സങ്കീർത്തനങ്ങൾ 143
143
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, എന്റെ പ്രാർഥന കേട്ട്,
എന്റെ യാചനകൾക്കു ചെവി തരേണമേ;
നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്ക് ഉത്തരമരുളേണമേ.
2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ;
ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.
3ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു;
അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു;
പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
4ആകയാൽ എന്റെ മനം എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു;
എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
5ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു;
നിന്റെ സകല പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു;
നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.
6ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലർത്തുന്നു;
വരണ്ട നിലംപോലെ എന്റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.
7യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്റെ ആത്മാവ് കാംക്ഷിക്കുന്നു.
ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ
നിന്റെ മുഖത്തെ എനിക്കു മറയ്ക്കരുതേ.
8രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ;
ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ;
ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ;
ഞാൻ എന്റെ ഉള്ളം നിങ്കലേക്ക് ഉയർത്തുന്നുവല്ലോ.
9യഹോവേ, എന്റെ ശത്രുക്കളുടെ
കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ;
നിന്റെ അടുക്കൽ ഞാൻ മറവിനായി വരുന്നു.
10നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ.
നീ എന്റെ ദൈവമാകുന്നുവല്ലോ;
നിന്റെ നല്ല ആത്മാവ് നേർനിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
11യഹോവേ, നിന്റെ നാമം നിമിത്തം എന്നെ ജീവിപ്പിക്കേണമേ;
നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ.
12നിന്റെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ;
എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെയൊക്കെയും നശിപ്പിക്കേണമേ;
ഞാൻ നിന്റെ ദാസൻ ആകുന്നുവല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 143: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.