സങ്കീർത്തനങ്ങൾ 60
60
സംഗീതപ്രമാണിക്ക്; സാക്ഷ്യസാരസം എന്ന രാഗത്തിൽ; അഭ്യസിപ്പിപ്പാനുള്ള ദാവീദിന്റെ ഒരു സ്വർണഗീതം. യോവാബ് മെസൊപ്പൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധം ചെയ്തു മടങ്ങിവന്നശേഷം ഉപ്പുതാഴ്‌വരയിൽ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമച്ചത്.
1ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു;
നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.
2നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു;
അതു കുലുങ്ങുകയാൽ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
3നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു;
പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
4സത്യംനിമിത്തം ഉയർത്തേണ്ടതിനു
നീ നിന്റെ ഭക്തന്മാർക്ക് ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
5നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു
നിന്റെ വലംകൈകൊണ്ടു രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ.
6ദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ട് ഞാൻ ആനന്ദിക്കും;
ഞാൻ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത്താഴ്‌വരയെ അളക്കും.
7ഗിലെയാദ് എനിക്കുള്ളത്;
മനശ്ശെയും എനിക്കുള്ളത്;
എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
8മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക;
എദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും;
ഫെലിസ്ത്യദേശമേ, നീ എന്റെ നിമിത്തം ജയഘോഷം കൊള്ളുക!
9ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആർ കൊണ്ടുപോകും?
എദോമിലേക്ക് എന്നെ ആർ വഴിനടത്തും?
10ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?
ദൈവമേ, നീ ഞങ്ങളുടെ
സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
11വൈരിയുടെ നേരേ ഞങ്ങൾക്കു സഹായം ചെയ്യേണമേ;
മനുഷ്യന്റെ സഹായം വ്യർഥമല്ലോ.
12ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;
അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 60: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.