ലൂക്കൊ. 2
2
യേശുവിന്‍റെ ജനനം
1ആ കാലത്ത്, റോമാസാമ്രാജ്യത്തിൽ ഒക്കെയും ജനസംഖ്യ കണക്ക് എടുക്കേണം എന്നു ഔഗുസ്തൊസ് കൈസർ ഒരു ആജ്ഞ കൊടുത്തു. 2കുറേന്യൊസ്, സിറിയയിലെ ഗവർണ്ണർ ആയിരിക്കുമ്പോൾ ആകുന്നു ഈ ഒന്നാമത്തെ കണക്കെടുപ്പ് ഉണ്ടാകുന്നത്. 3അതുകൊണ്ട് എല്ലാവരും ജനസംഖ്യ രേഖപ്പെടുത്തേണ്ടതിന് അവരവരുടെ പട്ടണങ്ങളിലേക്ക് യാത്രയായി. 4അങ്ങനെ യോസഫും ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവൻ ആയിരുന്നതുകൊണ്ട്, പേരു ചേർക്കേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്-ലേഹേം എന്ന ദാവീദിന്‍റെ പട്ടണത്തിലേക്ക് പോയി. 5തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടിയാണ് യോസേഫ് പോയത്. 6അവർ അവിടെ ആയിരുന്നപ്പോൾ അവൾക്ക് പ്രസവത്തിനുള്ള സമയം ആയി. 7അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലാതിരുന്നതിനാൽ പുതപ്പ് കൊണ്ടു നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയിൽ #2:7 പശുക്കൾക്കുള്ള ആഹാരം ശേഖരിച്ചു വയ്ക്കുന്ന ഒരു വലിയ പാത്രം കിടത്തി.
ആട്ടിടയന്മാരും ദൈവദൂതന്മാരും
8അന്നു, സൂര്യൻ അസ്തമിച്ച് ഇരുൾ വ്യാപിച്ചപ്പോൾ, ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻകൂട്ടത്തിന് കാവലായി വെളിയിൽ താമസിച്ചിരുന്നു. 9പെട്ടെന്ന് കർത്താവിന്‍റെ ഒരു ദൂതൻ അവരുടെ അരികെ വന്നു, കർത്താവിന്‍റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. 10ദൂതൻ അവരോട്: ”ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. 11കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്‍റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു. 12നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” എന്നു പറഞ്ഞു.
13പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്‍റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി.
14“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം;
ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം”
എന്നു പറഞ്ഞു.
15ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്-ലേഹേമിൽ ചെന്നു കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണണം എന്നു തമ്മിൽ പറഞ്ഞു.
16അവർ വേഗത്തിൽ ചെന്നു, മറിയയെയും യോസഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. 17ഈ കുഞ്ഞിനെക്കുറിച്ച് മാലാഖമാർ തങ്ങളോട് പറഞ്ഞവാക്ക് മറ്റുള്ളവരെയെല്ലാം അറിയിച്ചു. 18ഇടയന്മാർ പറഞ്ഞത് കേട്ടവർ എല്ലാം ആശ്ചര്യപ്പെട്ടു. 19മറിയ ഈ വാർത്ത ഒക്കെയും വില ഉള്ളതെന്ന് കരുതി ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു. 20തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കണ്ടു. അവർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.
21ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവനു യേശു എന്നു പേർ വിളിച്ചു.
22മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള അവളുടെ ശുദ്ധീകരണകാലം പൂർത്തിയായപ്പോൾ മാതാപിതാക്കൾ ശിശുവിനെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി. 23കടിഞ്ഞൂലായ#2:23 ആദ്യജാതനായ ആണൊക്കെയും കർത്താവിന് വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്‍റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് പോലെ 24അവനെ കർത്താവിന് അർപ്പിക്കുവാനും, ഒരു ഇണ#2:24 ഒരു ഇണ എന്നാൽ രണ്ടു അല്ലെങ്കിൽ ഒരു ജോടി കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്‍റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിക്കുവാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
25യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്‍റെമേൽ ഉണ്ടായിരുന്നു. 26കർത്താവിന്‍റെ ക്രിസ്തുവിനെ കാണുംമുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവനു അരുളപ്പാടു ഉണ്ടായിരുന്നു. 27അവൻ ആത്മാവ് നയിച്ചതനുസരിച്ച് ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന് വേണ്ടി ന്യായപ്രമാണം അനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ ചെയ്‌വാൻ അമ്മയും അപ്പനും അവനെ അകത്ത് കൊണ്ടുചെന്നപ്പോൾ 28ശിമ്യോൻ അവനെ കയ്യിൽ എടുത്തു ദൈവത്തെ പുകഴ്ത്തി:
29“ഇപ്പോൾ നാഥാ തിരുവചനത്തിൽ പറയുന്നതുപോലെ
നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കേണമേ.
30ജനതകൾക്ക് വെളിപ്പെടുവാനുള്ള പ്രകാശവും
നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി
31നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ
32എന്‍റെ കണ്ണ് കണ്ടുവല്ലോ”
എന്നു പറഞ്ഞു.
33ഇങ്ങനെ യേശു പൈതലിനെക്കുറിച്ചു പറഞ്ഞത് കൊണ്ടു അവന്‍റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. 34പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്‍റെ അമ്മയായ മറിയയോടു: “ഇവൻ യിസ്രായേലിൽ പലരേയും ദൈവത്തിൽ നിന്നു അകലുന്നവരും അടുക്കുന്നവരും ആക്കിത്തീർക്കും. അനേകരുടെ ഹൃദയങ്ങളിലെ വിചാരം വെളിപ്പെടുത്തും. എതിർക്കുന്നവർക്ക് അവൻ ഒരു അടയാളം ആയിരിക്കും. 35നിന്‍റെ സ്വന്തപ്രാണനിൽക്കൂടി ഒരു വാൾ കടക്കുന്നതു പോലെ നിനക്കു വലിയ പ്രയാസം ഉണ്ടാകും“ എന്നു പറഞ്ഞു.
36ആശേർ ഗോത്രത്തിൽ ഫനൂവേലിൻ്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ വിവാഹ ശേഷം ഭർത്താവിനോടുകൂടെ ഏഴു വര്‍ഷം ജീവിച്ചു. എൺപത്തിനാല് വര്‍ഷം വിധവയായി ജീവിച്ചു. ഇപ്പോൾ വളരെ വയസ്സു ചെന്നു. 37ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തുവരുന്നു. 38ആ സമയത്ത് അവളും അടുത്തുനിന്ന് ദൈവത്തെ സ്തുതിച്ച്, യെരൂശലേമിന്‍റെ വീണ്ടെടുപ്പിനായി കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ച് പ്രസ്താവിച്ചു. 39കർത്താവിന്‍റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം മറിയയും യോസഫും ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് മടങ്ങിപ്പോയി.
40പൈതൽ വളർന്ന് ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
ബാലനായ യേശു ദൈവാലയത്തിൽ
41അവന്‍റെ അമ്മയപ്പന്മാർ എല്ലാ വർഷവും പെസഹ പെരുന്നാളിന് യെരൂശലേമിലേക്കു പോകുക പതിവായിരുന്നു. 42അവനു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിന് പോയി. 43പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. 44അവരോടൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ വിചാരിച്ചിട്ട് ഒരു ദിവസത്തെ യാത്രചെയ്തു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചു. 45അവനെ കണ്ടില്ല അതുകൊണ്ട് അവർ അവനെ അന്വേഷിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി. 46മൂന്നുദിവസം കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഗുരുക്കന്മാരുടെ ഇടയിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുന്നതും കണ്ടു. 47അവന്‍റെ വാക്ക് കേട്ടവർക്കെല്ലാവർക്കും അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു; 48അമ്മ അവനോട്: “മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്ത്? നിന്‍റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ കണ്ടുപിടിക്കാൻ വളരെ വിഷമിച്ചു“ എന്നു പറഞ്ഞു.
49അവൻ അവരോട്: എന്നെ എന്തിനാണ് അന്വേഷിച്ചത്? എന്‍റെ പിതാവിന്‍റെ ഭവനത്തിൽ ഞാൻ ഇരിക്കേണം എന്നു നിങ്ങൾ അറിയുന്നില്ലയോ? എന്നു പറഞ്ഞു. 50അവൻ തങ്ങളോട് പറഞ്ഞവാക്ക് അവർക്ക് മനസ്സിലായില്ല.
51പിന്നെ അവൻ അവരോടുകൂടെ നസറെത്തിൽ വന്നു മാതാപിതാക്കളെ അനുസരിച്ചു ജീവിച്ചു. ഈ കാര്യങ്ങൾ എല്ലാം അവന്‍റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
52യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലൂക്കൊ. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.