യെശ. 53
53
1ഞങ്ങൾ കേൾപ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു?
2അവൻ ഇളയ തൈപോലെയും
വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും
അവിടുത്തെ മുമ്പാകെ വളരും;
അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല;
കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.
3അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും
വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു;
അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവിധം
അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
4സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു;
നമ്മുടെ വേദനകളെ അവൻ ചുമന്നു;
നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും
ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും
നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു;
നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേൽ ആയി
അവന്‍റെ അടിപ്പിണരുകളാൽ#53:5 അടിപ്പിണരുകളാൽ മറ്റ് വിവർത്തനങ്ങളിൽ മുറിവുകൾ, ക്ഷതം എന്നും കാണാം. നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
6നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു;
നാം ഓരോരുത്തനും അവനവന്‍റെ വഴിക്കു തിരിഞ്ഞിരുന്നു;
എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം
അവന്‍റെമേൽ ചുമത്തി.
7തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും
അവൻ പീഡിപ്പിക്കപ്പെട്ടു;
കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും
രോമം കത്രിക്കുന്നവരുടെ മുമ്പാകെ
മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും
അവൻ വായ് തുറക്കാതെ ഇരുന്നു.
8അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു;
ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും
എന്‍റെ ജനത്തിന്‍റെ അതിക്രമംനിമിത്തം അവനു ദണ്ഡനം വന്നു എന്നും
അവന്‍റെ തലമുറയിൽ ആര്‍ വിചാരിച്ചു?
9അവൻ സാഹസം ഒന്നും ചെയ്യാതെയും
അവന്‍റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും
അവർ അവനു ദുഷ്ടന്മാരോടുകൂടി ശവക്കുഴി കൊടുത്തു;
അവന്‍റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടി ആയിരുന്നു.
10എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി;
അവിടുന്ന് അവനു കഷ്ടം വരുത്തി;
അവന്‍റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട്
അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും
യഹോവയുടെ ഇഷ്ടം അവന്‍റെ കയ്യാൽ സാധിക്കുകയും ചെയ്യും.
11അവൻ തന്‍റെ പ്രയത്നഫലം കണ്ടു തൃപ്തനാകും;
നീതിമാനായ എന്‍റെ ദാസൻ തന്‍റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും;
അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.
12അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും;
ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും;
അവൻ തന്‍റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും
അനേകം പേരുടെ പാപം വഹിച്ചും
അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട്
അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും ചെയ്യുകയാൽ തന്നെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 53: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.