സംഖ്യ. 4
4
കെഹാത്യർ
1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 2“ലേവ്യഗോത്രത്തിൽ കെഹാത്യകുലത്തിൽ മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെ പ്രായമുള്ള, സമാഗമനകൂടാരത്തിൽ 3വേലചെയ്യുവാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി സംഖ്യ എടുക്കുവിൻ. 4സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് കെഹാത്യരുടെ വേല ഇപ്രകാരമാണ്: 5പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്ന് തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടേണം. 6കോലാട്ടിൻ തോൽകൊണ്ടുള്ള മൂടി#4:6 കോലാട്ടിൻ തോൽകൊണ്ടുള്ള മൂടി പുറപ്പാട് 25:5 നോക്കുക അതിന്മേൽ ഇട്ടു അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
7കാഴ്ചയപ്പത്തിന്‍റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വയ്ക്കേണം; നിരന്തരമായി അപ്പവും അതിന്മേൽ ഇരിക്കേണം. 8അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ച് കോലാട്ടിൻ തോൽകൊണ്ടുള്ള മൂടുവിരിയാൽ അത് മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
9ഒരു നീലശ്ശീല എടുത്ത് വെളിച്ചത്തിനുള്ള നിലവിളക്കും അതിന്‍റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്‍റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടേണം. 10അതും അതിന്‍റെ പാത്രങ്ങളൊക്കെയും കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചുകെട്ടേണം.
11സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. 12വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.
13അവർ യാഗപീഠത്തിൽനിന്ന് വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കണം. 14അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്‍റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വയ്ക്കേണം; കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
15പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ സകല ഉപകരണങ്ങളും ആവരണം ചെയ്തു തീർന്നശേഷം കെഹാത്യർ ചുമക്കുവാൻ വരേണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന് വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യർ ചുമക്കേണ്ടത് ഇവ തന്നെ. 16പുരോഹിതനായ അഹരോന്‍റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്‍റെ ഉപകരണങ്ങളും തന്നെ.
17യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 18“നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്ന് ഛേദിച്ചുകളയരുത്. 19അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്യുവിൻ: അഹരോനും പുത്രന്മാരും അകത്ത് കടന്ന് അവരിൽ ഓരോരുത്തനെ അവനവന്‍റെ വേലയ്ക്കും അവനവന്‍റെ ചുമടിനും നിയോഗിക്കേണം. 20എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ട് മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്ത് കടക്കരുത്.”
ഗേർശോന്യർ
21യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 22“ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി സംഖ്യ എടുക്കുക. 23മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ വേലചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.
24ശുശ്രൂഷ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല ഇപ്രകാരമാണ്: 25തിരുനിവാസത്തിന്‍റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്‍റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്‍റെ വാതിലിനുള്ള മറശ്ശീല, 26പ്രാകാരത്തിന്‍റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്‍റെ വാതിലിനുമുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എല്ലാം അവർ ചുമക്കേണം; അവയെ സംബന്ധിച്ച് ചെയ്യുവാനുള്ള ജോലികളെല്ലാം അവർ ചെയ്യേണം. 27ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്‍റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം. 28സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇത് തന്നെ; അവരുടെ സേവനം പുരോഹിതനായ അഹരോന്‍റെ മകൻ ഈഥാമാരിന്‍റെ നിർദ്ദേശപ്രകാരം ആയിരിക്കേണം.
മെരാര്യർ
29മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം. 30മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിലെ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം. 31സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ട ചുമട് ഇവയാണ്: തിരുനിവാസത്തിന്‍റെ പലക, അന്താഴം, തൂണ്, ചുവട്, 32ചുറ്റുമുള്ള പ്രാകാരത്തിന്‍റെ തൂണ്, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളും അവ സംബന്ധിച്ചുള്ള എല്ലാ ജോലിയും തന്നെ; അവർ എടുക്കേണ്ട ഉപകരണങ്ങൾ നിങ്ങൾ പേരുവിവരമായി അവരെ ഏല്പിക്കേണം. 33പുരോഹിതനായ അഹരോന്‍റെ മകൻ ഈഥാമാരിന്‍റെ നിർദ്ദേശപ്രകാരം സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകലശുശ്രൂഷയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ട വേല ഇതുതന്നെ.
ലേവ്യരുടെ എണ്ണം
34മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെ 35സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി. 36അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തി എഴുനൂറ്റി അമ്പത് പേർ. 37മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
38ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ 39മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി 40കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തി അറുനൂറ്റി മുപ്പതു (2,630) പേർ. 41യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ. 42മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ 43മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി 44അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിയിരുനൂറ് (3,200) പേർ. 45യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നെ.
46മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പത് വയസ്സുവരെ 47സമാഗമനകൂടാരത്തിലെ ശുശ്രൂഷയും ചുമട്ടുവേലയും ചെയ്യുവാൻ പ്രവേശിച്ചവർ ആകെ 48എണ്ണായിരത്തി അഞ്ഞൂറ്റി എൺപത് (8,580) പേർ ആയിരുന്നു. 49യഹോവയുടെ കല്പനപ്രകാരം അവർ മോശെമുഖാന്തരം ഓരോരുത്തൻ അവനവന്‍റെ വേലയ്ക്കും താന്താന്‍റെ ചുമടിനും തക്കവണ്ണം എണ്ണപ്പെട്ടു.
യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ അവരെ എണ്ണി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സംഖ്യ. 4: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.