സംഖ്യ. 5
5
പാളയത്തിന്‍റെ വിശുദ്ധി
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2“സകല കുഷ്ഠരോഗികളെയും, സ്രവക്കാരെയും ശവത്താൽ അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കുവാൻ യിസ്രായേൽ മക്കളോട് കല്പിക്കുക. 3ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്ന് പുറത്താക്കേണം; ഞാൻ അവരുടെ മദ്ധ്യത്തിൽ വസിക്കുന്നതിനാൽ അവർ അവരുടെ പാളയം അശുദ്ധമാക്കരുത്.” 4യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു; അവരെ പാളയത്തിൽനിന്ന് പുറത്താക്കി; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ യിസ്രായേൽ മക്കൾ ചെയ്തു.
പ്രായശ്ചിത്തം
5യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 6“നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയുക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോട് ദ്രോഹിച്ച് മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ട് കുറ്റക്കാരായാൽ, 7ചെയ്ത പാപം അവർ ഏറ്റുപറയുകയും തങ്ങളുടെ അകൃത്യത്തിന് പ്രായശ്ചിത്തമായി മുതലും അതിന്‍റെ അഞ്ചിലൊന്നും കൂട്ടി, അകൃത്യം ചെയ്തവന് പകരം കൊടുക്കുകയും വേണം. 8എന്നാൽ അകൃത്യത്തിന് പ്രായശ്ചിത്തം വാങ്ങുവാൻ അവനു ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിനുള്ള പ്രായശ്ചിത്തം യഹോവയ്ക്ക് കൊടുക്കുന്നത്, പുരോഹിതന് ആയിരിക്കേണം; അതുകൂടാതെ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനുള്ള പ്രായശ്ചിത്തത്തിൻ്റെ ആട്ടുകൊറ്റനെയും അർപ്പിക്കേണം. 9യിസ്രായേൽ മക്കൾ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരുന്ന സകല വിശുദ്ധവസ്തുക്കളിലും മേന്മയായതൊക്കെയും അവനു ആയിരിക്കേണം. 10ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കളും പുരോഹിതന് കൊടുക്കുന്നതെല്ലാം അവനുള്ളതായിരിക്കേണം.”
പാതിവ്രത്യശങ്കയ്ക്കുള്ള നിയമം
11യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്. 12“നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ഏതെങ്കിലും ഒരു പുരുഷന്‍റെ ഭാര്യ വഞ്ചിച്ച് അവനെ ദ്രോഹിച്ച്, 13അവളോടുകൂടി ഒരാൾ ശയിക്കുകയും അത് അവളുടെ ഭർത്താവിന് മറവായിരിക്കുകയും അവൾ അശുദ്ധയാകുകയും അവൾക്ക് വിരോധമായി സാക്ഷിയില്ലാതിരിക്കുകയും 14അവൾ ക്രിയയിൽ പിടിക്കപ്പെടാതിരിക്കുകയും, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയായിരിക്കുകയും ചെയ്യുകയോ, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയല്ലാതിരിക്കുകയും ചെയ്താൽ 15ആ പുരുഷൻ ഭാര്യയെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുചെല്ലേണം; അവൾക്കുവേണ്ടി വഴിപാടായിട്ട് ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്; അത് സംശയത്തിൻ്റെ ഭോജനയാഗമല്ലോ; അപരാധസ്മാരകമായ ഭോജനയാഗം തന്നെ.
16“പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തേണം. 17പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കേണം; പുരോഹിതൻ തിരുനിവാസത്തിന്‍റെ നിലത്തെ പൊടി കുറെ എടുത്ത് ആ വെള്ളത്തിൽ ഇടേണം. 18പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ച് അപരാധസ്മാരകത്തിൻ്റെ ഭോജനയാഗം അവളുടെ കയ്യിൽ വയ്ക്കേണം; പുരോഹിതന്‍റെ കയ്യിൽ ശാപകരമായ കയ്പുവെള്ളവും ഉണ്ടായിരിക്കേണം. 19പുരോഹിതൻ അവളെക്കൊണ്ട് സത്യം ചെയ്യിച്ച് അവളോട് പറയേണ്ടത്: ‘ആരും നിന്നോടുകൂടെ ശയിക്കുകയും നിനക്കു ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്ക് തിരിയുകയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിൻ്റെ ദോഷം നിനക്കു വരാതിരിക്കട്ടെ. 20എന്നാൽ നിനക്കു ഭർത്താവുണ്ടായിരിക്കെ നീ പിഴച്ച് അശുദ്ധയാകുകയും നിന്‍റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടെ ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ’ -
21“അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ട് ശാപസത്യം ചെയ്യിച്ച് അവളോട്: ‘യഹോവ നിന്‍റെ നിതംബം ക്ഷയിപ്പിക്കുകയും ഒരു കുഞ്ഞിനു ജന്മം കൊടുക്കുവാന്‍ സാധിക്കാതിരിക്കുകയും#5:21 ഒരു കുഞ്ഞിനു ജന്മം കൊടുക്കുവാന്‍ സാധിക്കാതിരിക്കുകയും ചെയ്തു നിന്‍റെ ജനത്തിന്‍റെ ഇടയിൽ നിന്നെ ശാപവും ആക്ഷേപവും ആക്കി തീർക്കട്ടെ. 22ശാപകരമായ ഈ വെള്ളം നിന്‍റെ കുടലിൽ ചെന്നു നിന്‍റെ ഉദരം വീർപ്പിക്കുകയും നിന്‍റെ നിതംബം ക്ഷയിപ്പിക്കുകയും ചെയ്യും’ എന്നു പറയേണം.
അതിന് സ്ത്രീ: ‘ആമേൻ, ആമേൻ’ എന്നു പറയേണം.
23പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കേണം. 24അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കൊടുപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും;
25പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്ന് സംശയത്തിൻ്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അർപ്പിക്കേണം. 26പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്ത് യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്‍റെശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം. 27അവൾ അശുദ്ധയായി തന്‍റെ ഭർത്താവിനോട് ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കുകയും നിതംബം ക്ഷയിക്കുകയും സ്ത്രീ തന്‍റെ ജനത്തിന്‍റെ ഇടയിൽ ശാപഗ്രസ്തയായിരിക്കുകയും ചെയ്യും. 28എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്ക് ദോഷം വരുകയില്ല; അവൾ ഗർഭം ധരിക്കും.
29“ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം; 30ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴച്ച് അശുദ്ധയാകുകയോ ജാരശങ്ക അവനെ ബാധിച്ച്, അവൻ#5:30 അവൻ ഭര്‍ത്താവ് അല്ലെങ്കില്‍ പുരോഹിതന്‍ ഭാര്യയെ സംശയിക്കുകയോ ചെയ്തിട്ട് അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമെല്ലാം അവളിൽ നടത്തേണം. 31എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകുകയില്ല; സ്ത്രീയോ തന്‍റെ അകൃത്യം വഹിക്കും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സംഖ്യ. 5: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.