധ്യാനിക്കുകയും അങ്ങേയുടെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു. ഞാൻ അങ്ങേയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; അങ്ങേയുടെ വചനം മറക്കുകയുമില്ല. ജീവിച്ചിരുന്ന് അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യേണമേ. അങ്ങേയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് എന്‍റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; അങ്ങേയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ. അങ്ങേയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് എന്‍റെ മനസ്സു തകർന്നിരിക്കുന്നു. അങ്ങേയുടെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭത്സിക്കുന്നു. നിന്ദയും അപമാനവും എന്നോട് അകറ്റേണമേ; ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു. അധികാരികളും കൂടിയിരുന്ന് എനിക്ക് വിരോധമായി സംസാരിക്കുന്നു; എങ്കിലും അടിയൻ അങ്ങേയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ പ്രമോദവും എന്‍റെ ആലോചനക്കാരും ആകുന്നു. എന്‍റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്‍റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അങ്ങേയുടെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും. എന്‍റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; അങ്ങേയുടെ വചനപ്രകാരം എന്നെ ശക്തീകരിക്കേണമേ. ഭോഷ്കിന്‍റെ വഴി എന്നോട് അകറ്റേണമേ; അങ്ങേയുടെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങേയുടെ വിധികൾ എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു. ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. അങ്ങ് എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ അങ്ങേയുടെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, അങ്ങേയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും. ഞാൻ അങ്ങേയുടെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കേണമേ. അങ്ങേയുടെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 119:1-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽതന്നേ നടക്കുന്നു. നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു. നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു. നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാൻ ലജ്ജിച്ചുപോകയില്ല. നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും. ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ. ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്കു ഇടവരരുതേ. ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ. ഞാൻ എന്റെ അധരങ്ങൾകൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വർണ്ണിക്കുന്നു. ഞാൻ സർവ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു. ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാൽ ഞാൻ നിന്റെ വചനം പ്രമാണിക്കും. നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ. ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ. നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകർന്നിരിക്കുന്നു. നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർത്സിക്കുന്നു. നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു. പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും. എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ. ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ. വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വെച്ചിരിക്കുന്നു. ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ. നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും. ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ. നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 119:1-35 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്, നിഷ്കളങ്കമാർഗത്തിൽ സഞ്ചരിക്കുന്നവർ അനുഗൃഹീതർ. സമ്പൂർണഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുകയും അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ— അവർ അനീതി പ്രവർത്തിക്കാതെ അവിടത്തെ വഴികൾതന്നെ പിൻതുടരുന്നു. അവിടത്തെ പ്രമാണങ്ങൾ ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ടതിന് അവിടന്ന് അവ കൽപ്പിച്ചിരിക്കുന്നു. ഹാ, അങ്ങയുടെ ഉത്തരവുകൾ പാലിക്കുന്നതിൽ എനിക്കു സ്ഥിരതപുലർത്താൻ കഴിഞ്ഞെങ്കിൽ! എന്നാൽ ഞാൻ ലജ്ജിച്ചുപോകുകയില്ല, അവിടത്തെ കൽപ്പനകളെല്ലാം ഞാൻ പ്രമാണിക്കുന്നല്ലോ. ഞാൻ അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ അഭ്യസിച്ചിട്ട് ഹൃദയപരമാർഥതയോടെ അങ്ങയെ പുകഴ്ത്തും. ഞാൻ അങ്ങയുടെ ഉത്തരവുകൾ പാലിക്കും; എന്നെ നിശ്ശേഷം ഉപേക്ഷിച്ചുകളയരുതേ. ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ? അവിടത്തെ വചനം അനുസരിച്ച് ജീവിക്കുന്നതിനാൽത്തന്നെ. ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു; അവിടത്തെ കൽപ്പനകളിൽനിന്നു വ്യതിചലിക്കാൻ എനിക്കിടവരരുതേ. അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ, അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. തിരുവായിൽനിന്നു പൊഴിയുന്ന അനുശാസനങ്ങളെല്ലാം ഞാൻ എന്റെ അധരങ്ങളാൽ വർണിക്കുന്നു. മഹാസമ്പത്തിലൊരാൾ ആഹ്ലാദിക്കുന്നതുപോലെ ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടരുന്നതിൽ ആനന്ദിക്കുന്നു. അവിടത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കുകയും അവിടത്തെ മാർഗങ്ങളിൽ ദൃഷ്ടിയുറപ്പിക്കുകയും ചെയ്യുന്നു. അവിടത്തെ ഉത്തരവുകളിൽ ഞാൻ ആനന്ദിക്കുന്നു; അവിടത്തെ വചനം ഞാനൊരിക്കലും നിരസിക്കുകയില്ല. ഞാൻ ജീവിച്ചിരുന്ന് അങ്ങയുടെ വചനം അനുസരിക്കേണ്ടതിന് ഈ ദാസന്റെമേൽ ദയകാണിക്കണമേ. അവിടത്തെ ന്യായപ്രമാണത്തിലെ വൈശിഷ്ട്യങ്ങളെ ദർശിക്കേണ്ടതിന് അടിയന്റെ കണ്ണുകളെ തുറക്കണമേ. ഈ ഭൂമിയിൽ ഞാനൊരു പ്രവാസിയാണ്; അവിടത്തെ കൽപ്പനകൾ എന്നിൽനിന്നു മറച്ചുവെക്കരുതേ. അവിടത്തെ നിയമങ്ങളോട് എപ്പോഴുമുള്ള അഭിവാഞ്ഛനിമിത്തം എന്റെ പ്രാണൻ ക്ഷയിച്ചുപോകുന്നു. അവിടത്തെ കൽപ്പനകൾ അനുസരിക്കാൻ കൂട്ടാക്കാത്ത ശപിക്കപ്പെട്ട ധിക്കാരികളെ അങ്ങു ശകാരിക്കുന്നു. നിന്ദയും വെറുപ്പും എന്നിൽനിന്നകറ്റണമേ ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടല്ലോ. ഭരണാധികാരികൾ ഒന്നിച്ചിരുന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തുന്നു, എങ്കിലും അങ്ങയുടെ ദാസൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും. അവിടത്തെ നിയമവ്യവസ്ഥകൾ എന്റെ ആനന്ദമാണ്; അവയാണെന്റെ ഉപദേഷ്ടാക്കളും. ഞാൻ പൊടിയിൽ വീണമർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ഉത്തേജിപ്പിക്കണമേ. എന്റെ പദ്ധതികൾ ഞാൻ അവിടത്തെ അറിയിച്ചു, അപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. അവിടത്തെ പ്രമാണങ്ങളുടെ അർഥം എനിക്കു മനസ്സിലാക്കിത്തരണമേ, അങ്ങനെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും. എന്റെ പ്രാണൻ ദുഃഖത്താൽ തളർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ശക്തിപ്പെടുത്തണമേ. വഞ്ചനനിറഞ്ഞ വഴികളിൽനിന്ന് എന്നെ കാത്തുപാലിക്കണമേ; കരുണയാൽ അവിടത്തെ ന്യായപ്രമാണം എന്നെ പഠിപ്പിക്കണമേ. വിശ്വസ്തതയുടെ മാർഗം ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവിടത്തെ നിയമങ്ങൾ എന്റെമുമ്പിൽ വെച്ചിരിക്കുന്നു. യഹോവേ, അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു, എന്നെ ലജ്ജിപ്പിക്കാൻ അനുവദിക്കരുതേ. ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു, കാരണം അവിടന്ന് എന്റെ വിവേകത്തെ വിസ്തൃതമാക്കിയല്ലോ. യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ, അപ്പോൾ അവ എനിക്ക് അന്ത്യംവരെ പിൻതുടരാൻ സാധിക്കും. അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ. അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ, കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു.

സങ്കീർത്തനങ്ങൾ 119:1-35

സങ്കീർത്തനങ്ങൾ 119:1-35 MALOVBSIസങ്കീർത്തനങ്ങൾ 119:1-35 MALOVBSIസങ്കീർത്തനങ്ങൾ 119:1-35 MALOVBSI