യെശ. 54
54
യെരൂശലേമിന്‍റെ ഭാവിമഹത്ത്വം
1“പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക;
നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക;
ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം”
എന്നു യഹോവ അരുളിച്ചെയ്യുന്നു.
2നിന്‍റെ കൂടാരത്തിന്‍റെ സ്ഥലത്തെ വിശാലമാക്കുക;
നിന്‍റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവർക്കട്ടെ;
തടുത്തുകളയരുത്; നിന്‍റെ കയറുകളെ നീട്ടുക;
നിന്‍റെ കുറ്റികളെ ഉറപ്പിക്കുക.
3നീ ഇടത്തോട്ടും വലത്തോട്ടും പരക്കും;
നിന്‍റെ സന്തതി ജനതകളുടെ ദേശം കൈവശമാക്കുകയും
ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കുകയും ചെയ്യും.
4ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല;
ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല;
നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും;
നിന്‍റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല.
5നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭർത്താവ്;
സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം;
യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടെടുപ്പുകാരൻ;
സർവ്വഭൂമിയുടെയും ദൈവം എന്നു അവിടുന്ന് വിളിക്കപ്പെടുന്നു.
6ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ
യഹോവ നിന്നെ വിളിച്ചിരിക്കുന്നു;
യൗവനത്തിൽ വിവാഹം ചെയ്തിട്ട് തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ
എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു.
7“അല്പനേരത്തേക്ക് മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു;
എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും.
8ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്ക് എന്‍റെ മുഖം നിനക്കു മറച്ചു;
എങ്കിലും നിത്യദയയോടെ ഞാൻ നിന്നോട് കരുണ കാണിക്കും”
എന്നു നിന്‍റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.
9“ഇത് എനിക്ക് നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു;
നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളയുകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ
ഞാൻ നിന്നോട് കോപിക്കുകയോ നിന്നെ ശാസിക്കുകയോ ഇല്ല
എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു.
10പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും;
എങ്കിലും എന്‍റെ ദയ നിന്നെ വിട്ടുമാറുകയില്ല;
എന്‍റെ സമാധാനനിയമം നീങ്ങിപ്പോവുകയുമില്ല”
എന്നു നിന്നോട് കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
11“പീഢ അനുഭവിക്കുന്നവളും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളവളേ,
ഞാൻ നിന്‍റെ കല്ല് അഞ്ജനത്തിൽ#54:11 അഞ്ജനത്തിൽ രത്നം. പതിക്കുകയും
നീലക്കല്ലുകൊണ്ടു#54:11 നീലക്കല്ലുകൊണ്ടു ഇന്ദ്രനീലക്കല്ല് എന്നും ആകാം. നിന്‍റെ അടിസ്ഥാനം ഇടുകയും ചെയ്യും.
12ഞാൻ നിന്‍റെ താഴികക്കുടങ്ങളെ#54:12 താഴികക്കുടങ്ങളെ ഒരലങ്കാരപ്പണി. ക്ഷേത്രങ്ങളുടെയും മറ്റും മുകളില്‍ ചെയ്യുന്നത് (ഒരു താഴികയും അതിനുമുകളില്‍ ഒരു കുടവും കമഴ്ത്തിവച്ചതുപോലെയാണ് ഇതിന്‍റെ ആകൃതി, കുടത്തിനുമുകളില്‍ കൂര്‍ത്ത ഒരു സ്തൂപമുള്ള താഴികക്കുടങ്ങളുമുണ്ട്) പത്മരാഗംകൊണ്ടും
നിന്‍റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും
നിന്‍റെ അറ്റങ്ങളെയെല്ലാം മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
13നിന്‍റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും
നിന്‍റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
14നീതിയാൽ നീ സ്ഥിരമായി നില്ക്കും;
നീ പീഡനത്തോട് അകന്നിരിക്കും;
നിനക്കു ഭയപ്പെടുവാനില്ലല്ലോ;
ഭീഷണിയോടു നീ അകന്നിരിക്കും;
അത് നിന്നോട് അടുത്തുവരുകയില്ല.
15ഒരുത്തൻ നിന്നോട് കലഹം ഉണ്ടാക്കുന്നു
എങ്കിൽ അത് എന്‍റെ ഹിതപ്രകാരമല്ല;
ആരെങ്കിലും നിന്നോട് കലഹം ഉണ്ടാക്കിയാൽ
അവൻ നിന്‍റെ നിമിത്തം വീഴും.
16തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീർക്കുന്ന
കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു;
നശിപ്പിക്കുവാൻ സംഹാരകനെയും
ഞാൻ സൃഷ്ടിച്ചിരിക്കുന്നു.
17നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല;
ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും;
യഹോവയുടെ ദാസന്മാരുടെ അവകാശവും
എന്‍റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു”
എന്നു യഹോവ അരുളിച്ചെയ്യുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 54: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.